ഫട്‌നാവീസിന്റേത് മുതലക്കണ്ണീര്‍; അധികാരം ഇപ്പോഴും ബിജെപിയുടെ കയ്യിൽ

മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് ശിവസേന. ഇതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സര്‍ക്കാറുണ്ടാക്കാന്‍ ആറു മാസം കൂടെ ലഭിച്ചു. മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവീസിന്റേത് മുതലക്കണ്ണീരാണെന്നും അധികാരം ഇപ്പോഴും പരോക്ഷമായി ബിജെപിയുടെ കൈകളിൽ തന്നെയാണെന്നും ശിവസേന ആരോപിച്ചു. ഞായറാഴച നടക്കാനിരിക്കുന്ന എൻഡിഎ യോ​ഗം ശിവസേന ബഹിഷ്ക്കരിച്ചതായും റിപ്പോർട്ടുകളുണ്ട്. സര്‍ക്കാര്‍ രൂപീകരണത്തിന് കൂടുതല്‍ സമയം അനുവദിക്കാതിരുന്ന ഗവര്‍ണറുടെ നടപടിയേയും ശിവസേന വിമര്‍ശിച്ചു. സാമ്‌നയിലെ മുഖപ്രസംഗത്തിലൂടെയാണ് ഗവര്‍ണറുടെ നടപടിക്കെതിരെ ശിവസേന രംഗത്തെത്തിയത്. ‘ഒരു അദൃശ്യ ശക്തി ഇതില്‍ ഇടപെട്ടിട്ടുണ്ടെന്നും അതിന്റെ നിയന്ത്രണങ്ങള്‍ക്കനുസരിച്ചാണ് തീരുമാനങ്ങള്‍ എടുത്തിട്ടുള്ളതെന്നും’- ശിവസേന ആരോപിക്കുന്നു. ബിജെപിക്ക് മൂന്ന് ദിവസം നൽകി ​ഗവർണർ സേനക്ക് 24 മണിക്കൂർ മാത്രമാണ് അനുവദിച്ചിരുന്നത്.

എന്നാൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ശിവസേനക്കെതിരെ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ രംഗത്തെത്തിയിരുന്നു. ഫട്‌നാവീസിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയപ്പോള്‍ ആരും എതിര്‍ത്തിരുന്നില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ” ശിവസേന-ബിജെപി സഖ്യം തെരഞ്ഞെടുക്കപ്പെട്ടാല്‍ ദേവേന്ദ്ര ഫട്‌നാവീസ് മുഖ്യമന്ത്രിയാകുമെന്നാണ് താനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പൊതു വേദികളില്‍ പറഞ്ഞിട്ടുള്ളതെന്ന്” അദ്ദേഹം പറഞ്ഞു. അതേസമയം അമിതാഷായ്ക്കെതിരെ കടുത്ത വിമർശനമാണ് സേന നേതാവ് സഞ്ജയ് റാവത്ത് നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇരു പാർട്ടികളും തമ്മിൽ ധാരണയായ അധികാര പങ്കാളിത്തത്തെക്കുറിച്ച് അമിത് ഷാ പറയുന്നത് കള്ളമാണെന്നാണ് അദ്ദേഹം പറഞ്ഞത്. “മുഖ്യമന്ത്രി പദം 2.5 വർഷം പങ്കിടണമെന്ന ശിവസേനയുടെ ആവശ്യത്തെക്കുറിച്ച് അമിഷാ പറയുന്നത് കള്ളമാണ്. ഈ പ്രശ്‌നത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇരുട്ടിൽ നിർത്തിയാണ് അമിത് ഷാ കളിക്കുന്നത്.”-റാവുത്ത് ആരോപിച്ചു.