സംഘികളുടെ പരാതിയില്‍ ദേശീയബോധമുറപ്പിക്കാന്‍ പിണറായിയുടെ പൊലീസ്
കരിനിയമങ്ങളെ എതിര്‍ത്തവര്‍ അധികാരത്തിലെത്തിയപ്പോള്‍ ചരിത്രം മറക്കുന്നു
വി.എസിന്റെ ഇടപെടല്‍ അല്‍പമെങ്കിലും പ്രത്യാശ നല്‍കുന്നത്
-പി.എ. സക്കീര്‍ ഹുസൈന്‍-
തിരുവനന്തപുരം: ഇരട്ടച്ചങ്കന്‍ എന്നൊക്കെയുള്ള വിശേഷണത്തോടെ അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ ഇടത് ഭരണത്തിന്റെ അന്തകനാകുമോ. ഏകാധിപതിയെപ്പോലെ പെരുമാറുന്ന മുഖ്യമന്ത്രിയും മൈക്കിനുമുന്നില്‍ മാത്രം ഷണ്ഡീകരിക്കപ്പെട്ട വിപ്ലവവായാടിത്തം നടത്താന്‍ വിധിക്കപ്പെട്ട പാര്‍ട്ടി സെക്രട്ടറിയും ചേരുന്നതാണ് സംസ്ഥാന സര്‍ക്കാരും കേരളത്തിലെ സി.പി.എമ്മും.
മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും അപ്പുറത്തേക്ക് മന്ത്രിമാരോ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളോ ജില്ലാ, എരിയാ, ബ്രാഞ്ച് സെക്രട്ടറിമാരോ മനുഷ്യരെന്ന നിലയില്‍പ്പോലും പരിഗണിക്കപ്പെടാതെ പോകുന്നതരത്തിലുള്ള ഭരണമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നാണ് ആറുമാസത്തെ ചരിത്രം വ്യക്തമാക്കുന്നത്.
കരി നിയമങ്ങള്‍ക്കും വധശിക്ഷയ്ക്കും എക്കലവും എതിരായിരുന്ന ഇടതുപക്ഷം, അധികാരത്തിലേറിയതോടെ ഇത്തരം ഫാസിസ്റ്റ് നടപടികളുടെ അപ്പോസ്തലന്‍മാരും പ്രചാരകരുമായി മാറിയതിന്റെ ഞെട്ടലിലാണ് പൊതുസമൂഹത്തേക്കളുപരി സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഒത്താശയോ പിന്തുണയോ ഇല്ലാതെ കേരളം പൊലീസ് സ്റ്റേറ്റ് എന്ന ഭീതിജനകമായ അവസ്ഥയിലേക്ക് പോകില്ലെന്നുറപ്പാണ്.
ഹിന്ദുത്വത്തിന് പുറമെ തീവ്ര ദേശീയത കൂടി ഏറ്റെടുക്കാനുള്ള സംഘപരിവാറുകാരുടെ നീക്കത്തെ കേരളത്തിലെ ഇടതു നേതാക്കല്‍ ശക്തമായി പിന്തുണച്ചത് ഇടതു ബുദ്ധിജിവികളെയൊന്നാകെ ഞെട്ടിച്ചെന്നതില്‍ തര്‍ക്കമില്ല. രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദിയില്‍ ദേശീയഗാനാപാപനത്തിന് എഴുന്നേറ്റ് നില്‍ക്കാത്തവരെ പൊലീസ് തെരഞ്ഞുപിടിച്ച് ജയിലിലിടച്ചപ്പോള്‍, പരാതി നല്‍കിയത് സംഘപരിവാറുകാരും നടപടിയെടുത്തത് പിണറായിയുടെ പൊലീസുമായിരുന്നു.
രാജനും വര്‍ഗീസും ഉള്‍പ്പെടെയുള്ള വിപ്ലവകാരികളുടെ രക്തത്തില്‍നിന്നാണ് പണ്ടുകാലങ്ങളില്‍ സി.പി.എം ഊര്‍ജം ഉള്‍ക്കൊണ്ടിരുന്നതെങ്കില്‍ ഇന്ന് പിണറായിയുടെ പൊലീസ് ചെറുത്ത്നില്‍പ്പിന് പോലും അവസരമൊരുക്കാതെയാണ് നിലമ്പൂരിലെ കാട്ടിനുള്ളില്‍ രണ്ട് മനുഷ്യജീവനുകള്‍ക്കുനേരെ വെടിയുതിര്‍ത്ത് രസിച്ചത്. രാജന്റെ പിതാവായിരുന്ന ഇച്ചരവാര്യരെന്ന വയോധികന്റെ കണ്ണുനീരില്‍ കെ. കരുണാകരനെന്ന ഏകാധിപതിയും ക്രൂരനുമായ ഭരണാധികാരിയെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് വേരോട്ടമുണ്ടാക്കിയ പാര്‍ട്ടിയായ സി.പി.എം നിലമ്പൂര്‍ സംഭവത്തോടെ ചരിത്രത്തിലെ കറുത്ത ഫലിതമായിരിക്കുകയാണ്.
ആവിഷ്‌ക്കാര സ്വാതന്ത്രത്തിന് കൂച്ചുവിലങ്ങിടുന്ന ഭരണകൂട നടപടിക്കിരകളായ എം.എഫ് ഹുസൈന്‍, യു.ആര്‍ അനന്ദമൂര്‍ത്തി, തസ്ലീമ നസ്രീന്‍, ഗുലാം അലി എന്നിവര്‍ക്ക് പിന്തുണ നല്‍കിയ ഇടതുപക്ഷം അതേ കൈകള്‍കൊണ്ട് അവിഷ്‌കാരസ്വാതന്ത്ര്യത്തിന് ഉദകക്രിയ നടത്തുകയാണ്.

