എവിടെ ജോൺ (6) അവിഹിതം ഒതുക്കാന്‍ അഞ്ച് ലക്ഷം പള്ളിവക

“ഭർത്താവിന് 5 ലക്ഷം രൂപ നൽകി ഭാര്യയെ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടണം”

മൂഷീക സ്ത്രീ പിന്നേയും മൂഷിക സത്രീയായിയെന്ന് പി.ജെ ആന്റണിയുടെ നാടകത്തിൽ പറയുന്നതു പോലെ അച്ചൻ പപ്പ വീണ്ടും കല്ലഞ്ചേരിപ്പള്ളിയിൽ കുർബ്ബാന ചൊല്ലാനും,കുമ്പസാരിക്കാനെത്തുന്ന കുഞ്ഞാടുകളുടെ പാപം പോക്കാനും തുടങ്ങി.

അച്ചൻ കൊച്ചിന്റെ അച്ഛനാകാൻ നിരവധി ശ്രമം നടത്തിയതും ഇതിനു പിടിക്കപ്പെട്ടതും പത്രങ്ങളും മാധ്യമങ്ങളും വാർത്തയാക്കിയിയില്ലെങ്കിലും വാമൊഴി പരസ്യം വഴി നാടാകെ പരന്നു. ഒരു കാറ്റ് ചെന്ന് മറു കാറ്റിനോട് പറയുന്ന മാതിരി സംഗതി അങ്ങാടിപ്പാട്ടായി അങ്ങാടിപ്പാട്ട് അരമനയിലുമെത്തി. പിന്നെ അരമന മെത്രാന്റെ ചെവിയിലുമെത്തി. പക്ഷെ നടപടിയൊന്നുമുണ്ടായില്ല. ഒന്നിനുമൊരു തെളിവുമില്ലല്ലോ.എന്നാലും രൂപതയിലേയും ഇടവകയിലേയും മനുഷ്യരുടെ മനസ്സിലടിഞ്ഞു കൂടിയ പുകമറ നീക്കണ്ടേ.

അച്ചൻ പപ്പയെ അനുകൂലിക്കുന്ന പുരോഹിതൻമാർ ഈ പുകമറയുടെ വിഷമവൃത്തത്തിൽ നിന്നും അച്ചൻ പപ്പയെ മോചിപ്പിക്കാൻ തന്നെ തീരുമാനിച്ചു.തിരുക്കർമ്മങ്ങൾക്ക് മാത്രം തിരുവസ്ത്രം (ളോഹ ) ഉപയോഗിക്കുന്ന, അല്ലാത്ത സമയങ്ങളിലെല്ലാം ടീ ഷർട്ടും ജീൻസും ധരിച്ച് ബൈക്കിലും കാറിലും ചെത്തി നടക്കുന്ന അർമാദികളായ പുരോഹിതർ പശ്ചിമകൊച്ചിയിലെ ഒരു കൊച്ചു പുണ്യാളന്റെ പള്ളിമേടയിൽ യോഗം ചേർന്ന് പോംവഴികളെക്കുറിച്ച് ആലോചിച്ചു.

കഥാനായിക അവളുടെ വീട്ടിലും വില്ലനായ ഭർത്താവ് കല്ലഞ്ചേരിയിലും താമസം തുടർന്നാൽ ശരിയാവില്ല എന്തു വില കൊടുത്തും ഇവരെ ഒരുമിപ്പിക്കണം എന്ന അഭിപ്രായം ഉയർന്നു ഇവരുടെ ബന്ധം വീണ്ടും വിളക്കിചേർക്കാൻ എന്തു വില നൽകണം?

ചെറ്റതള്ളലില്‍ ഡോക്ടറേറ്റ് ബിരുദമുള്ള ഒരച്ചൻ അഭിപ്രായപ്പെട്ടു. എല്ലാവരും ആ നിർദ്ദേശത്തെ പിൻതാങ്ങി. ഓരോരുത്തരും ഓഫറുകൾ നൽകി. മടിശ്ശീലയുടെ ഘനമനുസരിച്ച് പതിനയ്യായിരവും ഇരുപതിനായിരവും വരെ ഓരോരുത്തർ വാഗ്ദാനം ചെയ്തു. ബാക്കി വരുന്നത് കഥാനായകനായ അച്ചൻ വഹിക്കണം എന്നും തിരുമാനമായി. ബ്രഹ്മാവിനാണോ ആയുസ്സിന് പഞ്ഞം എന്നു പറഞ്ഞതുപോലെ പള്ളിലച്ചൻമാർക്കാണോ പണത്തിനു പഞ്ഞം.

