ഗുജറാത്തില്‍ മരണസംഖ്യ ഉയരുന്നു; കാരണം കോവിഡിന്റെ എല്‍ ടൈപ്പ് വൈറസ് ?

അഹമ്മദാബാദ്: ഗുജറാത്തില്‍ കോവിഡ് മരണനിരക്ക് കൂടാന്‍ കാരണം ചൈനയിലെ വുഹാനില്‍ സാന്നിധ്യമറിയിച്ച കോവിഡ് വൈറസിന്റെ എല്‍ ടൈപ്പ് വകഭേദത്തിന്റെ ആധിക്യമാകാമെന്ന് വിദഗ്ധര്‍.

വുഹാനില്‍ ആയിരങ്ങളുടെ ജീവനെടുത്ത വൈറസാണ് എല്‍ ടൈപ് കോവിഡ് വൈറസ്. വുഹാനില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്ക് രോഗം പടരുന്നതിനിടെ വൈറസിന്റെ സ്വഭാവത്തില്‍ മാറ്റങ്ങളുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.

ഗുജറാത്തില്‍ ഇതുവരെ കോവിഡ് ബാധിച്ച് 151 പേരാണ് മരണത്തിനു കീഴടങ്ങിയത്. എസ് ടൈപ്പ് കോവിഡ് വൈറസിനേക്കാള്‍ വിനാശകാരിയായ എല്‍ടൈപ്പ് വൈറസിന്റെ സാന്നിധ്യമാണ് ഇവിടെ മരണനിരക്ക് ഉയരാന്‍ കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഗുജറാത്തിലെ ബയോടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയില്‍ ആദ്യമായി എല്‍ ടൈപ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.

ജീനോം സീക്വന്‍സിങ്ങിനായി കഴിഞ്ഞ ഇടയ്ക്ക് ഉപയോഗിച്ച നോവല്‍ കൊറോണ വൈറസില്‍ എല്‍ടൈപ്പ് സ്‌ട്രെയ്‌നിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നതായി ഗുജറാത്ത് ബയോടെക്‌നോളജി റിസര്‍ച് സെന്റര്‍ (ജിബിആര്‍സി )ഡയറക്ടര്‍ സിജി ജോഷി പറഞ്ഞു.

ഒരു രോഗിയില്‍ നിന്ന് ശേഖരിച്ച സാമ്പിള്‍ മാത്രമാണ് ജീനോം സീക്വന്‍സിംഗ് നടത്തിയതെന്നും ഭൂരിഭാഗം പേരെയും ബാധിച്ചത് ഇതേ വൈറസാണെന്ന് പറയാറായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് ബാധിച്ച് കൂടുതല്‍ പേര്‍ മരിച്ച വിദേശ രാജ്യങ്ങളിലും എല്‍ ടൈപ് വൈറസിന്റെ സാനിധ്യം കണ്ടെത്തിയിരുന്നു. എന്നാല്‍ കോവിഡിനൊപ്പം മറ്റും രോഗങ്ങളും കൂടിയുള്ളവരാണ് മരിച്ചതില്‍ ഭൂരിഭാഗവുമെന്നാണ് ഗുജറാത്ത് ആരോഗ്യവകുപ്പ് പറയുന്നത്.