സന്തോഷത്തിന്റെ കണിക്കൊന്നകൾ

അപർണ അനീഷ്
വിഷു, കൊന്നപ്പൂവിനും കണ്ണനും കണിയ്ക്കും കൈനീട്ടത്തിനുമപ്പുറം ഹൃദയം നിറയ്ക്കുന്ന ഒരു ഓർമ്മയാണെനിക്ക്.
ഒരു വർഷത്തിൽ എത്ര തവണ നിങ്ങളോരോരുത്തരും വിഷുവിനെക്കുറിച്ചോർക്കുന്നുണ്ടാവും..?

പെട്ടെന്നൊരുത്തരം നിങ്ങൾക്ക് പറയാനാവുമായിരിക്കും. പക്ഷേ എനിക്കതിന് കഴിയില്ല. വർഷത്തിൽ എത്ര തവണ വെള്ളരിക്ക കാണുന്നുണ്ടോ അത്രയെന്നേ എനിക്കുത്തരം പറയാൻ പറ്റൂ…അതെ… കറി വയ്ക്കുന്ന, വിഷുവിന് കണിക്കൊന്നപ്പൂവുകൾക്കൊപ്പം പൂമുഖത്ത് കെട്ടിത്തൂക്കുന്ന അതേ വെള്ളരിക്ക.

ഓരോ തവണ വെള്ളരിക്ക കാണുമ്പോഴും വിഷു ഓർമ്മ വരുന്നത് ഒരുപക്ഷേ എനിക്കുമാത്രമായിരിക്കും.
പെട്ടന്നൊരു സുപ്രഭാതത്തിൽ ചാരായഷോപ്പുകൾ അടച്ചുപൂട്ടിയപ്പോൾ തൊഴിൽ നഷ്ടപ്പെട്ട് അച്ഛൻ തലങ്ങും വിലങ്ങും നടക്കുന്നതിനിടയിലാണ് അക്കൊല്ലത്തെ വിഷു കയറി വന്നത്. അച്ഛനും അമ്മയും അനിയനും ഞാനും അടങ്ങിയ ഞങ്ങളുടെ കുഞ്ഞു കുടുംബം ഇല്ലായ്മകളോട് പൊരുത്തപ്പെടാൻ തുടങ്ങിയിരുന്നു. എങ്കിലും”നാളെ വിഷുവല്ലേ…കറിവെക്കാൻ പച്ചക്കറീം സാധനങ്ങളും വാങ്ങണ്ടേ…” എന്ന അമ്മയുടെ ആധി ആഴിപോലെ അച്ഛന്റെ മനസ്സിൽ ഇരമ്പിയാർക്കുന്നുണ്ടെന്നും ചുറ്റുവട്ടത്തുള്ള കുട്ടികൾക്ക് മുഴുവൻ കത്തിക്കാൻ പറ്റുന്നത്ര കമ്പിത്തിരികളും മത്താപ്പും ലാത്തിരിയും പൂത്തിരിയും ഓലപ്പടക്കവും എല്ലാവർഷവും സ്ഥിരമായി കൈവശമുണ്ടാവാറുള്ള ഞങ്ങളെയോർത്ത് അച്ഛൻ നിസ്സഹായതയുടെ ഒഴുക്കിലൂടെയൊഴുകുകയാണെന്നും വെറും ഏഴാം ക്ലാസ് ജ്ഞാനം മാത്രമുള്ള എനിക്ക് എന്തോ പ്രത്യകത കൊണ്ട് മനസ്സിലാവുന്നുണ്ടായിരുന്നു…

എന്നിട്ടും നിഷ്കളങ്ക ബാല്യത്തിന്റെ കൈയും പിടിച്ച് ഞാൻ അയൽവക്കങ്ങളിൽ കളിച്ചു നടന്നു. ചന്ദ്രേട്ടന്റേം ജയന്തിച്ചേച്ചീടേം (അയൽക്കാർ)പിള്ളേരെ കളിപ്പിച്ചും താലോലിച്ചും ഒരു നാലഞ്ച് മണിവരെ ആ തെണ്ടീസ് നടക്കലിൽ രസം കണ്ടു.

അങ്ങനെ നാളെ വിഷുവാണ് , അച്ഛന്റെ കയ്യില് കാശില്ലാത്തോണ്ട് നാളത്തെ വിഷു ഒരു സാധാരണ ദിവസം പോലെ തന്നെ അടിച്ചു പൊളിക്കണം എന്ന് ഓർമ്മിച്ച് ജയന്തിച്ചേച്ചീടെ പിള്ളേരെ തിരികെയേൽപ്പിച്ച് മടങ്ങാനൊരുങ്ങവേയാണ് അത് സംഭവിച്ചത്…

“രഞ്ജൂ…ഇത് വീട്ടീക്ക് കൊണ്ടക്കോ…”

ജയന്തിച്ചേച്ചി കാണാൻ നല്ല ഭംഗിയും ഷേപ്പുമുള്ള ഒരു വെള്ളരിക്ക എനിക്ക് നേരെ നീട്ടുന്നു…

കഴിഞ്ഞില്ല.

നാളെ വിഷുവായിട്ട് കൈനീട്ടം ഇരിക്കട്ടെ എന്ന് പറഞ്ഞ് ഒരമ്പതു രൂപാ നോട്ടും…
(അന്ന് ഞങ്ങൾക്കത് വല്യ കാശ് തന്നെയായിരുന്നു.)

എന്റെ വിഷു വന്നു…
വീട്ടിൽ ചെന്ന് വെള്ളരിക്ക അമ്മയേം കാശ് അച്ഛനേം ഏൽപ്പിച്ചപ്പോഴുണ്ടല്ലോ… ജോലിയിൽ കയറി ആദ്യത്തെ ശമ്പളം വാങ്ങി അമ്മയ്ക്ക് കൊടുത്തപ്പോൾ പോലും ആ ഒരിത് കിട്ടീല്ല…

അന്ന് മുതൽ എന്റെ വിഷു ഒരു വെള്ളരിക്കയെ കേന്ദ്രമാക്കി ചുറ്റിത്തിരിയാൻ തുടങ്ങി..

വാൽ
=====
ലോക്ക് ഡൗൺ ആണ്. നമ്മുടെ വീടുകളിൽ പണിയെടുക്കാൻ വരുന്നവർ , കരുതലുകളില്ലാതെ അന്നന്നേക്ക് മാത്രമായി സമ്പാദിക്കാനും ചിലവഴിക്കാനും മാത്രം കഴിയുന്ന നമ്മുടെ പരിസരത്തുള്ള സാധാരണക്കാർ…ഇവരുടെ വീടുകളിൽ രഞ്ജുമാരുണ്ടാവാം… നമ്മൾ കൊടുത്തത് അച്ഛന്റേയും അമ്മയുടേയും കൈകളിൽ ഏൽപ്പിക്കുമ്പോൾ സന്തോഷത്തിന്റെ കണിക്കൊന്നകൾ പൂക്കുന്ന മനസ്സുമായുള്ളവർ…അവസ്ഥകൾ മാറിമറിയാം…വെറുതേ ഒന്നു സൂചിപ്പിച്ചുവെന്നു മാത്രം…

അപർണ അനീഷ്