മുന്നു ദിവസങ്ങൾക്കകം ഓരോരുത്തരും തങ്ങൾ ഓഫർ ചെയ്ത പണം എത്തിച്ചു.
സ്വന്തം വീട്ടിൽ കഴിയുന്ന കഥാനായികയുടെ ചാരത്തേക്ക് ഒരു പുരോഹിതൻ ദൂതുമായി പോയി. ഭർത്താവിനൊപ്പം വീണ്ടും ഒരു ജീവിതം തുടങ്ങാൻ തയ്യാറാണോ എന്നന്വേഷിക്കാനായിരുന്നു. ഈ പുരോഹിത ദൂത് . നാത്തൂൻമാരുടെ കുത്തുവാക്കും ബന്ധുക്കളുടെയും നാട്ടുകാരുടേയും അർത്ഥംവെച്ചുള്ള നോട്ടവും ചില പൂവാലൻമാരുടെ ഒലിപ്പീരും നേരിട്ട് പരക്ഷീണയായ അവൾ ദൂതുമായി വന്ന അച്ചനോട് മറിച്ചെന്നും പറഞ്ഞില്ല. അവൾക്ക് നൂറുവട്ടം സമ്മതം. തന്നെ ചക്കര വാക്ക് പറഞ്ഞു മയക്കി പറ്റിച്ച പള്ളിലച്ചനെ അവൾ ഇതിനകം സാത്തനെപ്പോലെ വെറുത്തിരുന്നു. ദൗത്യം വിജയിച്ച സന്തോഷത്തോടെ ദൂത പുരോഹിതൻ തിരിച്ചു വന്നു. ഇതിനു ശേഷമാണ് മൂന്നു പുരോഹിതർ ചേർന്ന് കഥാനായികയുടെ ഭർത്താവിനെ കൊച്ചിയിലെ ഒരു പള്ളിമേടയിലേക്ക് വിളിപ്പിച്ചത്.

“കാര്യങ്ങൾ എന്തൊക്കെയായിലും നീ താലികെട്ടിയ പെണ്ണാണത് ദൈവം വിളക്കിച്ചേർത്തതിനെ മനുഷ്യന് വേർപെടുത്താനാവില്ല. എന്ന തിരുവെഴുത്ത് നീ ഓർക്കുന്നില്ലേ” എന്ന് പുരോഹിതർ കഥാനായികയുടെ കെട്ടിയേനോടു ചോദിച്ചു.

” സഭ ഒരു കാരണവശാലും നിനക്ക് വിവാഹമോചനം അനുവദിക്കില്ല അതുകൊണ്ട് ചെറുപ്പക്കാരനായ നിനക്ക് ഒരു പെണ്ണുകെട്ടാനുമാകില്ല. മനുഷ്യരല്ലെ തെറ്റുപറ്റും നീകർത്താവിനെ പ്രതി ക്ഷമിച്ച് നിന്റെ ഭാര്യയെ സ്വീകരിക്കണം. ഇത് അഞ്ചുലക്ഷം രൂപയുണ്ട് നിങ്ങളുടെ ജീവിതം സുരക്ഷിതമാക്കാൻ ഇതുപകരിക്കും.” എന്നു പറഞ്ഞ് പണപ്പൊതിയെടുത്ത് മേശപ്പുറത്തു വെച്ചു.അഭിമാനിയായ ആ യുവാവ് ആ പണപ്പൊതിയിലേക്ക് നോക്കിയതുപോലുമില്ല.

” ഇല്ല എന്റെ മനസ്സിൽ നിന്നാണ് അവൾ ഇറങ്ങിപ്പോയത് മറ്റൊരാളുമായി ശരീരം പങ്കിട്ട അവളെ എനിക്കു വേണ്ട.. അതു ശരിയാവില്ല അച്ചൻമാർ എന്നോടു പൊറുക്കണം.” ആ പാവം മനുഷ്യൻ അച്ചൻമാരോട് അപേക്ഷിച്ചു.

” അപ്പ നീയവളെ സ്വീകരിക്കില്ലയല്ലേ.”
കൂട്ടത്തിലുണ്ടായിരുന്ന ഒരു ദൈവദാസന്റെ ശബ്ദം കനത്തു.

