അയാൾ (കഥ ) ഡോ.എസ്.രമ

മ്പാർട്ട്മെന്റിൽ അന്ന് പതിവിലുമേറെ തിരക്കായിരുന്നു.നിവർന്നൊന്ന് നിൽക്കാൻ ഏറെ പ്രയാസപ്പെട്ടു. തീവണ്ടി 2 സ്റ്റേഷനുകൾ പിന്നിട്ടിട്ടും തിരക്ക് കുറയുന്ന ലക്ഷണമില്ല. അയാളിൽ നിന്നൊരു ദീർഘനിശ്വാസം ഉയർന്നു. തൊട്ടടുത്ത്നിന്ന ഭിക്ഷക്കാരന്റെ അഴുക്കു പുരണ്ട വസ്ത്രങ്ങൾ സ്വന്തം ശരീരത്തിൽ സ്പർശിക്കാതിരിക്കാൻ നടത്തിയ ശ്രമങ്ങൾ ഇടയ്ക്കെങ്കിലും വിഫലമായപ്പോൾ അയാൾക്ക് തെല്ല് കുണ്ഠിതം തോന്നി.

അയാൾ….
അയാളൊരു ഹയർസെക്കൻഡറി അധ്യാപകനായിരുന്നു. ഇനിയൊരു നാല് സ്റ്റേഷൻ കഴിഞ്ഞു വേണം അയാൾക്ക് ഇറങ്ങേണ്ടത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് നടന്നെത്താവുന്ന ദൂരത്താണ് സ്കൂൾ . അയാൾക്ക് ആ സ്കൂളിലേക്ക് മാറ്റം കിട്ടിയിട്ട് ഏതാണ്ട് നാല് മാസമേ ആയിട്ടുള്ളൂ.

തീവണ്ടിയുടെ വേഗം കുറഞ്ഞു . അടുത്ത സ്റ്റേഷൻ എത്താറായിട്ടുണ്ടാകുമെന്നയാൾ അനുമാനിച്ചു. സൈഡ് സീറ്റിലിരുന്ന സ്ത്രീ എഴുന്നേൽക്കാനുള്ള ശ്രമത്തിലാണ്. ഇരിപ്പിടം തനിക്ക് സ്വന്തമാക്കണം എന്ന ലക്ഷ്യത്തോടെ അയാൾ സീറ്റിനോടു ചേർന്നു നിന്നു. അപ്പോൾ അയാളുടെ മനസ്സിൽ ഇരിക്കണം എന്ന് ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭാഗ്യം സീറ്റ് കിട്ടി.

“ഹാവൂ ” അയാൾ ആശ്വസിച്ചു

നെടുവീർപ്പിനൊടുവിലാണ് ചുറ്റുമിരുന്നവരെ ശ്രദ്ധിച്ചത്. സൈഡ് സീറ്റിൽ ഇരിക്കുന്ന മധ്യവയസ്ക്കൻ എന്തോ ഗഹനമായി ആലോചിക്കുന്നു. തോളിൽ ചാരി കിടക്കുന്ന സ്ത്രീ ഭാര്യ ആയിരിക്കുമെന്നൂഹിച്ചു. തൊട്ടടുത്തിരിക്കുന്ന ചെറുപ്പക്കാരൻ മൊബൈലിൽ കണ്ണുനട്ട് പരിസരം മറന്നിരിക്കുന്നു.
എതിർവശത്ത് ഇരിക്കുന്ന കൗമാരക്കാരിയുടെ ചുണ്ടുകളുടെ ചലനത്തിൽ നിന്ന് ഇയർഫോണിൽ ആരോടോ സംസാരിക്കുകയാണെന്ന് അയാൾ മനസിലാക്കി.
തൊട്ടടുത്തിരിക്കുന്ന ചെറിയ കുട്ടിയുടെ കയ്യിലും ഉണ്ട് മൊബൈൽ… അയാളുടെ എതിർവശത്ത് ഇരിക്കുന്ന വൃദ്ധൻ പത്രപാരായണത്തിലാണ്.

