ന്യായീകരണത്തിൻ്റെ പുതുവഴികൾ

റോയ് മാത്യു
പ്രളയ ദുരിതാശ്വാസ ഫണ്ട് അമുക്കിയ സഖാക്കളെ വെള്ള പൂശാൻ സോഫ്ട് വെയറിൻ്റെ തന്തക്ക് വിളിക്കുന്നു. ദേശാഭിമാനിയുടെ പുതിയ കണ്ടുപിടിത്തം –
കേരള സർവ്വകലാശാലയിൽ നിന്ന് എസ് എഫ് ഐ ക്രിമിനലുകളായ നസിമും ശിവരഞ്ജിത്തും മാർക്ക് ലിസ്റ്റും സർട്ടിഫിക്കേറ്റും അടിച്ചു മാറ്റിയപ്പോഴും സോഫ്ട് വെയറിനെയാണ് സി പി എം തെറി വിളിച്ചത്.
എറണാകുളം കലക്ടറേറ്റിലെ ‘പരിഹാരം സെല്ലി’ലെ ഒരു സംഘം ഉദ്യോഗസ്ഥരും സിപിഎം നേതാക്കളും ചേർന്ന് നടത്തിയ തീവെട്ടി കൊളളയെ ന്യായീകരിക്കാൻ കണ്ടെത്തിയ ന്യായം വിചിത്രം തന്നെ! ഇതേ സോഫ്റ്റ് വെയറാണ് മറ്റ് ജില്ലകളിലും ഉപയോഗിക്കുന്നത്. അമേരിക്കൻ സാമ്രാജ്യത്വമാണ് തട്ടിപ്പിന് ഒത്താശ ചെയ്തതെന്ന് അങ്ങ് പറഞ്ഞാൽ പോരെ.? എന്തിനാ നിങ്ങളി സോഫ്റ്റ് വെയറിനെ മാത്രം പുളിച്ച തെറി വിളിക്കുന്നത്?

പ്രളയ ദുരിതാശ്വാസത്തിലെ തട്ടിപ്പ് പുറത്തുകൊണ്ടു വന്ന വിവരാവകാശ പ്രവര്‍ത്തകനായ ഗിരീഷ് ബാബു ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് സഹകരണ വകുപ്പ് മന്ത്രിക്ക് പരാതി നല്‍കി. തട്ടിപ്പിന് കൂട്ടുനിന്ന ബാങ്ക് ഉദ്യോഗസ്ഥരുടെയും സിപിഎം നേതാക്കളുടെയും പേരില്‍ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം – ഇപ്പോൾ പിടികൂടിയ മൂന്ന് നാല് പേരിൽ അന്വേഷണം ഒതുക്കി സംഭവം ചുരുട്ടി കെട്ടാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ തട്ടിപ്പ് മറ്റ് ജില്ല കളിലേക്കും വ്യാപിച്ചിട്ടുണ്ടോ എന്ന് പോലും സംശയിക്കുന്നുണ്ട്. എറണാകുളത്ത് പ്രളയ ദുരിതാശ്വാസത്തിനായി നൽകിയ എട്ടു കോടിയിൽ നിന്ന് രണ്ടു കോടി സഖാക്കളും ഉദ്യോഗസ്ഥരും ചേർന്ന് മുക്കിയെന്നാണ് കേൾക്കുന്നത്.

സിപിഎം ഭരിക്കുന്ന അയ്യനാട് സഹകരണ ബാങ്ക് ഭരണസമിതിയുടെ റോളിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിയാൽ തട്ടിപ്പിൻ്റെ വ്യാപ്തി മനസിലാക്കാനാവും… ഇത്ര മാരകമായ തട്ടിപ്പ് നടത്തിയ കലക്ടറേറ്റ് ജീവനക്കാരൻ വിഷ്ണു പ്രസാദിനെ സംരക്ഷിക്കുന്നതും എൻ ജി ഒ യൂണിയനാണ് – യൂണിയൻ അഴിമതിക്കെതിരെ ഒരേ പോരാട്ടമാണെന്നാണ് എന്നും തള്ളി മറിക്കുന്നത്. അഴിമതിയുടെ കാര്യത്തിൽ സർക്കാരാപ്പീസിലെ ഭരണ- പ്രതിപക്ഷ യൂണിയൻ കാരെല്ലാം ഒരമ്മ പെറ്റ മക്കളാണ്.
കക്കുക, മുക്കുക, പിരിക്കുക എന്ന ആപ്ത വാക്യത്തിലാണിവർ വിശ്വസിക്കുന്നത്.