“നമ്മുടെ രൂപതയുടേയും പുരോഹിതരുടേയും മുഖത്ത് കരിവാരിത്തേച്ചേനീയടങ്ങൂവല്ലേ? ”

“നീ ആരോടാണ് കളിക്കുന്നതെന്ന് നിനക്കറിയാമോ? നിന്റെ ജീവിതം ഞങ്ങൾകൊളംതോണ്ടും നിന്നെ ഞങ്ങൾ പള്ളിന്നു വെലക്കും നിന്റെ കുഞ്ഞിന്റെ ആദ്യകുർബ്ബാന സ്വീകരണവും സ്ഥൈര്യലേപന മടക്കമുള്ള കൂദാശകളും നീയെങ്ങന നടത്തും.നീ ചത്താ നിന്നെ തെമ്മാടിക്കുഴി പ്പോലും കെടത്തില്ല.. മര്യദയ്ക്ക് ഞങ്ങൾ പറയുന്നത്‌ അനുസരിക്കുന്നതാണ് നെനക്ക് നല്ലത് “..
മൂന്നു പുരോഹിതരും കൂടി ആ പാവത്തിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. സഭയെയും പുരോഹിതരേയും വെറുപ്പിച്ച് തനിക്കെങ്ങനെ ജീവിക്കാനാകും. ആ പാവം വിശ്വാസി വല്ലാതെ ഭയപ്പെട്ടു പോയി. അയാളുടെ കണ്ണുകളിലെ ഭയവും ദൈന്യതയും കണ്ട് സംഗതി ഏറ്റെന്ന് പുരോഹിതർക്ക് ബോദ്ധ്യമായി. പിന്നെ അനുനനയത്തിലായി ഉപദേശം

” ഇപ്പോൾ ഇതാരും അറിഞ്ഞിട്ടില്ല അടുത്ത ഞായറാഴ്ച്ച തന്നെ മകളെയും ഭാര്യയെയും കൂട്ടിക്കൊണ്ടുവന്ന് ഒരു പുതിയ ജീവിതം ആരംഭിക്കണം.. പിന്നെ പിടിച്ചു നിൽക്കാൻ ആ പാവത്തിനായില്ല. അഞ്ചു ലക്ഷമടങ്ങിയ പൊതിയെടുത്ത് അയാളുടെ കൈയ്യിൽ കൊടുത്തുകൊണ്ട് പുരോഹിതൻ പറഞ്ഞു. ” പാപം ചെയ്യാത്ത മനുഷ്യരില്ല. മനുഷ്യരുടെ പാപങ്ങൾ പോക്കാനാണ് യേശു ദേവൻ ഭൂമിയിൽ അവതരിച്ച് വിശുദ്ധ കുർബ്ബാന സ്ഥാപിച്ചത്.നമ്മുടെ പാപങ്ങൾ കുമ്പസാരിച്ച് പ്രായശ്ചിത്തം ചെയ്ത് കുർബ്ബാന സ്വീകരിച്ചാൽ നമ്മുടെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകും അവളോടും ഒന്നു കുമ്പസാരിക്കാൻ പറയു”
പിറ്റേ ഞായറാഴ്ച്ച ഭർത്താവ് ഭാര്യയുടെ വീട്ടിലെത്തി അവരേയും തന്റെ മകളെയും കല്ലഞ്ചേരിയിലേക്ക് കൂട്ടിക്കൊണ്ടു വന്നെങ്കിലും കല്ലഞ്ചേരി പള്ളിയിൽ കുർബ്ബാനയ്ക്കു പോയില്ല കുമ്പളങ്ങി നടുവില പള്ളിയിലെത്തിയാണ് പിന്നീടാവർ കുർബ്ബാനയിൽ പങ്ക കൊണ്ടത്..

മാസങ്ങൾക്ക് ശേഷം കഥാപുരുഷനെ ഇടക്കൊമ്പി ആൽഫാ പാസ്റ്ററൽ സെൻറിലേക്ക് മാറ്റിയതിനു ശേഷമാണ് ആ കുടുംബം ഇടവക പള്ളിയിലെ കുർബ്ബാനയിൽ സംബന്ധിച്ചത്.
ഇതിനിടയിൽ കൊച്ചി രൂപതാ ആസ്ഥാനത്ത് അസ്വസ്തതയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടുകയായിരുന്നു. ഒപ്പം ബിഷപ്പിനെതിരായ ഗൂഢാലോചനകളും അസംതൃപ്തരായ ആറു പുരോഹിതൻമാരുടെ നേതൃത്വത്തിലായിരുന്നു. ഗൂഢാലോചനയും രഹസ്യ യോഗങ്ങളും….

തുടരും

മുന്‍ അധ്യായങ്ങള്‍ ——

എവിടെ ജോണ്‍? ::  കൊച്ചിയില്‍ എത്തിയ നല്ല ഇടയന്‍ (1) 

എവിടെ ജോണ്‍?? മഴനൃത്തത്തിന്റെ കരിനിഴലില്‍ (2)

എവിടെ ജോണ്‍? അശനിപാതമായി കറുത്ത പെണ്ണ് (3)

എവിടെ ജോണ്‍ രക്താഭിഷേകം എന്ന ചോരക്കളി (4)

എവിടെ ജോണ്‍ (5) പള്ളിലച്ചന്‍ പപ്പ