മലപ്പുറത്ത് കോവിഡ് ഭേദമായി നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു; സ്രവം പരിശോധനയ്ക്ക്

മലപ്പുറം: കോവിഡ് രോഗം ഭേദമായി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. മലപ്പുറം കീഴാറ്റൂര്‍ കരിയമാട് സ്വദേശി വീരാന്‍കുട്ടി (85) ആണ് മരിച്ചത്. ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മറ്റ് അസുഖങ്ങളാണ് മരണ കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കഴിഞ്ഞ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ക്ക് ഹൃദയാഘാതമുണ്ടായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് വീരാന്‍കുട്ടി മരിച്ചത്. മൂന്നു ദിവസം മുമ്പ് കോവിഡ് പരിശോധനാ ഫലം നെഗറ്റീവായെങ്കിലും വൃക്ക രോഗമടക്കമുള്ള അസുഖങ്ങളുള്ളതിനാല്‍ ആശുപത്രിയില്‍ തന്നെ തുടരുകയായിരുന്നു. ഏപ്രില്‍ രണ്ടിനാണ് വീരാന്‍ കുട്ടിക്ക് വൈറസ് സ്ഥിരീകരിച്ചത്. അതേസമയം എങ്ങനെയാണ് ഇയാള്‍ക്ക് വൈറസ് ബാധിച്ചതെന്ന് ഇനിയും വ്യക്തമായിട്ടില്ല. നേരത്തെ ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ മകനില്‍നിന്നാണ് വൈറസ് ബാധിച്ചതെന്നായിരുന്നു സൂചന. എന്നാല്‍ മകന് രോഗമില്ലെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു.