കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രം; കേരളത്തിനു ആശ്വാസം

രണ്ടാം ഘട്ട അടച്ചു പൂട്ടലിൽ (ലോക് ഡൗൺ) കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഏപ്രിൽ 20 മുതൽ ഗ്രാമീണ മേഖലയിലും ചെറുകിട നാമമാത്ര ഉൽപാദന കേന്ദ്രങ്ങളിലും നിയന്ത്രണങ്ങളോടെ ഇളവുകൾ നൽകാനാണ്, ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവിൽ പറയുന്നത്. ഏറ്റവും കുറച്ച് ജീവനക്കാരെ ഉപയോഗിച്ചു സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കണമെന്ന നിബന്ധനകളോടെയാണ് ഇളവുകൾ അനുവദിച്ചത്. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ, ഭവന വായ്പാ ധനകാര്യ സ്ഥാപനങ്ങൾ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കാൻ അനുവദിക്കും. സഹകരണ ക്രഡിറ്റ് സൊസൈറ്റികൾ, സാനിറ്റേഷൻ, വൈദ്യൂതി വിതരണം, ടെലികോം, ഒപ്റ്റിക്കൽ ഫൈബർ ശ്യംഖല എന്നിവയ്ക്കും ഇളവു നൽകും. ഗ്രാമീണ മേഖലയിലെ കുടിവെള്ളം, ശുചിത്വം എന്നിവയുടെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങളും വൈദ്യുതി വിതരണം, ടെലികോം കമ്പനികളുടെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കൽ തുടങ്ങിയവും മറ്റു അനുബന്ധ പ്രവൃത്തികളും അനുവദിക്കും.

ഗ്രാമീണ മേഖലയിലെ ചെറുകിട നിർമാണ പ്രവർത്തനങ്ങൾ, വനമേഖലയിലെ ഉൽപ്പന്നങ്ങളുടെ ശേഖരണം, കാർഷിക മേഖലയിൽ കാപ്പി, കൊക്കോ, അടയ്ക്ക, മുള തോട്ടങ്ങൾ, സുഗന്ധവിള തോട്ടം എന്നിവിടങ്ങളിൽ കുറച്ചു ജീവനക്കാരെ നിയോഗിച്ചു പ്രവർത്തിപ്പിക്കാമെന്നും പുതിയ ഉത്തരവിൽ പറയുന്നു. അവയുടെ വിളവെടുപ്പ്, സംസ്‌കരണം, പാക്കേജിംഗ്, വിപണനം എന്നിവയാണ് അനുവദിക്കുക. ഇത് സംബന്ധിച്ച നിലവിലെ മാർഗരേഖയുടെ പരിഷ്‌കരിച്ച രൂപം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറി. ലോക് ഡൗണിൽ തോട്ടം മേഖലയ്ക്കു ഇളവു നൽകണമെന്ന ആവശ്യം കേരളം മുന്നോട്ടു വെച്ചിരുന്നു. പുതുക്കിയ മാർഗനിർദേശങ്ങളിൽ കേരളത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ചിട്ടുണ്ട്.