” ചായ.. ചായ” വിരസത ഒഴിവാക്കാൻ ചായക്കാരന്റെ കൈയിൽനിന്ന് ഒരു ചായ വാങ്ങി കുടിച്ച് അയാൾ പുറത്തേക്ക് നോക്കി.. വണ്ടിയുടെ വേഗം വീണ്ടും കുറയുന്നു. അടുത്ത ദൃശ്യത്തിൽ.. അയാളുടെ മനസ്സ് ഒന്നുലഞ്ഞു.

അതെ… കുറച്ചുദിവസം മുമ്പ് ഒരു ഭ്രാന്തനെപ്പോലെ താനി റങ്ങിയ ആ സ്ഥലം തന്നെ. രണ്ടാഴ്ചക്ക് മുന്നേയൊരു ദിവസം…
യാത്രയിൽ തീവണ്ടിയുടെ വേഗം കുറഞ്ഞപ്പോൾ അയാൾ കണ്ടു.. വഴിയോരത്ത് ആരോ ഉപേക്ഷിച്ചിരുന്ന ഭക്ഷണപദാർത്ഥങ്ങൾ ചികയുന്ന ഒരു അമ്മയും കുഞ്ഞും. ദാരിദ്ര്യം ചവച്ചുതുപ്പിയ ആ രൂപങ്ങളുടെ ചിത്രം മനസ്സിൽ തട്ടിയതിലുപരി മൊബൈൽഫോണിൽ പകർത്തുകയെന്നതായിരുന്നു അയാളുടെ ലക്ഷ്യം. സ്റ്റാറ്റസ് ആക്കുമ്പോൾ കിട്ടുന്ന പ്രതികരണങ്ങൾ.. ഓർത്തപ്പോൾ പരിസരം മറന്നു.. . പെട്ടെന്ന്… പെട്ടെന്നാണ് ഫോൺ കയ്യിൽ നിന്ന് തെറിച്ചു പോയത് . എന്ത് ചെയ്യണമെന്നറിയാതെ അയാൾ ഞെട്ടി ത്തരിച്ചു … ഇരുപതിനായിരം രൂപ വിലയുള്ള ഫോണാണ്. പണത്തിലുപരി
അയാളിൽ നിന്ന് അയാളെ നഷ്ടപ്പെട്ട നിമിഷമായിരുന്നു അത്. ചുറ്റുമുള്ള ലോകം എത്രയോ അപരിചിതമാ ണെന്ന് അയാളറിഞ്ഞു..

ആകെ തളർന്നു പോയി. “അടുത്ത സ്റ്റേഷനിൽ ഇറങ്ങി ഫോൺ തിരയണം.മറ്റാരുടെയെങ്കിലും ഫോണിൽ നിന്ന് സ്കൂളിൽ വിവരം അറിയിക്കണം…. ”
അപ്പോഴാണയാൾ തിരിച്ചറിഞ്ഞത്. അയാൾ ക്കാരുടെയും നമ്പർ ഓർക്കാനാകുന്നില്ല. അടുത്ത സ്റ്റേഷനിൽ സമൂഹ മാധ്യമത്തി ൽ കൂടി അയാൾ പരിചയപ്പെട്ട ഏറ്റവും പുതിയ പെൺസുഹൃത്ത് കാത്തുനിൽക്കുന്നുണ്ട്. അയാളുടെ സ്കൂളിനടുത്ത് തന്നെ റവന്യൂ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന സ്ത്രീ. ആരുടെ നമ്പരും അയാൾക്ക് ഓർക്കാനാകുന്നില്ല.
തീവണ്ടിയുടെ വേഗം കുറഞ്ഞ സമയം.. അയാൾ ചാടിയിറങ്ങി. മെറ്റൽ കൂനയിൽ തട്ടി വസ്ത്രം കീറിയതും ദേഹം മുറിഞ്ഞതുമൊന്നുമയാൾ അറിയുന്നുണ്ടായിരുന്നില്ല. ഓർമ്മകളെ ഒളിപ്പിച്ച ആ ഫോൺ..അത് മാത്രമേ അപ്പോൾ അയാളുടെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. യൂസർ ഐഡികൾ, പാസ്‌വേഡുകൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ അങ്ങനെ എത്രയെത്ര വിവരങ്ങളടങ്ങിയ ഫോണാണ് നഷ്ടപ്പെട്ടിരിക്കുന്നത്. എല്ലാത്തിനുമുപരി അയാളുടെ മാത്രമായ സ്വകാര്യ സംഭാഷണങ്ങൾ, നിർണ്ണായക സന്ദേശങ്ങൾ , ദൃശ്യങ്ങൾ, വീഡിയോകൾ…. ഫോൺ ആരുടെയെങ്കിലും കയ്യിൽ കിട്ടിയാൽ… ആലോചിച്ചപ്പോൾ അയാൾക്ക് ഭ്രാന്ത് പിടിക്കുന്നതുപോലെ തോന്നി.

