നാലു നില ഓഫീസില്‍ ക്വാറന്റൈന്‍ സൗകര്യമൊരുക്കി ഷാറൂഖ് ഖാനും ഭാര്യയും

മുംബൈ: തന്റെയും ഭാര്യ ഗൗരി ഖാന്റെയും വ്യക്തിഗത ഓഫീസ് ക്വാറന്റൈന്‍ ആവശ്യത്തിനായി വിട്ടു കൊടുത്ത് ബോളിവുഡ് നടന്‍ ഷാറൂഖ് ഖാന്‍. മുംബൈയിലെ നാലു നിലക്കെട്ടിടമാണ് ഖാന്‍ വിട്ടുനല്‍കിയത്. മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ് ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും ചെയ്തു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വയോധികര്‍ക്കും താമസിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇവിടെ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കോവിഡ് ബാധ രാജ്യത്ത് പടര്‍ന്നുപിടിച്ചപ്പോള്‍ തന്നെ കേന്ദ്രസര്‍ക്കാരിന്റെയും മഹാരാഷ്ട്ര സര്‍ക്കാരിന്റെയും വിവിധ ദുരിതാശ്വാസ നിധികളിലേക്ക് ഷാരൂഖ് ഖാന്‍ സംഭാവന നല്‍കിയിരുന്നു. കൂടാതെ മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ സര്‍ക്കാരുകള്‍ക്ക് 50,000 പി.പി.ഇ കിറ്റുകള്‍ സംഭാവന ചെയ്യുകയും ചെയ്തിരുന്നു. ഷാറൂഖിന്റെ വാര്‍ത്തയറിഞ്ഞതിന് പിന്നാലെ, #SRKOfficeForQuarantine എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രന്‍ഡിങാണ്.