പുതിയ നിയമസഭാ ഹോസ്റ്റലിന് എയര്‍പോര്‍ട്ട് അതോറിറ്റി അനുമതി നിഷേധിച്ചു

നിയമസഭ ഹോസ്റ്റല്‍ കോമ്പൗണ്ടില്‍ പുതിയ ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിക്കുന്നതിന് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ അനുമതി ലഭിച്ചില്ല. 13 നിലയുള്ള ഫ്ളാറ്റ് പണിയാനായാണ് പൊതുമരാമത്ത് വകുപ്പ് അനുമതിയ്ക്കായി അപേക്ഷിച്ചത്. എന്നാല്‍ എട്ടു നിലയില്‍ കൂടുതല്‍ ഉയരമുള്ള കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.

സ്വകാര്യ വ്യക്തികള്‍ 30 നില വരെയുള്ള ഫ്ളാറ്റ് സമുച്ചയങ്ങള്‍ പണിതുയര്‍ത്താന്‍ അനുമതി നല്‍കാറുള്ള എയര്‍പോര്‍ട്ട് അതോറിറ്റിയാണ് ഇപ്പോള്‍ ഈ തീരുമാനമെടുത്തിരിക്കുന്നത്. ഹോസ്റ്റല്‍ കോമ്പൗണ്ടിലെ പമ്പാ ബ്ലോക്ക് പൊളിച്ചു മാറ്റി പുതിയത് നിര്‍മ്മിക്കാനായിരുന്നു തീരുമാനം. നിലവില്‍ ചോര്‍ന്നൊലിക്കുന്ന നിലയിലാണ് എം.എല്‍.എമാര്‍ക്ക് ലഭിച്ച പമ്പാ ബ്ലോക്കിലെ പല ഫ്ളാറ്റുകളും. മുറികള്‍ ചെറുതായതിനാല്‍ രണ്ടു മുറി വീതമാണ് പലര്‍ക്കും അനുവദിച്ചിരിക്കുന്നത്. വിമാനത്താവള അതോറിറ്റിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി 13 നിലയ്ക്കും അനുമതി നേടാമെന്ന പ്രതീക്ഷയിലാണ് നിയമസഭാ സെക്രട്ടറിയേറ്റ്.