ചെന്നൈ: കോളിവുഡിലെ ലേഡീസ് സൂപ്പര്‍ സ്റ്റാറാണ് നയന്‍ താര. മലയാളത്തില്‍ നിന്ന് തമിഴിലെത്തിയ അവിടം കീഴടക്കിയ നയന്‍സിനെ ചുറ്റിപ്പറ്റി ധാരാളം ഗോസിപ്പുകളും കഥകളും കേട്ടിട്ടുണ്ട്. സിനിമയിലേതു പോലെ ജീവിതത്തിലും അവര്‍ പ്രണയങ്ങളിലെ നായികയായി. ആദ്യം പ്രഭുദേവയുമായി ഇപ്പോള്‍ വിഘ്‌നേശ് ശിവനുമായി. വിഘ്‌നേഷുമായുള്ള പ്രണയം വിവാഹത്തിലേക്ക് നീങ്ങുന്നു എന്ന വാര്‍ത്തകള്‍ക്കിടെ നയന്‍താരയ്‌ക്കെതിരെ രംഗത്തു വന്നിരിക്കുകയാണ് പ്രഭുദേവയുടെ ആദ്യ ഭാര്യ റംലത്ത് എന്ന ലത. തന്റെ ഭര്‍ത്താവിനെ നയന്‍താര തട്ടിയെടുത്തു എന്നാണ് അവരുടെ ആരോപണം.
‘മറ്റൊരാളുടെ ഭര്‍ത്താവിനെ നിയമപരമല്ലാതെ തട്ടിയെടുക്കുന്ന സ്ത്രീകളെ ശിക്ഷിക്കണം. എന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തു എന്ന കാരണത്തില്‍ നയന്‍താരയെ അറസ്റ്റ് ചെയ്യാന്‍ ഞാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നതാണ്. ആ നടിയെ എവിടെ വച്ചെങ്കിലും ഞാന്‍ കാണുകയാണ് എങ്കില്‍ ഉറപ്പായും അവിടെ വച്ച് തല്ലും. ഒരു മോശം സ്ത്രീക്കുള്ള ഉദാഹരണമാണ് അവര്‍. പ്രഭുദേവ ആത്മാര്‍ത്ഥതയുള്ളവനായിരുന്നു. ദയയുള്ളവനും. പതിനഞ്ചു വര്‍ഷം എന്നെ പരിപാലിച്ചു. പിന്നീട് എല്ലാം തകിടം മറിയുകയായിരുന്നു. അതെനിക്ക് ഞെട്ടലാണ്’ – ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ ലത പറഞ്ഞു. മുസ്‌ലിമായിരുന്ന ലതയെ 1995ലാണ് പ്രഭുദേവ വിവാഹം കഴിച്ചത്. റംലത്ത് പിന്നീട് ലത എന്ന് പേരു മാറ്റി ഹിന്ദുവാകുകയായിരുന്നു. 2012ലാണ് നയന്‍താരയുമായുള്ള പ്രഭുദേവയുടെ പ്രണയം തകരുന്നത്. പ്രഭുവിന് ശേഷം വിഘ്‌നേശ് ശിവനുമായി പ്രണയത്തിലാണിപ്പോള്‍ നയന്‍സ്. ഈ വര്‍ഷം തന്നെ ഇവരുടെ വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.











































