എട്ട് ജില്ലകളില്‍ ലോക് ഡൗണിന് ശേഷവും നിയന്ത്രണം തുടരും !

തിരുവനന്തപുരം: ലോക്ക് ഡൗണിനു ശേഷവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കേരളത്തിലെ എട്ട് ജില്ലകളില്‍ കടുത്ത നിയന്ത്രണം തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. കാസര്‍കോട്,കണ്ണൂര്‍,കോഴിക്കോട്, മലപ്പുറം, തുശൂര്‍, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ലോക്ക്ഡൗണിന് ശേഷവും നിയന്ത്രണങ്ങള്‍ തുടരുക. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് നിയന്ത്രണങ്ങള്‍ തുടരുക.

ഏപ്രില്‍ 14നാണ് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അവസാനിക്കുന്നത്. ലോക് ഡൗണ്‍ അവസാനിച്ചതിന് ശേഷവും
രാജ്യത്ത് കോവിഡ് ബാധിതർ ഏറെയുള്ള ജില്ലകൾ അടച്ചിടാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. രാജ്യത്തെ 82 ശതമാനത്തിലധികം രോഗികളുള്ള 62 ജില്ലകള്‍ അടച്ചിടാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം.ഇന്ത്യയില്‍ മൊത്തം 274 ജില്ലകളിലാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രമന്ത്രിസഭാ യോഗവും ഇന്ന് ചേരും. ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച ജില്ലകള്‍ സീല്‍ ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഈ യോഗത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.