അവൾ (കവിത-മഞ്ജു സുജിത് )

ഒരിക്കൽ ഞാൻ
അവളെക്കുറിച്ച്
എഴുതിയേക്കും…
അവളെക്കുറിച്ച്,
സ്നേഹം മാത്രം കൊതിച്ച
പൊട്ടിപ്പെണ്ണിനെ കുറിച്ച്…

ഞാൻ ജനിച്ചപ്പോൾ തൊട്ട്
കണ്ടു വളർന്നവളെക്കുറിച്ച്,
എനിക്ക് മുൻപേ ജനിച്ച്
എനിക്ക് ശേഷം മരിച്ച്,
ജീവിക്കാതെ ജീവിച്ചവളെ കുറിച്ച്..

അവളുടെ കഥകൾ
പറഞ്ഞു തുടങ്ങുമ്പോൾ തന്നെ
മഴയില്ലാതെ ഭൂമിയിൽ
മിന്നൽ പിണരുകളുണ്ടാകും..
ഞാനൊരാളൊഴിച്ച്
മറ്റെല്ലാവരും അതിന്റെ
പ്രകാശത്തിൽ കണ്ണ്
മഞ്ഞളിച്ചവരാകും…

ഞാൻ എഴുത്ത്
തുടർന്നു കൊണ്ടേയിരിക്കും…
പിന്നെ നിങ്ങൾ
ഭൂമിയ്ക്കുള്ളിൽ നിന്ന്
കനത്ത പ്രകമ്പനങ്ങൾ കേൾക്കും…
എന്റെയൊരാളുടേതൊഴിച്ച്
ബാക്കിയെല്ലാവരുടേയും
കാലുകളിലേക്ക് ഒരു വിറയൽ
പാമ്പിനെ പോലെ കയറി വരും…

എന്നാലും ഞാൻ തുടരും…
പിന്നെ നിങ്ങൾ ഒരു
ചുഴലിക്കൊടുക്കാറ്റിന്റെ
വൃത്തികെട്ട സീല്ക്കാരം കേട്ടു തുടങ്ങും
അത് നിങ്ങളെ അതിന്റെ ചുഴികളിൽ
പെടുത്തി, ഞെരിച്ചമർത്തി
ശ്വാസം മുട്ടിക്കും….

എഴുത്തിന്റെ തുടർച്ചയിൽ
പിന്നെ നിങ്ങൾ ഒരു
സുനാമിത്തിരയിൽ
പെട്ടതു പോലാവും…
അത് നിങ്ങളെ
അങ്ങോട്ടുമിങ്ങോട്ടുമിട്ട്
എറിഞ്ഞു കളിക്കുന്നതു കണ്ടാലും
ഞാൻ നിർത്തുകയില്ല…

നിങ്ങളൊരു കാട്ടുതീയിൽ പെട്ട്
വെന്തു വെണ്ണീറാവാൻ
തുടങ്ങുന്നത് വരെ
ഞാൻ എഴുതിക്കൊണ്ടേയിരിക്കും..
നീറി നീറി മരിക്കുക
എന്നതാണ് നിങ്ങൾക്കുള്ള വിധി..

പിന്നെ,
സ്ത്രീയേതാ
പുരുഷനേതെന്നറിയാത്ത
എന്തിന്?
മനുഷ്യന്റേതാണോയെന്നു
പോലുമറിയാത്ത
ചുടല ഭസ്മത്തിൽ
എനിക്കു താണ്ഡവമാടണം…
അതുകണ്ട് കൈ കൊട്ടി
ചിരിക്കാനായി അവൾ
ആകാശങ്ങളിൽ
നിന്നിറങ്ങി വരും…

നിങ്ങളാരുമില്ലാത്തൊരു
ഭൂമിയിൽ വീണ്ടുമൊരു
മഴക്കാലത്ത് രണ്ടു
നന്ത്യാർവട്ടച്ചെടികളായ്
ഞങ്ങൾ പിന്നെയും
പൂത്തു തളിർക്കും…