ദേശീയഗാനത്തെ തന്റെ നോവലിലൂടെ അവഹേളിച്ചെന്ന കുറ്റം ചുമത്തി കമല്‍സി ചവറയെന്ന എഴുത്തുകാരന്റെ നടുവൊടിച്ച് കല്‍ത്തുറങ്കിലടച്ചത് പിണറായി വിജയനെന്ന ഇരട്ടച്ചങ്കന്റെ പൊലീസാണെന്നത് സാംസ്‌കാരിക കേരളത്തിന്റെയും ഇടതു ബുദ്ധിജീവികളുടെയും മുഖത്തേറ്റ കനത്ത പ്രഹരമായി. കമല്‍സിയെ സഹായിക്കാനെത്തിയ നദിയെന്ന ചെറുപ്പക്കാരനെ പിന്തുടര്‍ന്ന് പിടികൂടി യു.എ.പി.എ എന്ന കരിനിയമം ചുമത്തി ജയിലിലടച്ചതും ഇതേ ഇടത് പൊലീസ് തന്നെ.
ഫോര്‍ട്ട് കൊച്ചി കടപ്പുറത്ത് കുടുംബത്തോടൊപ്പം വിശ്രമിക്കാനെത്തിയ സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിക്കും സുഹൃത്തിനുമുണ്ടായ അനുഭവം സാധാരണക്കാരെപ്പോയും ഭയചകിതരാക്കുന്നതാണ്. പനേപ്പിള്ളി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും മട്ടാഞ്ചേരി സ്വദേശിയുമായ സനീഷ്, ഭാര്യ ഷാമില, ആസിഫ്, ഭാര്യ ആഷിത ഇവരുടെ ഒരു വയസ്സുള്ള മകന്‍ റയാന്‍ എന്നിവരാണ് പൊലീസിന്റെ ഗുണ്ടായിസത്തിന് ഇരയായത്. സംഭവം പുറത്തായതോടെ എസ്‌ഐയെ പിണറായി സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ സസ്‌പെന്‍ഷനെ ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന സിനിമയിലെ പരാമര്‍ശത്തെ ഉദ്ധരിച്ച് പരിഹസിച്ചത് സ്വന്തം പാര്‍ട്ടി ഭരണത്തിന് കീഴില്‍ സഖാക്കള്‍ക്കേറ്റ അടിയായി.
വെല്‍ഫെയര്‍ സ്റ്റേറ്റെന്ന ഉദാത്തമായ സ്വപ്നം കാണാന്‍ ഇന്ത്യഭരണഘടന പൗരന്‍മാരെ അനുവദിക്കുമ്പോള്‍ പൊലീസ് സ്റ്റേറ്റെന്ന ഭീതിതമായ അവസ്ഥയിലേക്കാണ് വളഞ്ഞവഴിയിലൂടെ അധികാരക്കസേരയിലെത്തിയ ഇരട്ടച്ചങ്കന്‍ മുഖ്യമന്ത്രി കേരളത്തെ എത്തിച്ചിരിക്കുന്നത്. യു.ഡി.എഫ് ഭരണകാലത്ത് കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന ഇടത് ബുദ്ധിജീവികളും സാംസ്‌കാരിക പ്രവര്‍ത്തകരും അടിയന്തരാവസ്ഥയേക്കാല്‍ ഭീതിതമായ ഈ കാലഘട്ടത്തില്‍ കുറ്റകരമായ മൗനമാണ് തുടരുന്നത്.
വിഷയത്തില്‍ അല്‍പമെങ്കിലും ഇടപെടാന്‍ നെഞ്ചുറപ്പ് കാട്ടുകയും വന്ധ്യംകരണത്തിന് വിധേയരായ പാര്‍ട്ടിയിലെ വിപ്ലവ വില്ലാളി വീരന്‍മാര്‍ക്ക് മുന്നില്‍ കമ്മ്യൂണിസ്റ്റ്കാരനെന്ന മാതൃക കാട്ടുകയും ചെയ്തത് കേരളത്തിന്റെ കാസ്ട്രോ ആയ വി.എസ് അച്യുതാനന്ദന്‍ മാത്രമാണ്. പാവപ്പെട്ടവന്റെ ജീവിതം ഭീതിയിലാഴ്ത്തിയാകരുത് പൊലീസിന്റെ മനോവീര്യം സംരക്ഷിക്കേണ്ടതെന്ന അദ്ദേഹത്തിന്റെ മുന്നറിയിപ്പ് കെട്ട കലാത്തിനെതിരെ പൊരുതാന്‍ സാംസ്‌കാരിക ബുദ്ധിജീവികള്‍ക്കും സഖാക്കള്‍ക്കും ഊര്‍ജമാകുമെന്ന് കരുതാം.

 
            


























 
				
















