പടക്കങ്ങളില്ലാത്ത വിഷു

ശുഭ ലെനിൻ

ഈ തലക്കെട്ടു കാണുമ്പൊ നിങ്ങളൊക്കെ വെറുതെ വിചാരിക്കും വിഷുവിന് പടക്കമൊന്നുമില്ലാതെ ഞാൻ ആകെ വിഷമിച്ചിരിക്കുകയാണെന്ന്.
വെരി സോറി..അതല്ല…ഈ പടക്കവും ഞാനും തമ്മിൽ ജാംബവാൻ്റെ കാലത്തുള്ള പ്രശ്നമാണ് , ഹം തും ദുശ്മൻ…ദുശ്മൻ
ആ ഒരു ലൈൻ

ഏതൊരു തകർപ്പൻ ആഘോഷമുണ്ടോ അപ്പോഴൊക്കെ ഒരു കാര്യവുമില്ലാതെ വലിഞ്ഞുകയറി വന്നോളും ആൾക്കാരെ ടെൻഷനാക്കാൻ ഈ ഒരു പടക്കം..
ഞാനും പടക്കവുമായുള്ള ഏറ്റുമുട്ടലൊക്കെ തന്നെയും ചരിത്രത്തിൽ അങ്ങനെ രേഖപ്പെടുത്തിയിട്ടുള്ളതുമാണ്എൻ്റെ സ്വന്തം ജീവചരിത്രത്തിൽഅതു കൊണ്ട് തന്നെ ഇന്നും മായാതെ ഉപബോധമനസ്സിൽ കിടപ്പുണ്ട് കുറേ സംഭവങ്ങൾ

മിക്കവാറും വിഷുവിന് അടുക്കളയിലെ പാതിമ്പ്രത്തിൻ്റെ ചുവട്ടിലാണ് എൻ്റെ സ്ഥിരമായ സ്ഥാനം.പടക്കത്തെ പേടിച്ച് വന്നിരിക്കുന്നത് അതിന് ചുവട്ടിലാണ്
വീട്ടിൽ വല്ല്യമ്മാമയുടെ കൂടെ നില്ക്കുന്ന സമയത്ത് എന്റെ മാമന്മാർ ,ദിനു മാമനും സിങ്ങുട്ട മാമനുമൊക്കെ കൂടി ഒരിക്കൽ വിഷുവിന് ഭയങ്കര പടക്കം പൊട്ടിക്കൽ ഞാൻ പേടിച്ച് കരഞ്ഞ് ചെന്നു കയറിയിരുന്നത് ടോയ്ലറ്റിനുള്ളിലാണ്കു റ്റിയും ഇട്ടു ,കരഞ്ഞവിടെയിരുന്ന് ഉറങ്ങിയും പോയി🥴 ബഹളം കേട്ടുണർന്നപ്പൊ ആരൊക്കെയോ എന്നെ അതിനുള്ളിൽ നിന്ന് രക്ഷിച്ചു നില്ക്കുകയാണ്. വല്ല്യമ്മാമ്മയുടെ കൈയ്യിൽ നിന്ന് അവർക്ക് വേണ്ടുവോളം ചീത്തയും കേൾക്കുന്നുണ്ട്

പിന്നീടൊരിക്കൽ എടമുട്ടത്ത് കോഴി പറമ്പിലെ വേലയ്ക്ക് മേമമാരോടു കൂടി അകലെ പാടത്ത് വെടിക്കെട്ട് കാണാൻ നില്ക്കുമ്പോൾ അവരുടെ കൈയ്യും വിടീച്ച് ഒറ്റയോട്ടമായിരുന്നു. ഓടിച്ചെന്ന് കയറിയത് ഓല മേഞ്ഞ ഒരു വീട്ടിലായിരുന്നു.എന്നെ കണ്ടു കിട്ടുന്ന സ്ഥലം പിന്നെ എപ്പോഴും പതിവു പോലെ അടുക്കള തന്നെ. അല്ലെങ്കിലേ കരിപ്പിടി അടുക്കളയിലെ കരി കൂടി ആകുമ്പൊ നല്ല ഒന്നൊന്നര കരിപ്പിടി അന്ന് എന്നെ തിരഞ്ഞു പിടിക്കാൻ എല്ലാരും കുറച്ച് പാടുപ്പെട്ടു കാണും

