മതേതരത്വത്തില്‍ പ്രതിബദ്ധത വേണം; ശിവസേനയ്ക്കു മുമ്പില്‍ പുതിയ ആവശ്യവുമായി കോണ്‍ഗ്രസ്

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കിടെ ശിവസേനയ്ക്ക് മുമ്പില്‍ പുതിയ ആവശ്യവുമായി കോണ്‍ഗ്രസ്. മതേതതര്വത്തില്‍ പ്രതിബദ്ധത കാണിക്കണമെന്ന ആവശ്യവുമായാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ രൂപവത്കരണത്തില്‍ സേനയെ പിന്തുണയ്ക്കാമെന്ന് പാര്‍ട്ടി വ്യക്തമാക്കി. തീവ്രഹിന്ദുത്വ നിലപാടുകള്‍ ശിവസേന ഉപേക്ഷിക്കണമെന്ന ആവശ്യമാണ് തത്വത്തില്‍ കോണ്‍ഗ്രസ് മുന്നോട്ടു വച്ചിട്ടുള്ളത്. ഇതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നവംബര്‍ 17ന് കോണ്‍ഗ്രസ്, എന്‍.സി.പി, ശിവസേനാ നേതാക്കള്‍ യോഗം ചേരുന്നുണ്ട്. മതേതരത്വത്തില്‍ മൂന്നു പാര്‍ട്ടികളും ഒരുമിച്ച് വാര്‍ത്താ സമ്മേളനം വിളിച്ചു കൂട്ടാനും പദ്ധതിയുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സേനയുമായുള്ള സഖ്യശ്രമങ്ങള്‍ക്ക് സോണിയ ഗാന്ധി തടസ്സം നിന്നപ്പോഴും ഇതേ കാര്യമാണ് അവര്‍ ഉന്നയിച്ചിരുന്നത്. ആശയപരമായി ഭിന്നധ്രുവത്തിലുള്ള പാര്‍ട്ടിയുമായി എങ്ങനെ സഖ്യമാകും എന്നതായിരുന്നു ചോദ്യം. പിന്നീട് മഹാരാഷ്ട്രയില്‍ നിന്നുള്ള എം.എല്‍.എമാരുടെയും നേതാക്കളുടെയും ഭീഷണിക്ക് വഴങ്ങി സോണിയ നിലപാട് മയപ്പെടുത്തുകയായിരുന്നു. അതിനിടെ, തീവ്രഹിന്ദുത്വവും ദക്ഷിണേന്ത്യന്‍ വിരുദ്ധ വികാരവും ആശയമായി കൈമുതലുള്ള സേന ഇതോട് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. അതിനിടെ, സര്‍ക്കാര്‍ രൂപവല്‍ക്കരണവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ്-ശിവസേന-എന്‍.സി.പി കൂടിക്കാഴ്ചകള്‍ തുടരുകയാണ്. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഭരണം മുമ്പോട്ടു പോകാനാണ് കക്ഷികളുടെ തീരുമാനം.