സി.പി.എം ഗ്രൂപ്പ് പോര് തൊടുപുഴയില്‍ സോമന്‍ പുറത്തായി

തൊടുപുഴ : വിഭാഗീയത നിലനില്‍ക്കുന്ന സി.പി.എം തൊടുപുഴ ഏരിയ കമ്മിറ്റി പുനസംഘടിപ്പിച്ചു. നിലവില്‍ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയായ മുഹമ്മദ് ഫൈസലിനെയാണ് ഇന്നലെ ചേര്‍ന്ന ഏരിയാ കമ്മിറ്റിയില്‍ സെക്രട്ടറിയില്‍ നിയോഗിച്ചത്. രണ്ടു വര്‍ഡഷം മുന്‍പ് നടന്ന ഏരിയാകമ്മിറ്റി തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പക്ഷ പാനലിനെതിരെ മത്സരിച്ച് വിജയിച്ചതിന്റെ പേരില്‍ നിലവില്‍ ഏരിയാ സെക്രട്ടറിയായിരുന്ന ടി.ആര്‍. സോമനെയും കമ്മിറ്റി അംഗം കെ.എം. ബാബുവിനെയും ലോക്കല്‍ കമ്മിറ്റിയിലേക്ക് തരം താഴ്ത്താന്‍ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു.

ഈ നടപടി റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത ഏരിയാ കമ്മിറ്റിയിലാണ് നാടകീയ നീക്കത്തോടെ മുഹമ്മദ് ഫൈസലിനെ ഏരിയാ സെക്രട്ടറിയായി നിയമിച്ചത്. എട്ടു ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും പങ്കെടുത്ത കമ്മിറ്റിയില്‍ സസംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.പി. മേരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ മുഹമ്മദ് ഫൈസലിന്റെ പേരു നിര്‍ദ്ദേശിച്ചപ്പോള്‍ ആരും എതിര്‍പ്പു പ്രകടിപ്പിച്ചില്ല. മുന്‍പ് 19 അംഗങ്ങളുണ്ടായിരുന്ന ഏരിയാ കമ്മിറ്റിയില്‍ ടി.ആര്‍. സോമനെയും കെ.എം. ബാബുവിനെയും തരം താഴ്ത്തിയപ്പോള്‍ പുതിയതായി അഞ്ചു പേരെ ഉള്‍ക്കൊള്ളിച്ച് 22 അംഗ കമ്മിറ്റിയായി ഉയര്‍ത്തുകയും ചെയ്തു. ടി.ആര്‍. സോമനെയും കെ.എം. ബാബുവിനെയും ഒഴിവാക്കിയുള്ള പഴയ 17 അംഗ കമ്മിറ്റിയില്‍ 11 അംഗങ്ങളും തരം താഴ്ത്തല്‍ നടപടിയെ എതിര്‍ത്തു സംസാരിച്ചപ്പോള്‍ മുന്‍ ഏരിയാ സെക്രട്ടറി വി.വി. മത്തായി മൗനം പാലിച്ചു.

തരം താഴ്ത്തല്‍ നടപടിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം നഗരത്തില്‍ ഒരു വിഭാഗം നേതാക്കളുടെ നേതൃത്വത്തില്‍ ഔദ്യോഗിക പക്ഷത്തിനെതിരെ പ്രകടനം നടത്തിയിരുന്നു. തൊടുപുഴ മേഖലയില്‍ 125 ബ്രാഞ്ചുകളുള്ളതില്‍ 48 ബ്രാഞ്ച് സെക്രട്ടറിമാരും 15 ലോക്കല്‍ കമ്മിറ്റികളില്‍ നിന്നായി 83 പേരും പ്രകടനത്തില്‍ പങ്കെടുത്തിരുന്നു. കടുത്ത ്ച്ചടക്ക ലംഘനം നടത്തിയ ഇവര്‍ക്കെതിരെ നടപടി വേണമെന്ന് ഒരു വിഭാഗം ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും തല്‍ക്കാലം നടപടി വേണമെന്ന് ഒരു വിഭാഗം ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും തല്‍ക്കാലം നടപടി വേണ്ടെന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്. എന്നാല്‍ പാര്‍ട്ടിയില്‍ താരതമ്യേന ഏറ്റവും ജൂനിയറായ മുഹമ്മദ് ഫൈസലിനെ ഏരിയാ സെക്രട്ടറിയാക്കിയതില്‍ ഔദ്യോഗിക പക്ഷത്തും എതിര്‍ഭാഗത്തും മുറുമുറുപ്പ് ഉയര്‍ന്നിട്ടുണ്ട്. ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനും മന്ത്രി എം.എം. മണിക്കും ഉള്ള താല്‍പര്യമാണ് ഡി.വൈ.എഫ്.ഐ നേതൃനിരയില്‍ പോലും എത്തുന്നതിനു മുന്ഡപ് ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിച്ചേരാന്‍ മുഹമ്മദ് ഫൈസലിന് തുണയായത്. മാത്രമല്ല, മുന്‍ ഏരിയാ സെക്രട്ടറി വി.വി. മത്തായിയുടെ പിന്തുണയും തുണയായി. നിലവില്‍ 26-ഓളം അടിപിടി അക്രമ കേസുകളില്‍ പ്രതിയാണ് പുതിയ സെക്രട്ടറി. കൂടാതെ എട്ടോളം അറസ്റ്റ് വാറണ്ടുകളുും ഉണ്ടത്രേ. തൊടുപുഴ മേഖലയിലെ കോളേജുകളില്‍ നിരന്തം നടക്കുന്ന അടിപിടികള്‍ പിന്നില്‍ മുഖ്യ സൂത്രധാരകനാണത്രേ.