കാരണം എത്രയോ മാന്യനായ ഒരു അധ്യാപകൻ ആണ് അയാൾ. നാട്ടുകാരെ കൊണ്ടും സഹപ്രവർത്തകരെ കൊണ്ടും ഇന്നുവരെ ഒരു ചീത്തപ്പേര് പോലും കേൾപ്പിക്കാത്ത കറപുരളാത്ത വ്യക്തിത്വത്തിന് ഉടമ.സ്വകാര്യനിമിഷങ്ങളിൽ അയാൾക്ക് മറ്റൊരു മുഖമുണ്ടെന്നറിയുന്ന ഫോണാണ് കൈമോശം വന്നിരിക്കുന്നത് . തൊട്ടടുത്ത സ്റ്റേഷനിൽ നിന്നും കയറിയ പെൺസുഹൃത്ത് വീണ്ടും വീണ്ടും വിളിച്ചുകൊണ്ടിരിക്കുമെന്നാ ലോചിച്ചപ്പോൾ എന്തുചെയ്യണമെന്നറിയാതെ യയാൾ കുഴങ്ങി. ഭാര്യ വിളിക്കില്ലെന്നയാൾ ക്കറിയാം. അത്ര അത്യാവശ്യമൊന്നുമില്ലാതെ യാത്രയിൽ ശല്യപ്പെടുത്തരുതെന്ന് അയാൾ അവളോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്.

