പനംപഴം പഴുത്തപ്പോ, കാക്കയ്ക് വായിൽപ്പുണ്ണ്

റോയ് മാത്യു
ഇന്നത്തെ മലയാള മനോരമ പത്രത്തിൽ – വിശുദ്ധ വാരാചരണ കാലത്ത് വിശ്വാസികൾ പള്ളിയിലേക്ക് വരണ്ട എന്ന തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് സൂസപാക്യത്തിൻ്റേയും മലങ്കര കത്തോലിക്ക കർദിനാൾ മാർ ക്ലിമ്മീസിൻ്റേയും പ്രസ്താവനകൾ വായിച്ചപ്പോൾ വേളൂർ കൃഷ്ണൻകുട്ടി എഴുതിയത് ഓർത്തു പോയി :- ” വയറിളക്കം പിടിച്ചവൻ കക്കൂസിൽ കേറിയപ്പോൾ അണ്ടർവെയറിന് കടുംകെട്ട് ”

ലോകത്തെ ആകമാന ദൈവക്കച്ചവടക്കാരുടെ അണ്ടർവെയറിന് കടും കെട്ട് വീണ അവസ്ഥയാണ്. എന്തെല്ലാം മന:ക്കോട്ടകൾ കെട്ടി ഇരിക്കയായിരുന്നു, അതും ഈ ഈസ്റ്റർ കാലത്ത്. പത്ത് പുത്തൻ വാരാൻ പറ്റിയ നേരത്താണ് ഈ കെടുതി വന്നത്.

ജന പങ്കാളിത്തമില്ലാതെ, അടച്ചിട്ട പളളികളിൽ വിശുദ്ധവാരം ആചരിക്കുമെന്നാണ് ഈ പരമ പരിശുദ്ധന്മാരായ മെത്രാന്മാര് അറിയിച്ചിരി ക്കുന്നത്. നൂറ്റാണ്ടിലെ ഏറ്റവും വിപ്ലവകരമായ നിലപാട് ! സഭകളുടെ പേരിൽ എന്തെല്ലാം പുകില് നടക്കുന്ന ഒരു നാടാണ് നമ്മുടേത്. ശവം വെച്ച് ഗുസ്തി പിടിക്കൽ, പള്ളിമേടയിൽ കേറി മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുന്ന തൈക്കെളവികൾ, തുണി പറിച്ച് തലേൽ കെട്ടി പൂരപ്പാട്ട് പാടിയിരുന്ന ബാവ – മെത്രാൻ കക്ഷികളൊക്കെ ഇപ്പോ കോവിഡിനെ പേടിച്ച് പത്തി മടക്കി പൊത്തിലിരിക്കയാണ്. കുഞ്ഞാടുകൾ പള്ളീലോട്ടൊന്നും വരണ്ടാന്നാണ് നൈറ്റി ടീം സ് ഇപ്പോ പറയുന്നത്. ആറാം പ്രമാണം (വ്യഭിചാരം) തെറ്റിച്ച കഥകൾ കേൾക്കാൻ പറ്റാത്തതു കൊണ്ട് ചില വെള്ള നൈറ്റി ടീംസിന് ചെവി ദീനം പിടിപെടാനിടയിടയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകുന്നുണ്ട്.

