മയക്കുമരുന്ന് വേട്ടയുടെ പേരില്‍ യുവാവിന് പോലീസിന്റെ ഭീകര പീഡനം

ചെയ്യാത്ത കുറ്റത്തിന് എട്ടുമാസം ജയില്‍ ശിക്ഷയും ക്രൂരമര്‍ദ്ദനവും

മയക്കുമരുന്ന് എന്ന് പ്രചരിപ്പിച്ചത് അരിപ്പൊടി; ഫോറന്‍സിക് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം തെളിഞ്ഞത്

പോലീസിന്റെ ക്രൂരമര്‍ദ്ദനം കാരണം യുവാവിന് തൊഴിലെടുത്ത് ജീവിക്കാന്‍ ആകാത്ത അവസ്ഥ; ഇപ്പോഴും ചികിത്സ തുടരുന്നു

-ദി വൈഫൈ റിപ്പോര്‍ട്ടര്‍ ഡെസ്ക്-

തമിഴ്‌നാട് സ്വദേശിയായ മുകേഷ് എന്ന് വിളിക്കുന്ന മുജീബ് മയക്കുമരുന്ന് കൈവശം വെച്ചു എന്നുപറഞ്ഞ് മൂന്നരവര്‍ഷം മുമ്പ് കൊല്ലം പോലീസ് ഈ യുവാവിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. കൊടീന്‍ എന്ന മയക്കുമരുന്ന കൈവശം വെച്ച് വിതരണം ചെയ്‌തെന്നായിരുന്നു പോലീസിന്റെ ആരോപണം. കസ്റ്റഡയിലെടുത്ത മുകേഷിന് പോലീസ് അതിഭീകരമായി മൂന്നാംമുറ പ്രയോഗിച്ചു. ശരീരം തളര്‍ന്ന യുവാവ് ഇപ്പോഴും ചികിത്സയിലാണ്. മയക്കുമരുന്ന് കേസില്‍ എട്ടുമാസം ജയില്‍ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങിയ യുവാവിന് ആരോഗ്യം ഇനിയും വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. കാക്കിക്കുള്ളിലെ ഈ ക്രൂരതയുടെ കഥ വെളിയില്‍ കൊണ്ടുവന്നത് ഏഷ്യനെറ്റ് ന്യൂസാണ്.

വളരെ കോളിളക്കം സൃഷ്ടിച്ച ഈ മയക്കുമരുന്ന് കേസില്‍ തുടരന്വേഷണം നടത്തിയ കൊല്ലം ക്രൈംബ്രാഞ്ച് യൂണിറ്റ് പോലീസ് കോടതിയില്‍ ഹാജരാക്കിയ മയക്കുമരുന്ന് പൊതി ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. തിരുവനന്തപുരം, ഹൈദരബാദ് എന്നിവിടങ്ങളിലെ ലാബുകളില്‍ നിന്ന് ലഭിച്ച പരിശോധനാഫലം ഒന്നായിരുന്നു. അതായത്, മയക്കുമരുന്ന് പൊടി എന്ന് പോലീസ് കൊട്ടിഘോഷിച്ചത് വെറും അരിപ്പൊടിയാണെന്നയിരുന്നു പരിശോധനാ ഫലം. മുജീബ് എന്ന മയക്കുമരുന്ന് കച്ചവടക്കാരന്‍ ആണെന്ന് തെറ്റിദ്ധരിച്ചാണ് ബനിയന്‍ കച്ചവടക്കാരനായ മുകേഷിനെ പോലീസ് പിടിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

ഫോറന്‍സിക് പരിശോധനാ ഫലം
ഫോറന്‍സിക് പരിശോധനാ ഫലം

പിടികൂടിയ പ്രതി നിരപരാധിയാണെന്ന് അറിഞ്ഞിട്ടുപോലും വ്യാജ കഥയുണ്ടാക്കി അതിക്രൂരമായി മര്‍ദ്ദിച്ച എസ്.ഐ ഗോപകുമാറിനെതിരെ വകുപ്പുതല നടപടിക്ക് ക്രൈംബ്രാഞ്ച് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ലോകം എത്ര പുരോഗമിച്ചാലും പോലീസിന്റെ മനോഭാവങ്ങളില്‍ മാറ്റമില്ലെന്നാണ് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നത്.

കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഒരു കുടുംബത്തിന്റെ ഏക അത്താണിയായ ഈ ചെറുപ്പക്കാരന് ഒരു ജോലിക്ക് പോകാനോ പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാനോ ആവാത്തവിധം ശാരീരികമായി ദുര്‍ബ്ബലനാണ്.

ആന്തരികാവയവങ്ങളുടെ തകര്‍ച്ചയ്ക്ക് പുറമെ നട്ടെല്ലിനും തലയ്ക്കും ഗുരുതരമായ പരിക്കേറ്റതുകൊണ്ട് തൊഴില്‍ ചെയ്ത് ജീവിക്കാന്‍ ആകില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനം നടത്തിയ ഈ പോലീസ് ഉദ്യോഗസ്ഥന്‍ ഇപ്പോഴും സര്‍വ്വീസില്‍ തുടരുകയാണ്.