സങ്കേതികവിദ്യ @ 2016 ; നേട്ടവും കോട്ടവും

-സുനിൽ സ്കറിയ മാത്യു-

ടെക്‌നോളജിയില്‍ 2016-ലുണ്ടായ തരംഗങ്ങള്‍ പലതാണ്. ശരീരത്തില്‍ ധരിക്കാവുന്ന കമ്പ്യൂട്ടിംഗ് ഉപകരണങ്ങള്‍ (വെയറബിള്‍ കമ്പ്യൂട്ടിംഗ് ഡിവൈസ്) ലോകം കീഴടക്കും എന്ന ധാരണ തെറ്റിപ്പോയ കാഴ്ചയ്ക്കാണ് 2016 സാക്ഷ്യം വഹിച്ചത്. ഗൂഗിള്‍ ഗ്ലാസ് ആയിരുന്നു കമ്പ്യൂട്ടിംഗ് ഡിവൈസുകളുടെ ഫ്‌ളാഗ്ഷിപ്പ് ആകുമെന്ന് കരുതിയിരുന്നത്. അത് പക്ഷേ 2015-ല്‍ തന്നെ മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമായിപ്പോയി. പിന്നീട് സ്മാര്‍ട്ട് വാച്ചുകളുടെ ഊഴമായിരുന്നു. ആപ്പിളും സാംസങ്ങും അടക്കമുള്ള വമ്പന്‍മാരെല്ലാം സ്മാര്‍ട്ടവാച്ച് വിപണിയിലെത്തിച്ചു. ആരംഭ ശൂരത്വം കഴിഞ്ഞപ്പോള്‍ അവിടെയും കഥ തഥൈവ. ഇന്ത്യയടക്കമുള്ള വളരുന്ന വിപണികളില്‍ ഒരു ചലനവും സ്മാര്‍ട്ട് വാച്ചുകളും സൃഷ്ടിച്ചില്ല.

2016-ല്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സില്‍ അല്പമെങ്കിലും ചലനം സൃഷ്ടിച്ചത് വിര്‍ച്വല്‍ റിയാലിറ്റി ഡിവൈസുകള്‍ ആണ്. കൃത്യമായി പറഞ്ഞാല്‍ വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകള്‍. ഗൂഗിളിന്റെ കാര്‍ഡ്‌ബോര്‍ഡില്‍ തുടങ്ങി ഫെയ്‌സ്ബുക്കിന്റെ ഓക്യുലസ് റിഫ്റ്റില്‍ എത്തി നില്‍ക്കുന്നു വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകളുടെ കഥ. ഗെയിമിങ്ങിലും മീഡിയ കണ്‍സപ്ഷനിലും പുതിയ അനുഭവം തന്നെയാണ് ഈ സാങ്കേതിക വിദ്യ. ഇന്ത്യയില്‍ പ്രചാരം നേടി വരുന്നതേ ഉള്ളൂ വിര്‍ച്വല്‍ റിയാലിറ്റി ഡിവൈസുകള്‍.

പോക്കിമോന്‍ ഗോയിലൂടെ ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യ വന്‍ തിരിച്ചു വരവ് നടത്തിയ വര്‍ഷമാണ് 2016. രണ്ടു ദശാബ്ദത്തിലേറെയായി പോക്കിമോന്‍ കഥാപാത്രങ്ങള്‍ക്ക് നിയാന്റിക് രൂപം കൊടുത്ത് കഴിഞ്ഞിട്ടുണ്ടെങ്കിലും ഓഗ്മെന്റഡ് റിയാലിറ്റിയാണ് ഇവര്‍ പുനര്‍ജ്ജന്മം രകൊടുത്തത്. ലോകം മുഴുവന്‍ പോക്കിമോന്‍ ഭ്രാന്തിലാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയില്‍ റിലയന്‍സ് ജിയോയുമായി ചേര്‍ന്ന് കഴിഞ്ഞ ദിവസമാണ് നിയാന്റിക് പോക്കിമോന്‍ ഗോ ഔദ്യോഗികമായി ലോഞ്ച് ചെയ്തത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും റോബോട്ടിക്‌സും വരും വര്‍ഷങ്ങളില്‍ ലോകം ഭരിക്കും എന്നതിന്റെ വ്യക്തമായ സൂചനകള്‍ കിട്ടിയ വര്‍ഷമാണ് 2016. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കൊള്ളാവുന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനികളെ മുഴുവന്‍ ഗൂഗിളും ഫെയ്‌സ്ബുക്കും ആപ്പിളും അടക്കമുള്ള വമ്പന്മാര്‍ റാഞ്ചിക്കഴിഞ്ഞു. ഹോം ഓട്ടോമേഷനില്‍ സഹായിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫെയ്‌സ്ബുക്കിന്റെ ജാര്‍വിസ് എന്ന സോഫ്റ്റ് വെയര്‍ കഴിഞ്ഞ ദിവസമാണ് മാര്‍ക് സുക്കര്‍ബര്‍ഗ് അവതരിപ്പിച്ചത്. ആമസോണ്‍ ആദ്യ ഡ്രോണ്‍ ഡെലിവറി നടത്തിയതും 2016-ന്റെ അവസാന മാസമാണ്.

സാംസങ് ഗാലക്‌സി നോട്ട് 7 ആണ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ടെക്‌നോളജിയില്‍ 2016-ലെ ദുരന്തം. സാംസങിന്റെ ഭാവിയെ തന്നെ അവതാളത്തിലാക്കിയ പരാജയമാണ് ഈ ഫോണിനുണ്ടായത്. തീപിടിക്കുന്നത് മൂലം വിപണിയില്‍ നിന്ന് ലക്ഷകണക്കിന് യൂണിറ്റുകളാണ് സാംസങിന് പിന്‍വലിക്കേണ്ടി വന്നത്. തീപിടിക്കുന്നതിന്റെ കാരണം പോലും കണ്ടുപിടിക്കാന്‍ കമ്പനിക്ക് കഴിഞ്ഞില്ല എന്നതാണ് ഏറ്റവും അമ്പരിപ്പിക്കുന്ന വസ്തുത.

ചൈനീസ് മൊബൈല്‍ ഫോണ്‍ കമ്പനികള്‍ പതിവു പോലെ ഈ വര്‍വും ഇന്ത്യന്‍ വിപണിയില്‍ മുന്നേറ്റം തുടര്‍ന്നതും ശ്രദ്ധേയമായി. ഓപ്പോ, വണ്‍പ്ലസ് തുടങ്ങിയ കമ്പനികളുടെ ഫോണുകള്‍ 2016-ല്‍ ഇന്ത്യയില്‍ ഏറെ ജനപ്രിയത നേടുകയും ചെയ്തു.

റിലയന്‍സ് ജിയോയുടെ വെല്‍ക്കം ഓഫറും പിന്നീട് അതിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചതും ഇന്ത്യയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ഈ വര്‍ഷം ഉത്സവമായി.