ശബരിമല: കോടതി വിധി എന്തായാലും അംഗീകരിക്കും; വ്യക്​തത വരേണ്ടതുണ്ടെന്നും​ മുഖ്യമന്ത്രി

ശബരിമല യുവതി പ്രവേശനം സംബന്ധിച്ച്​ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്​ പുറപ്പെടുവിച്ച വിധിയിൽ വ്യക്​തത വരേണ്ടതുണ്ടെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. വിധി എന്തായാലും നടപ്പിലാക്കുമെന്നാണ് സർക്കാർ നിലപാടെന്നും, വിധിയിൽ വ്യക്തത വരുത്താനായി നിയമോപദേശം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോടതി വിധി വന്നാൽ അത് അതേ പടി അംഗീകരിക്കും. പുനപരിശോധനാ വിധികളിൽ തീര്‍പ്പാണോ അതോ ലിംഗ സമത്വം അടക്കം വിശാലമായ കാര്യങ്ങളാണോ ഏഴംഗ ബെഞ്ച് പരിഗണിക്കുക എന്നതിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. നിലവിലെ വിധിക്ക് സ്റ്റേ ഇല്ലെന്നാണ് മനസിലാക്കുന്നത്. ഇക്കാര്യങ്ങളിലെല്ലാം കൂടുതൽ വ്യക്തത വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധങ്ങളും പ്രകോപനങ്ങളും എല്ലാം അതിന്‍റെ വഴിക്ക് നടക്കും. വിധിയുടെ കാര്യത്തിൽ ഒരു തിടുക്കവും ഇല്ല. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ബാധിക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടും. ആശയക്കുഴപ്പം പരിശോധിച്ച ശേഷമേ തീരുമാനമെടുക്കുകയുള്ളു. അഞ്ചംഗങ്ങളില്‍ രണ്ടംഗങ്ങള്‍ വിയോജിച്ചു എന്നാണ് അറിയുന്നത്. അവരില്‍ ഒരാള്‍ കൂടെ ചേര്‍ന്നിരുന്നെങ്കില്‍ സ്ഥിതി മാറുമായിരുന്നുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.