തൃപ്രയാർ അമ്പലത്തിൽ പോകാൻ പണ്ടും പേടിയാഇപ്പോഴും പേടിയാ…വെടി വഴിപാടു തന്നെ കാരണം രണ്ടു ചെവിയും പൊത്തി പിടിച്ച് പ്രാർത്ഥിയ്ക്കാനുള്ള ഒരു പാട്.. കുഞ്ഞായിരിക്കുമ്പോൾ തൃപ്രയാറും ഗുരുവായൂരും ഒക്കെ പോകാനുള്ള ഇഷ്ടത്തിനു കാരണം തൊഴുത് കഴിഞ്ഞ് പുറത്തിറങ്ങി കഴിക്കാൻ പോകുന്ന മസാല ദോശയും, വാങ്ങിക്കാൻ പോകുന്ന കുപ്പിവളകളും ചാന്തും മുടിയുണ്ടകളുമായിരുന്നു തൃപ്രയാറാകുമ്പൊ അതും വലിയ താത്പര്യം കുറവാ.എങ്ങിനേലും അവിടുന്ന് ഒന്ന് രക്ഷപ്പെടുക എന്ന ഒറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളൂ. പ്രാർത്ഥനയില്ലാതല്ല ട്ടൊ… ഡോണ്ട് മിസ്സണ്ടർ സ്റ്റാൻ്റേ

ഞാനും ഒരു ഭക്ത തന്നായിരുന്നു.മമ്മീം എൻ്റെ പുന്നാര അനിയൻ പുനീം ദുബായീന്ന് നാട്ടിൽ വന്നപ്പൊ ആദ്യമൊക്കെ അവനും പേടിയായിരുന്നു പടക്കം. എനിക്ക് കൂട്ടായി അവനും ഞങ്ങൾക്കേറ്റവും ഇഷ്ടം പാമ്പു ഗുളികയായിരുന്നു. പിന്നെ മത്താപ്പും. ഒരു ശല്ല്യവുമില്ലാത്ത സാധു ഐറ്റംസ്. പക്ഷെ പിന്നീടു പുനി വലിയ തോട്ടിയുടെ അറ്റത്ത് പടക്കം കുത്തി നിർത്തി കത്തിച്ച് തോട്ടി താഴെയിട്ട് ഓടുക,ചവറു കത്തിച്ച് അതിലേക്ക് പടക്കം എറിയുക എന്നിങ്ങനെയുളള സാഹസിക കളികളിലേക്ക് കടന്നു. വല്ല കാര്യവും ഉണ്ടോ അവന്

എന്ത് ചെയ്യാനാ പിന്നേം എനിക്ക് കൂട്ട് വീട്ടിലെ നിമ്മി എന്ന പട്ടി കുട്ടി മാത്രമായി നിമ്മി വിഷുവായാൽ എന്നും പേടിച്ച് സോഫയുടെ ചുവട്ടിലായിരിക്കും.ഞാനും കാണും എന്തിൻ്റേങ്കിലും ഇടുക്കിലായി🥴
വലുതായിട്ടും കോളേജിലായിട്ടും കല്യാണം കഴിഞ്ഞിട്ടും പടക്കം മാത്രം ഒട്ടും കൂസലില്ലാതെ നെഞ്ചും വിരിച്ചങ്ങനെ നിന്നു…എന്നെ പേടിപ്പിക്കാനായിട്ട്

പക്ഷെ കല്യാണം കഴിഞ്ഞ് ഇവിടെ വന്നപ്പോഴാ മനസ്സിലായേ … ഇവിടെ അച്ഛൻ പണ്ടേ പടക്കം വാങ്ങിക്കാറില്ലാത്രെ 🤩കമ്പിത്തിരിയും മേശാപ്പൂവും ഒക്കെ വാങ്ങിക്കും നോ പടക്കം കുട്ടികൾ പടക്കം പൊട്ടിച്ച് അപകടം ഒന്നും വരുത്തേണ്ടാന്നാണ് അച്ഛൻ പറയുന്നേ…എത്ര നല്ല അച്ഛനാന്നോ

ഈ വർഷം അച്ഛൻ്റെയും,എൻ്റേയും വിഷു കൂടിയാണ് എവിടുന്നാ എല്ലാരും പടക്കം വാങ്ങിക്കാൻ പോണേ? പകരം എല്ലാർക്കും കണിയൊക്കെ വച്ച് ലോകത്തിൻ്റെ ദുരിതങ്ങൾ എല്ലാം അവസാനിക്കുന്ന നല്ല നാളേയ്ക്കായി പ്രാർത്ഥിയ്ക്കാം പടക്കം വാങ്ങിക്കാൻ വച്ച കാശ് മറ്റുള്ളവരെ സഹായിക്കാം

“കാലമിനിയുമുരുളും വിഷു വരും
വർഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും
പൂ വരും കായ് വരും
അപ്പോളാരെന്നും എന്തെന്നും ആർക്കറിയാം”

വിഷു ആശംസകൾ