പീഡനകേസില്‍ നഗരസഭാ സെക്രട്ടറി അറസ്റ്റില്‍

ഗുരുവായൂര്‍ : ഗുരുവായൂര്‍ നഗരസഭാ സെക്രട്ടറിയായിരുന്ന രഘുരാമന്‍ പീഡനക്കേസില്‍ അറസ്റ്റില്‍. നഗരസഭ ഓഫീസില്‍ സാക്ഷ്യപത്രത്തിനായെത്തിയ വിദ്യാര്‍ത്ഥിനിയെ ഔദ്യോഗിക വസതിയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചതിനാണ് ഗുരുവായൂര്‍ നഗരസഭസെക്രട്ടറിയായിരുന്ന ആലുവ ഏലൂര്‍ ജ്യോതിഷിയില്‍ രഘുരാമനെ(39) ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

2015 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ മാസം 28-നാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

ഇതിനിടെ കഴിഞ്ഞ 23-ന് സെക്രട്ടറിയെ ഗുരുവായൂരില്‍ നിന്ന് കോട്ടയത്തേക്ക് സ്ഥലംമാറ്റി. എന്നാല്‍ ഇദ്ദേഹം അവിടെ ചുമതലയേറ്റിരുന്നില്ല. തിങ്കളാഴ്ച വൈകീട്ട് തൃശൂര്‍ ശക്തന്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മൂന്നു ദിവസത്തേക്ക് റിമാന്റ് ചെയ്തു.