ആളില്ലാതെ പള്ളിയിലും മറ്റ് ദൈവ കച്ചവട കേന്ദ്രങ്ങളിലുമായി ഈ വർഷം നടത്തുന്ന സൽക്കർമ്മങ്ങൾ വരും വർഷങ്ങളിലും തുടരണം. മനസുണ്ടെങ്കിൽ അവര് വീട്ടിലിരുന്ന് പ്രാർത്ഥിക്കട്ടെ! നിങ്ങൾ സ്ഥിരമായി നടത്തി വരുന്ന കലാപരിപാടികൾ കംപ്ലീറ്റായി ലോക് ഡൗണായിട്ട് ഒന്ന് രണ്ടാഴ്ചയായി. ഈ ഉഡായിപ്പുകൾ നിർത്തിയതിൻ്റെ പേരിൽ ലോകത്ത് ഒന്നും സംഭവിച്ചില്ല. മുട്ടിന് മുട്ടിന് വിശുദ്ധന്മാരും നേർച്ച പെട്ടിയും ഒക്കെ വെച്ചിട്ട് കോവിഡ് തടയാൻ ഇവുത്തുങ്ങളെക്കൊണ്ട് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. എല്ലാ രോഗത്തിനും പ്രത്യേകം പ്രത്യേകം ബ്രാൻഡഡ് വിശുദ്ധന്മാരും, പുണ്യാളത്തികളും പുണ്യാളമ്മാരും ഉണ്ടായിട്ടും ഒരാളെ പോലും രക്ഷിക്കാനോ രോഗം ഭേദമാക്കാനോ ഈ ടീംസിന് കഴിഞ്ഞിട്ടില്ല. മധ്യസ്ഥന്മാരില്ലാതെ പ്രാർത്ഥിക്കാനാണ് പോപ്പ് ഫ്രാൻസിസു പോലും ഇപ്പോൾ പറയുന്നത്. കേരളത്തിൽ നിന്ന് പോലും നാലഞ്ച് വിശുദ്ധന്മാരുണ്ട്. ഈ കൊറോണ കാലത്ത് ലോക്കൽ വിശ്വാസികൾക്കായി എന്തേലും ഒരത്ഭുതം ഒന്ന് കാണിച്ചാ മതിയായിരുന്നു.
കിംഫലം. വിഷുവിനും ശബരിമലയിൽ ഭക്തജനങ്ങൾക്ക് ദർശനം അനുവദിക്കേണ്ടാ എന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. ആചാര ലംഘനങ്ങളുടെ പേരിൽ ഒരു പുകിലുമില്ല.
വെറുതെ നാട്ടുകാരുടെ പണം പിടുങ്ങുന്ന ഈ ഉഡായിപ്പു കേന്ദ്രങ്ങൾ പിരിച്ചു വിടണം –

വിശുദ്ധ വാരക്കാലത്ത് വിശ്വാസികളെ പിഴിയാനും ഭേഷെ പിരിക്കാനും പറ്റാത്തതിൽ മെത്രാന്മാരെ, നിങ്ങൾ അസ്വസ്ഥരും ദു:ഖിതരുമാണെന്നറിയാം . ഇക്കാലത്തേക്കായി നിങ്ങൾക്ക് ഒരു പാട് പ്ലാനും പദ്ധതിയും ഉണ്ടായിരുന്നല്ലോ. . ഗൾഫിലും അങ്ങ് അമേരിക്കായിലും പോയി പോക്കറ്റ് നിറക്കാനുള്ള
എല്ലാം പരിപാടികളും കോവിഡ് കോവിന്ദയാക്കി. വല്ലാത്ത ചെയ്ത്തായിപോയി. പനംപഴം പഴുത്തപ്പോ, കാക്കയ്ക് വായിൽപ്പുണ്ണ്.

വിവരദോഷികളായ ദൈവക്കച്ചവടക്കാരുടെ പിന്നാലെ നടന്ന പോഴനായ ഒരു ഭരണാധികാരി വരുത്തി വെച്ച ദുരന്തമാണ് അമേരിക്കയിൽ അലയടിക്കുന്നത്. . ആരോഗ്യ പ്രവർത്തകരോടോ പോളിസി മേക്കേഴ്സിനോടോ കോവിഡ് നേരിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിന് പകരം തലയ്ക്കു വെളിവില്ലാത്ത ഒരു കുട്ടം പാസ്റ്ററന്മാരോടൊപ്പം വട്ടം കൂടി നിന്ന് അമേരിക്കൻ പ്രസിഡൻ്റ് ട്രം പ് പ്രാർത്ഥിച്ചു നടന്നതിൻ്റെ ദുരന്തമാണ് അമേരിക്കൻ ജനത ഇന്നനുഭവിക്കുന്നത്. വേറെ കൊറെ എണ്ണം നിസാമുദി നിൽ വട്ടം കുടി ഇരുന്ന് പ്രാർത്ഥിച്ചു. അവമ്മാരുണ്ടാക്കിയ ദുരന്തം മൂലം രാജ്യം കുട്ടിച്ചോറാകാൻ പോവുന്നു. ഇമ്മാതിരി മത കച്ചവടം കൊണ്ട് ലോകത്തിന് എന്ത് ഗുണമുണ്ടാകുന്നു എന്നാലോചിക്കണം ..