“അത്താഴം കൊട്ടികൾ”

സുമയ്യ നൂർജഹാൻ

മനുഷ്യന്റെ ജീവിതത്തിലും സംസ്കാരത്തിലും ഇഴുകിചേർന്ന് വർഷങ്ങളോളം അധിവസിച്ച് മണ്മറഞ്ഞു പോയൊരു കൂട്ടരെ പറ്റി പറയാം. കാലാകാലങ്ങളോളം ഭൂമുഖത്തുണ്ടായിരുന്നിട്ട് പതിയെ പതിയെ വംശനാശം സംഭവിച്ച ജീവിവർഗ്ഗങ്ങളെ പോലെ, മനുഷ്യജീവിതത്തിലെ പരിണാമപ്രക്രിയകൾക്കിടയിൽ ഇല്ലാണ്ടായി പോകുന്ന ചില വിഭാഗങ്ങൾ…തെരുവ് വിളക്കുകളുടെ കടന്ന് വരവോടെ മണ്മറഞ്ഞു പോയ ഒടിയന്മാരെ പോലെ ടെക്നോളജിയുടെ കടന്ന് വരവോടെ ഇല്ലാതായി കൊണ്ടിരിക്കുന്നവരാണ് ഇവരും.

കടൽ കടന്ന് കേരളത്തിലെത്തിയ ചില സംസ്കാരങ്ങളുടെ പിന്തുടർച്ചക്കാരാണ് അത്താഴം മുട്ടുകാർ. ചില അറബ്‌നാടുകളിൽ സംഘമായി വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ദുആക്കളും പാട്ടുകളും ആയി സംഘം ചേർന്ന് വരുന്ന അത്താഴം മുട്ട് സംഘങ്ങൾ ഇപ്പോഴും നിലവിലുണ്ട്..

റമദാനിൽ പാതിരാത്രികഴിഞ്ഞ് പ്രദേശവാസികളെ , അത്താഴം തയ്യാറാക്കാനും ആഹാരം കഴിക്കാനും ആയി ഉറക്കമുണരാനുമുള്ള സമയമായെന്ന് വിളിച്ചറിയിക്കുന്നവരാണ് അത്താഴം കൊട്ടികൾ. രണ്ടോ അതിലധികമോ ആളുകളുടെ സംഘങ്ങളായി പെട്രോമാക്സ് വിളക്കിന്റെ വെളിച്ചത്തിൽ ദഫ്, *ചീനടി /ചീനി എന്നിവയൊക്കെ കൊട്ടി ഉച്ചത്തിൽ പാട്ടൊക്കെ പാടിയായിരുന്നു ഈ സംഘം പോയിരുന്നത്.. റമദാനിൽ അത്താഴം കഴിക്കൽ നിർബന്ധം ആണ്. രാവിലെ സുബ്ഹ്ക്കു ബാങ്ക് വിളിക്കുന്നതിന്‌ മുന്നേ (ഉദ്ദേശം രാവിലേ 5 മണിക് മുമ്പ് ) അത്താഴം കഴിച്ചിരിക്കണം. അതിനു മുന്നേ ഉണർന്ന് വീട്ടിലെ സ്ത്രീജനങ്ങൾക്ക് ആഹാരം തയ്യാറാക്കാനും കൂടിയുള്ള മുന്നറിയിപ്പ് വിളികളായിരുന്നു അവ.
എന്റെ ചെറുപ്പത്തിൽ അത്താഴം കൊട്ട് സംഘം വീടിന്റെ അടുത്തെത്തിയിരുന്നത് ഏകദേശം രണ്ടു മണിയോടെ ആയിരുന്നു. അവരുടെ ഉച്ചത്തിലുള്ള പാട്ടും, കൊട്ടും പോരാഞ്ഞു റോഡരികുള്ള ജനാലമേൽ, ഗേറ്റിനു മേൽ ശക്തിയായി ചടപടാ ഇടിച്ചും ഉണ്ടാക്കുന്ന ശബ്ദത്തിലും ഉറക്കം ഞെട്ടി എണീക്കും, അത്താഴത്തിനു ഇനിയും സമയം ഉണ്ടെന്ന് മനസിലാക്കി ഉണരാനും ഉറങ്ങാനും ആകാതെ മിഴിച്ചു കിടക്കും. രാത്രിയിലെ ഇരുട്ടിൽ ആ ചീനടി ശബ്ദങ്ങളും പാട്ടും കാല്പെരുമാറ്റങ്ങളും നൽകുന്ന നെഞ്ചിൽ പെരുമ്പറ മുഴക്കും. ഇതിനിടയിൽ എപ്പോഴോ വീണ്ടും മയങ്ങി പോകും. അപ്പോഴും അവബോധമനസ്സിൽ

“അത്താഴം കൊട്ടുങ്കോ,
*പാലും പഴവും പുഴിയുങ്കോ
എല്ലാരും യെളവുങ്കോ ”

(അത്താഴം കൊട്ടട്ടേ
പാലും പഴവും പിഴിഞ്ഞാട്ടേ
എല്ലാരും എണീറ്റാട്ടേ….. )

എന്ന പാട്ടും ജിൻജിൻങ് ചീനടി ശബ്ദവും മുഴങ്ങി നിക്കും.

