ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ കോവിഡ്

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ മുംബൈയിലെ ധാരാവിയില്‍ ഒരാള്‍ക്ക് കോവിഡ്. വിദേശയാത്രകള്‍ ഒന്നും നടത്താത്ത 56കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ സിയോണ്‍ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ ഏഴംഗ കുടുംബത്തെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു.ധാരാവിയിലെ സാഹു നഗറിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഈ വീട് സീല്‍ ചെയ്യാനാണ് പൊലീസ് തീരുമാനം. 613 ഹെക്ടറില്‍ പടര്‍ന്നു കിടക്കുന്ന ധാരാവിയില്‍ 15 ലക്ഷത്തിലേറെ പേരാണ് താമസിക്കുന്നത്. അതു കൊണ്ടു തന്നെ കോവിഡ് ബാധയെ ആശങ്കയോടെയാണ് സര്‍ക്കാര്‍ നോക്കിക്കാണുന്നത്. സാമൂഹിക വ്യാപനത്തിന് സാദ്ധ്യതയുള്ളത് കൊണ്ട് അതീവ ജാഗ്രതയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. അതിനിടെ, മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 335 ആയി.