സമയം ഏതാണ്ട് പതിനൊന്ന് മണിയായി. വെയിലിന് നല്ല ചൂട്. അയാൾ തിരച്ചിൽ തുടർന്നുകൊണ്ടിരുന്നു. തൊട്ടടുത്തു കൂടി കടന്നുപോകുന്ന ട്രെയിനുകളിലെ യാത്രക്കാർ സാകൂതം വീക്ഷിക്കുന്നതൊന്നുമയാൾ ശ്രദ്ധിച്ചതേയില്ല. ബംഗാളികളാ ണെന്ന് തോന്നുന്നു…. ട്രാക്കില് പണിയെടുക്കുന്ന കുറെ പേരെ അയാൾ കണ്ടു.
“ഫോൺ ഇവരുടെയെങ്ങാനും കയ്യിൽ കിട്ടിയാൽ” ഹൃദയം വല്ലാതെ മിടിക്കുന്നത് അയാളറിഞ്ഞു. വെറുതെയാണെങ്കിലും അയാൾ ചോദിച്ചു.
” ഭായ്.. ഒരു ഫോൺ ട്രാക്കിൽ വീണ് നഷ്ടപ്പെട്ടുപോയി.. കണ്ടിരുന്നുവോ? ”
“നഹിം ഭായ്”
ഹിന്ദിയിൽ മറുപടിയും കിട്ടി.
അവർ ശ്രദ്ധിക്കാതെ ജോലി തുടർന്നുകൊണ്ടിരുന്നു.. അത്ര ഈശ്വര വിശ്വാസം ഒന്നുമില്ലാതിരുന്ന അയാൾ അറിയാവുന്ന അമ്പലങ്ങളിലൊക്കെ നേർച്ച പറഞ്ഞു മുന്നോട്ടു നടന്നു. ഒടുവിൽ അയാൾ കണ്ടു. രണ്ടു ട്രാക്ക് കൾക്കിടയിലെ മെറ്റൽ കൂനകൾക്കിടയിൽ അയാളുടെ ഫോൺ കമിഴ്ന്നു കിടക്കുന്നു. സന്തോഷത്തിന് അതിരില്ലായിരുന്നു. അയാൾക്ക് അയാളെ തിരിച്ചു കിട്ടിയ നിമിഷം….
സ്ക്രീൻ വല്ലാതെ പൊട്ടിയിരുന്നു. സ്വിച്ച് ഓഫ് ആയി പോയ ഫോൺ. അയാൾ ഓൺ ചെയ്തു. എണ്ണമില്ലാത്ത മിസ്ഡ് കോളുകൾ. കൂടുതലും അയാളുടെ പുതിയ സുഹൃത്തിന്റെയായിരുന്നു.
പെട്ടെന്ന് കോൾ വന്നു. അവളുടെ തന്നെയാണ്.
“ഡാ.. നീ എവിടെയാണ് ഞാൻ എത്ര വിളിച്ചു എന്നറിയാമോ?”
“ഒക്കെ പിന്നെ പറയാം എന്റെ ഫോൺ നഷ്ടപ്പെട്ടു… ഇപ്പോഴാണ് തിരിച്ചുകിട്ടിയത്”
അയാൾ പറഞ്ഞു.
പെട്ടെന്ന് തന്നെ സ്കൂളിലേക്ക് വിളിച്ചു വിവരമറിയിച്ചു. തൊണ്ട വരളുന്നതറിഞ്ഞത് അപ്പോഴാണ്. അടുത്ത് കണ്ട ഒരു വീട്ടിൽ കയറി.. കുറച്ചു വെള്ളം വാങ്ങി കുടിച്ചു. ബസ്റ്റോപ്പിലേക്കുള്ള വഴി ചോദിച്ചു.. അയാൾ നടന്നു.ബസ്സിലിരുന്നു ആവശ്യമില്ലാത്ത സന്ദേശങ്ങളും ഫയലുകളും അയാൾ ഡിലീറ്റ് ചെയ്തുകൊണ്ടേയിരുന്നു.

വൈകിട്ട് വീട്ടിൽ എത്തി… ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങൾ നോട്ട് ബുക്കിലേക്ക് പകർത്തി വച്ചു. ഓർമ്മകളെ ഇത്രമേൽ കൈവശപ്പെടുത്താൻ മൊബൈൽ ഫോണിനെ അനുവദിക്കുകയില്ലെന്ന് അയാൾ ദൃഢനിശ്ചയം എടുത്തത് അന്നാണ്. മക്കളെ മതിയാവോളം ഓമനിക്കാൻ സമയമുണ്ടെന്ന് അയാളറിഞ്ഞു.. മുറ്റത്തെ മുല്ല വെള്ളമില്ലാതെ ഉണങ്ങിയതും അടുക്കളയിൽ ജോലി ചെയ്യുന്ന ഭാര്യ ക്ഷീണിതയാണെന്നറിഞ്ഞതും അന്ന് മുതലാണ്. സ്വിച്ച് ഓഫ്‌ ചെയ്ത ഫോൺ അപ്പോൾ ശബ്ദിച്ചതേയില്ല… വണ്ടിയുടെ വേഗം വീണ്ടും കുറയുന്നത് അയാൾ അറിഞ്ഞു. തനിക്ക് ഇറങ്ങാൻ ഉള്ള സ്ഥലം ആയിരിക്കുന്നു. സമയം ഏതാണ്ട് 9 30 ആകുന്നതേയുള്ളൂ. മെല്ലെ അയാൾ വണ്ടി ഇറങ്ങി സ്കൂളിലേക്ക് നടന്നു.അപ്പോൾ അയാളുടെ കൂടെ ആരും ഉണ്ടായിരുന്നില്ല.

ഡോ.എസ്.രമ