കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ കോവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നു !

കോഴിക്കോട്: കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലെ കോവിഡ് രോഗികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ചോര്‍ന്നു. ഗൂഗിള്‍ മാപ്പ് വഴിയാണ് വിവരങ്ങള്‍ പുറത്തായിരിക്കുന്നത്. രോഗികളുടെ മേല്‍വിലാസം ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും ഗൂഗിള്‍ മാപ്പില്‍ ലഭ്യമാണ്. സ്വകാര്യ കമ്പനികളില്‍ നിന്ന് കോവിഡ് രോഗികളെ വിളിച്ചതോടെയാണ് വിവരം ചോര്‍ന്ന കാര്യം പുറത്തുവന്നത്.

കോവിഡ് പോസിറ്റീവായ രോഗികളുടെ വിവരങ്ങള്‍ ഡിഎംഒ മൂന്ന് മേഖലകളിലേക്കാണ് കൈമാറുന്നത്. ജില്ലാ പോലീസ് മേധാവി, സ്പെഷ്യല്‍ ഡി വൈ എസ്.പി, സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം എന്നിവടങ്ങളിലേക്കാണ് വിവരങ്ങള്‍ കൈമാറുന്നത്.
ഇവിടെ എവിടെ നിന്നെങ്കിലുമാകാം വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് സംശയിക്കുന്നത്.കണ്ണൂരിനും കാസര്‍ഗോഡിനും പുറമെ പത്തനംതിട്ടയിലും വിവരങ്ങള്‍ ചോര്‍ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ഐ കൊന്റല്‍ സൊല്യൂഷന്‍സ് എന്ന സ്വകാര്യ കമ്പനിയാണ് കാസര്‍ഗോഡുള്ള രോഗിയെ മൊബൈല്‍ വഴി ബന്ധപ്പെട്ടാണ് വിവരങ്ങള്‍ ചോദിച്ചത്. വിവര ശേഖരണ, ഡേറ്റാ ബേസ് എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയാണിത്. ഒരു സ്വകാര്യ കമ്പനിയ്ക്ക് കൊവിഡ് രോഗിയുടെ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ ലഭിച്ചുവെന്നത് ഗൗരവമേറിയതാണ്.