ആലപ്പുഴ: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ പ്രതിഭ എം.എല്‍.എ.യില്‍ നിന്ന് വിശദീകരണം ചോദിക്കുമെന്ന് സി.പി.എം. പരാമര്‍ശം വിവാദമായതിനെ തുടര്‍ന്നാണ് നടപടി. കായംകുളത്തെ ചില ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പ്രതിഭ എംഎല്‍എയുമായുള്ള ഫെയ്‌സ്ബുക് പോര് വാര്‍ത്തയായതിനെത്തുടര്‍ന്നാണ് എംഎല്‍എ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഫെയ്‌സ്ബുക് ലൈവിലെത്തി മോശം പരാമര്‍ശം നടത്തിയത്. തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രീകള്‍ക്ക് ഇതിനേക്കാള്‍ അന്തസ്സുണ്ടെന്നും അവരുടെ കാല്‍ കഴുകി വെള്ളം കുടിക്കണം. ഇതിലും ഭേദം ശരീരം വിറ്റ് ജീവിക്കുന്നതാണ്, ആണായാലും പെണ്ണായാലും- എന്നായിരുന്നു എം.എല്‍.എയുടെ വാക്കുകള്‍
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എം.എല്‍.എയും പ്രദേശിക ഡി.വൈ.എഫ്.ഐ നേതാക്കളും തമ്മിലുള്ള തര്‍ക്കം വാര്‍ത്തയായതിന് പിന്നാലെയാണ് മാദ്ധ്യമങ്ങള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി എം.എല്‍.എ രംഗത്തെത്തിയത്. ലോക്ഡൗണ്‍ കാലത്ത് എംഎല്‍എ വീട്ടിലിരുന്ന് മണ്ഡലത്തിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നുവെന്ന് സമൂഹമാധ്യമത്തിലൂടെ പോസ്റ്റിട്ടതിനെത്തുടര്‍ന്നാണ് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം ഉള്‍പ്പെടെ ചില നേതാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ എം.എല്‍.എയ്‌ക്കെതിരെ രംഗത്തു വന്നിരുന്നത്. ഈ ലോക്ഡൗണ്‍ കാലത്ത് ചില വിഷസര്‍പ്പങ്ങള്‍ ഇറങ്ങിയിട്ടുണ്ടെന്നും ലോക്ഡൗണ്‍ കഴിഞ്ഞ ശേഷം വാവസുരേഷിനെ വിളിച്ച് അവയെ മാളത്തില്‍ നിന്നിറക്കണമെന്നും പ്രതിഭ എംഎല്‍എ പ്രതികരിക്കുകയും ചെയ്തു. ഇതു വാര്‍ത്തയായതോടെയാണ് എംഎല്‍എ മാധ്യമപ്രവര്‍ത്തകരെയും സ്ത്രീകളെയും അവഹേളിക്കുന്നവിധം പരാമര്‍ശം നടത്തിയത്.
എം.എല്‍.എയുടെ പരാമര്‍ശത്തിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയനും രംഗത്തു വന്നു. ലോകമാകെ കോവിഡ് എന്ന മഹാമാരിയുടെ പിടിയിലുഴലുമ്പോള്‍ ജീവന്‍ പണയംവച്ചും ആ രംഗത്ത് കര്‍മനിരതരായിക്കുന്ന മാധ്യമപ്രവര്‍ത്തകരെ ഈ നിലയ്ക്ക് ആക്ഷേപിക്കാന്‍ ഒരു ജന പ്രതിനിധി തുനിഞ്ഞത് ആശ്ചര്യമുളവാക്കുന്നു. സാമൂഹ്യപ്രതിബദ്ധതയോടെ കോവിഡ് വിഷയത്തിലടക്കം നിലയുറപ്പിച്ചിട്ടുള്ള മാധ്യമ പ്രവര്‍ത്തകരെ മുഖ്യമന്ത്രി ഉള്‍പ്പെടെ ദൈനംദിനം പ്രശംസിക്കുന്ന ഈ അവസരത്തില്‍ കായംകുളം എംഎല്‍എയുടെ നടപടി തീര്‍ത്തും അനുചിതമാണ്- യൂണിയന്‍ പറഞ്ഞു.











