അപ്പോളേക്കും ഉമ്മാ ഉണർന്നു അടുക്കളയിൽ കയറിയിട്ടുണ്ടാകും. ഞങ്ങൾക്ക് എല്ലാവർക്കും ചോറാണ് ഇഷ്ടം. ചിലയിടങ്ങളിൽ പലഹാരവും. ചോറും മീൻ കറിയും പാത്രങ്ങളിൽ വിളമ്പി മുട്ട പൊരിച്ചു മീൻ വറുത്തു ചായയും ഇട്ടു, ഉപ്പായ്ക്കും ഉമ്മുമ്മയ്ക്കും ഉള്ള പാലും പഴവും പിഴിഞ്ഞ് റെഡി ആക്കും ഉമ്മാ. ബീമാപള്ളിയുടെ അത്താഴം സ്പെഷ്യൽ ഫുഡ്‌ ആണ് പാലും പഴവും. കരുപ്പെട്ടി ഉരുക്കിയതിൽ ചെറു പഴവും തേങ്ങാപ്പാലും കൈ കൊണ്ടു നല്ലോണം ഞരടി യോജിപ്പിച്ചു തയ്യാറാക്കുന്ന ഡ്രിങ്ക് ആണ് പാലും പഴവും. മിക്സിയിൽ അടിച്ചെടുത്താൽ രുചികുറയും. തീരദേശ പ്രദേശമായ ബീമാപള്ളിയിലെ പരമ്പരാഗത ജോലി മത്സ്യബന്ധനമായിരുന്നു. റമദാനിൽ പൊരി വെയിലത്തു കായികാധ്വാനം കൂടുതലുള്ള ഈ പണിക്ക് പോകുന്നവർ ക്ഷീണിക്കാതിരിക്കാനും, വിശക്കാതിരിക്കാനും അത്താഴത്തിനു കുടിക്കുന്ന എനർജി ഡ്രിങ്ക് ആണ് പാലും പഴവും. ചിലർക്ക് അത് ചോറിൽ ഒഴിച്ച് കുഴച്ചു കഴിക്കുന്നതാണ് പഥ്യം. (എനിക്കു എങ്ങനെയായാലും ഇഷ്ടമല്ല) ഇന്ന് കടൽപണിക്ക് പോകുന്നവർ തീരെ കുറവാണ്, അത് പോലെ പാലും പഴവും ചോറും കഴിക്കുന്നവരും.

അത്താഴം മുട്ടുകാരിലേക്ക് തന്നെ വരാം, പള്ളിയിലെ ജമാഅത് ആണ് ഇവരെ നിയമിക്കുന്നതും കൂലി നൽകുന്നതും. റമദാൻ 27 ന് ചെറിയ തോതിൽ ഓരോ വീടുകളിൽ നിന്നും ചെറിയൊരു പിരിവും ഇവർക്ക് ഉണ്ടാവും. കുഞ്ഞുനാളിൽ ഈ ലോകത്ത് ഏറ്റവും ധൈര്യശാലികൾ ഇവരാണ് എന്ന് സങ്കല്പിച്ചു പോന്നു. രാത്രിയിലെ ഏകാന്തതയിൽ, കയ്യിലേന്തിയ വിളക്കുകളുടെ വെളിച്ചത്തിൽ ഭൂതപ്രേത പിശാചുക്കളെ ഒന്നും ഭയക്കാതെ വരുന്ന ഇവർക്ക് ഒരു ധീരപരിവേശം ആയിരുന്നു മനസ്സിൽ.

പ്രാദേശികമായ പല സംസ്കാരങ്ങളും ശീലങ്ങളും ശൈലികളും പാട്ടുകളും തൊഴിലുകളും ഭാഷഭേദങ്ങളും നാടൻ തനിമയും കാലക്രമേണ അന്യം നിക്കുന്ന പോലെ മൊബൈൽ ഫോണുകളുടെ കുത്തൊഴുക്കിൽ ഇവരും ഇല്ലാതായി. ഫോണിലെ അലാറം, ഓൺലൈൻ ബാങ്കുകൾ ഒക്കെ ആണ് ഇപ്പൊ അത്താഴസമയം അറിയിക്കുന്നത്. നാട്ടിൽ ഇപ്പോ അത്താഴം കൊട്ടികൾ ഇല്ലാ. റമദാനിലെ ഓരോ രാത്രിയിലും ഉറങ്ങാൻ കിടക്കുമ്പോ വിദൂരതയിൽ നിന്നും ആ പാട്ടു കേൾക്കുന്ന പോലെ തോന്നും

“അത്താഴം കൊട്ടുങ്കോ
പാലും പഴവും പുഴിയുങ്കോ
എല്ലാരും യെളവുങ്കോ ”
……………………………….

* ചീനി /ചീനടി – ഇലത്താളം പോലൊരു വാദ്യോപകരണം.