കോവിഡിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ ലോക്ക്ഡൗണ്‍ അവസാനിപ്പിച്ചു

ബീജിങ്: സാങ്കേതികവിദ്യയ്ക്കും ആത്മവീര്യത്തിനും മുമ്പില്‍ കോവിഡ് മഹാമാരിയെ അതിജീവിച്ച് വുഹാന്‍ നഗരം. കോവിഡ് വൈറസിന്റെ പ്രഭവ കേന്ദ്രമായി അറിയപ്പെടുന്ന വുഹാന്‍ 76 ദിവസം നീണ്ട ലോക്ക്ഡൗഡിന് ശേഷം പുറത്തിറങ്ങിത്തുടങ്ങി. ബുധനാഴ്ച അര്‍ദ്ധരാത്രിയാണ് നഗരത്തിലെ ലോക്ക്ഡൗണ്‍ എടുത്തുകളഞ്ഞത്. ജനുവരി 23നാണ് നഗരത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇന്നലെ മുതല്‍ നഗരത്തില്‍ ട്രയിനും വിമാനങ്ങളും മറ്റു വാഹനങ്ങളും പ്രവര്‍ത്തനം ആരംഭിച്ചു. ട്രയിനുകളില്‍ മാത്രം ഇന്നലെ അമ്പത്തി അയ്യായിരം പേരാണ് യാത്ര ചെയ്തത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി വുഹാനില്‍ കോവിഡ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കെട്ടിടങ്ങള്‍ക്ക് മുകളില്‍ അലങ്കരിച്ച വൈദ്യുതി ദീപങ്ങളുമായാണ് പുതുജീവിതത്തെ വുഹാന്‍ വരവേറ്റത്.യാങ്‌തെ നദിക്കരയിലാണ് ചൈനയിലെ വ്യാവസായിക ഹബ്ബായ വുഹാന്‍. ഹുബയ് പ്രവിശ്യയുടെ തലസ്ഥാനമാണ്. ഇവിടെ മാത്രം അമ്പതിനായിരത്തിലേറെ കോവിഡ് പോസിറ്റീവ് കേസുളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2500 ലേറെ മരണങ്ങളുമുണ്ടായി. ചൈനയിലെ മൊത്തം മരണങ്ങളില്‍ 77 ശതമാനവും വുഹാനിലായിരുന്നു. അതിനിടെ, വുഹാനില്‍ നിന്ന് ആരംഭിച്ച കോവിഡ് വൈറസ് ആഗോള തലത്തില്‍ ഭീതിതമായ രീതിയില്‍ പടരുകയാണ്. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ പഠന പ്രകാരം 1,426,000 പേര്‍ക്കാണ് അസുഖം ബാധിച്ചിട്ടുള്ളത്. 81,865 പേര്‍ മരിച്ചു. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് യു.എസിലാണ്, 396,223. സ്‌പെയിനില്‍ 141,942 പേര്‍ക്കും ഇറ്റലിയില്‍ 135,586 പേര്‍ക്കും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സില്‍ 110,065, ജര്‍മനിയില്‍ 107,663 എന്നിങ്ങനെയാണ് കോവിഡ് ബാധിതരുടെ എണ്ണം.