പ്രവാസികൾ പലരും സ്വയം ജീവിക്കാൻ മറന്നുപോയവരാണ്

ബിന്ദു ഫെർണാണ്ടസ്

നാട്ടിൽ ലീവിനായ് എത്തുന്ന ഓരോ പ്രവാസിയോടും കുടുംബക്കാരും അയൽപക്കക്കാരും അറിയാതെ ചോദിച്ച് പോകുന്ന ആദ്യത്തെ ചോദ്യമുണ്ട്.എന്നാ മടക്കം…?എത്ര ദിവസത്തേക്കാ ലീവ്… ഈ ചോദ്യങ്ങൾക്ക് പുറകിൽ പലപ്പോഴും പ്രവാസിയെ വേദനിപ്പിക്കുക എന്ന ലക്ഷ്യം ഇല്ല എങ്കിലും പ്രവാസികളുടെ ചിലരുടെ ഉള്ളിൽ എങ്കിലും ഇത്തരത്തിൽ ഉള്ള ചോദ്യങ്ങൾ വേദന ഉളവാക്കുന്നു എന്നത് ഒരു സത്യമാണ്.ഓരോ പ്രവാസിയും ഏറ്റവും അധികം കാത്തിരിക്കുന്ന യാത്രകൾ ജന്മ നാട്ടിലേക്കുള്ള യാത്രകളാണ് .കുടിയേറി പാർത്ത നാടുകൾ സ്വർഗ്ഗം തന്നെ കൈകുമ്പിളിൽ കൊണ്ട് തന്നാലും ജന്മനാട്ടിൽ മാത്രം കിട്ടുന്ന ചിലതുണ്ട്.അത് അവർ വളർച്ചയുടെ പാതകളിൽ ഹൃദയത്തിൽ ചേർത്ത് പിടിച്ച രക്തത്തിൽ അലിഞ്ഞ് ചേർന്ന നമ്മൾ നൊസ്റ്റാൾജിയ എന്ന് ഓമനപേരിട്ട് വിളിക്കുന്ന കുറെ ഇഷ്ടങ്ങളാണ് .അത് ലഭിക്കണം എങ്കിൽ അവർ അവരുടെ ജന്മനാട്ടിൽ തന്നെ തിരിച്ചെത്തണം .ആശിച്ച് പൂശിച്ച് നാട്ടിൽ എത്തുന്ന ഓരോ പ്രവാസിയും സ്വന്തക്കാരുടെയും ബന്ധങ്ങളുടെയും മുമ്പിൽ കാണിക്കുന്നത് ഇല്ലായ്മയുടെ മുഖങ്ങൾ അല്ല. കാശുകാരാണ് പ്രവാസികൾ. അത് അങ്ങനെ യേ ആകാൻ പാടൂ എന്ന് പ്രവാസികളും നാട്ടുകാരും ഒരുമിച്ചെടുത്ത ഒരു തീരുമാനത്തിൻ്റെ ചട്ടക്കൂട്ടിൽ പൊതിഞ്ഞ ഒരു പതിപ്പുകളാണ് ഓരോ പ്രവാസിയും ഈ മുഖം സംരക്ഷിക്കാനായി ഒരു വലിയ കൂട്ടം പ്രവാസികൾ എങ്കിലും കട ബാധ്യതകളുടെ കൂമ്പാരമായി ഇതിനകം മാറിക്കാണും എന്നത് ഒരു സത്യമാണ്.
