അര്‍ദ്ധരാത്രി വൃദ്ധ ദമ്പതികള്‍ക്ക് പോലീസിന്റെ ക്രൂരമര്‍ദ്ദനം

കേരള പോലീസ് അഴിഞ്ഞാടുന്നു

കാസര്‍കോട് : പാതിരാത്രി വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കടന്ന പോലീസ് സംഘം രോഗികളായ വൃദ്ധദമ്പതികളെ ക്രൂരമായി മര്‍ദ്ദിച്ചു. വിവരമറിഞ്ഞെത്തിയ പേരമക്കളെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്‌റ്റേഷനില്‍ മൂന്നാംമുറക്കിരയാക്കി. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ആദൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചൊവ്വലിലാണ് സിലോണ്‍ അബൂബക്കര്‍(90), ഭാര്യ ആഇശ(74) എന്നിവരാണ് പോലീസ് സംഘത്തിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാനഗര്‍ എസ്.ഐയ്ക്കും നാല് പോലീസുകാര്‍ക്കുമെതിരെ അബൂബക്കറും കുടുംബവും മുഖ്യമന്ത്രിയ്ക്കും ഡി.ജി.പിയ്ക്കും പരാതി നല്‍കി.

മൂന്നു മാസം മുമ്പ് വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചെര്‍ക്കളയില്‍ നടന്ന അടിപിടിക്കേസില്‍ അബൂബക്കറിന്റെ മകന്‍ സുബൈര്‍ ഏഴാം പ്രതിയാണ്. ഈ കേസിലെ മറ്റ് പ്രതികള്‍ പിടിയിലായെങ്കിലും സുബൈറിനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ചെര്‍ക്കളയിലെ സിറാജിനെ ആക്രമിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സുബൈറിനെ അന്വേഷിച്ചാണ് എസ്.ഐയും നാല് പോലീസുകാരും ചൊവ്വലിലെ വീട്ടിലെത്തിയത്. വാതിലില്‍ മുട്ടിയപ്പോള്‍ തുറക്കാതിരുന്നതില്‍ പ്രകോപിതരായ പോലീസ് സംഘം ടെറസ് വഴി വീടിന്റെ മുകള്‍ നിലയില്‍ കയറുകയും വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടക്കുകയുമായിരുന്നു.

ഉറങ്ങുകയായിരുന്ന അബൂബക്കറിനെ പോലീസ് സംഘം ചവിട്ടി താഴെയിട്ടു. സുബൈര്‍ ഇവിടെയില്ലെന്ന് അറിയിച്ചപ്പോള്‍ അബൂബക്കറിനെ വീണ്ടും മര്‍ദ്ദിച്ചു. ഭര്‍ത്താവിനെ മര്‍ദ്ദിക്കുന്നത് തടയാനെത്തിയ ആഇശയ്ക്കും ബഹളം കേട്ടെത്തിയ സുബൈറിന്റെ ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു. പോലീസിന്റെ പരാക്രമം കണ്ട് സുബൈറിന്റെ ഇരട്ടക്കുട്ടികള്‍ അടക്കമുള്ള നാല് പിഞ്ചുമക്കളും നിലവിളിക്കുകയായിരുന്നു. ഇതിനിടയില്‍ പോലീസുകാര്‍ അലമാര ചവിട്ടി താഴെയിട്ടു.

പരാതിക്കാരനായ സിറാജും പോലീസ് സംഘത്തോടൊപ്പമുണ്ടായിരുന്നുവെന്നും വീട്ടിലെ അതിക്രമത്തിനു ശേഷം എസ്.ഐയും പോലീസുകാരും സിറാജിന്റെ ഇന്നോവ കാറിലാണ് തിരിച്ചു പോയതെന്നും അബൂബക്കര്‍ പറഞ്ഞു. എസ്.ഐയും മൂന്നു പോലീസുകാരും മഫ്തിയിലായിരുന്നു. ഒരു പോലീസുകാരന്‍ മാത്രമായിരുന്നു യൂണിഫോമില്‍. സുബൈറിനെതിരെ കോടതിയുടെ അറസ്റ്റ് വാറന്റുണ്ടെന്നും ഉടന്‍ ഹാജരാക്കണമെന്നും അറിയിച്ച ശേഷമാണ് പോലീസ് സംഘം മടങ്ങിയത്.

ഇതിനിടെ വിവരമറിഞ്ഞ് ചൊവ്വലിലെ വീട്ടിലേക്ക് പോകുകയായിരുന്ന അബൂബക്കറിന്റെ മകളുടെ മൂന്ന് മക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് വിദ്യാനഗര്‍ സ്‌റ്റേഷനിലേക്ക് കൊണ്ടു പോകുകയും മൂന്നാംമുറക്കിരയാക്കുകയും ചെയ്തതായി പരാതിയുണ്ട്. ബദറുദ്ദീന്‍, ഹനീഫ, അബ്ദുള്ള എന്നിവരാണ് പോലീസ് സ്‌റ്റേഷനില്‍ ക്രൂരമര്‍ദ്ദനത്തിനിരയായത്. പുലരും വരെ മര്‍ദ്ദിച്ച ശേഷമാണ് ഇവരെ പോലീസ് വിട്ടയച്ചത്. അബൂബക്കറിനെയും ആഇശയെയും പിറ്റേദിവസം രാവിലെ ബന്ധുക്കളെത്തിയാണ് കാസര്‍ക്കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, എസ്.പി, ജിലല്ലാ കളക്ടര്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.