യു.എ.പി.എ; എന്‍.ഐ.എക്ക് പരവതാനി വിരിച്ചത് മുഖ്യമന്ത്രി

കോഴിക്കോട്: അലന്‍, താഹ എന്നിവര്‍ക്കെതിരെ പന്തീരങ്കാവ് പൊലീസ് യു.എ.പി.എ കേസ് ചുമത്തിയത് ഇപ്പോള്‍ ആയുധമാക്കുകയാണ് കോണ്‍ഗ്രസ്. സിപിഎമ്മിനെതിരെയുള്ള വജ്രായുധമാണ് ഈ കേസ് എന്നാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ വാദം.

കേസ് എന്‍.ഐ.എ ഏറ്റെടുത്തതിന് പിന്നാലെയാണ് സി.പി.എമ്മിനെതിരെ കോണ്‍ഗ്രസ് തിരിഞ്ഞിരിക്കുന്നത്. കേരള പൊലീസ് തോറ്റുപോയത് കൊണ്ടാണ് കേസ് ഇപ്പോള്‍ എന്‍.ഐ.എ സ്വീകരിച്ചിരിക്കുന്നത് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. യു.എ.പി.എ ചുമത്തിയതാണ് ഈ കേസ് എന്‍.ഐ.എക്ക് ഏറ്റെടുക്കേണ്ടി വന്നതെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദീഖ് ആരോപിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും എന്‍.ഐ.എക്കും കേരളത്തിലേക്ക് പച്ചപ്പരവതാനി വിരിച്ച് സ്വാഗതം ചെയ്തത് മുഖ്യമന്ത്രിയാണ്. പാര്‍ട്ടി നേതൃത്വത്തിന് കരിനിയമമായ യു.എ.പി.എ എങ്ങനെയാണ് മുഖ്യമന്ത്രിക്ക് വിശുദ്ധ നിയമമായതെന്നും സിദ്ധിഖ് ചോദിച്ചു.

ഈ കേസില്‍ യു.എ.പി.എ ചുമത്തിയതാണ് എന്‍.ഐ.എ കേസെറ്റെടുക്കാന്‍ പ്രധാന കാരണമെന്ന് കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. യു.എ.പി.എ ചുമത്തിയതിനാല്‍ ഈ കേസ് എന്‍.ഐ.എ നിയമത്തിന്റെ പരിധിയില്‍ ഉള്‍പെടുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വാദം. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അറിവില്ലാതെയാണ് കേസ് എന്‍.ഐ.എ ഏറ്റെടുത്തത് എന്ന് സിപിഎമ്മും വാദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആഭ്യന്തരമന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്.

നേരത്തെ യു.എ.പി.എ ചുമത്ത് അറസ്റ്റ് ചെയ്യപ്പെട്ട യുവാക്കളെ തള്ളി മുഖ്യമന്ത്രി തന്നെ രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ അതും കോണ്‍ഗ്രസ് ആയുധമാക്കുകയാണ്. മാത്രമല്ല പാര്‍ട്ടി പോലും യുവാക്കളെ കൈവിട്ട സാഹചര്യത്തില്‍ അലന്റെ രക്ഷിതാക്കളും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. ഈ വിഷയത്തില്‍ കോഴിക്കോട് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഇതെല്ലാം മുതലെടുത്ത് മുഖ്യമന്ത്രിക്കും സി.പി.എമ്മിനുമെതിരെ അക്രമം കടുപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.