പ്രവാസികൾ പലരും സ്വയം ജീവിക്കാൻ മറന്ന് പോയവരാണ് .സ്വന്തം കുടുംബം വളർത്താൻ ബന്ധങ്ങളെ പിണക്കാതിരിക്കാൻ മുണ്ട് മുറുക്കി ഉടുത്തവരാണ് .ഇതല്ലാത്തവർ വിരളം.എങ്കിലും പ്രവാസികളെ മനസ്സിലാക്കാൻ,അവർ അനുഭവിച്ച മാനസിക സമ്മർദ്ധങ്ങൾ മനസിലാക്കാൻ ,അവർ നടന്ന് തീർത്ത കനൽവഴികൾ മനസിലാക്കാൻ അവരുടെ നല്ല പാതികൾക്കോ അവരുടെ രക്തത്തിൽ പിറന്ന മക്കൾക്കോ പോലും പലപ്പോഴും കഴിയാതെ പോയിട്ടുണ്ട്.പ്രവാസികളുടെ ദു:ഖം .. ബുദ്ധിമുട്ട് കഷ്ടപ്പാട് എന്തെന്ന് പുറം ലോകം അറിയാതിരിക്കാൻ പ്രവാസികളും ആഞ്ഞ് പരിശ്രമിച്ചിട്ടുണ്ട്.
ലക്ഷക്കണക്കിന് പ്രവാസികൾക്കാണ് ഈ ഒരു മെയ് ദിനത്തിൽ തൊഴിൽ നഷ്ടമായത്. നാട്ടിലേക്ക് പോകാനോ വിദേശത്ത് നിൽക്കാനോ പറ്റാത്ത ഒരു അവസ്ഥയിൽ കൂടെ എത്ര മനുഷ്യരാണ് വലയുന്നത്.കോടി ക്കണക്കിന് മനുഷ്യരാണ് സ്വദേശത്തും വിദേശത്തും ജോലി നഷ്ടപ്പെട്ട് നരകിക്കുന്നത്. അത്രയേറെ ആളുകൾ തന്നെ ജോലി ഉണ്ടെങ്കിലും പോകാൻ കഴിയാതെ വീടുകളിൽ തളച്ചിടപ്പെട്ടത്.എല്ലാം വരുത്തി വെച്ചത് ഒരു വൈറസാണ്.
ഇത്രയേ ഉള്ളൂ ഒരു മനുഷ്യ ജീവിതത്തിലെ കണക്ക് കൂട്ടലുകൾ ,എന്തൊക്കെ പ്ലാനുകൾ ആയിരുന്നു.എത്ര പെട്ടെന്നാണ് അതെല്ലാം വെള്ളത്തിലായത്.മനുഷ്യൻ പദ്ധതികൾ വിഭാവനം ചെയ്യുന്നു.അന്തിമമായ തീരുമാനം കർത്താവിൻ്റെതത്രെ. ബൈബിളിലിൽ ഉള്ള ഒരു വചനമാണിത്.സൂക്ഷമായി പ്ലാൻ ചെയ്ത പദ്ധതികൾ പോലും കൈക്കുമ്പിളിൽ നിന്ന് ഒലിച്ച് പോകും എന്ന് കാലം തെളിയിച്ച് കൊണ്ടിരിക്കയാണ്.
എന്താണ് ഇതിനൊരു സൊല്യൂഷൻ.?ഒറ്റ വാക്കിൽ ആർക്കും എളുപ്പമല്ല. മനുഷ്യൻ്റെ നീറുന്ന ജീവിത പ്രശ്നങ്ങൾക്ക് ഉത്തരം ഈയവസ്ഥയിൽ നൽകാൻ ..?. ഓരോ മനുഷ്യനും അവൻ്റെ ചുറ്റുപാടുകൾ തുറന്ന കണ്ണോടും മനസ്സോടും കൂടെ കണ്ട് എടുക്കേണ്ടതാണ് ഈ ഒരു അവസരത്തിൽ തീരുമാനങ്ങൾ ,അതല്ല എങ്കിൽ കൊറോണയുടെ കാലഘട്ടത്തിൽ എന്നേക്കുമായി കൈ വിട്ട് പോകുന്നത് സ്വന്തം ജീവിതം തന്നെയാകും. ജോലിയില്ലാക്കാലത്തെ മെയ് മാസ പുലരിയിൽ നിന്ന് ഒരു മെയ് ദിന ആശംസകൾ .നല്ലത് വരാൻ പ്രാർത്ഥനകൾ