ഞാൻ

ശ്രീജ ജയചന്ദ്രൻ
എന്നിൽനിന്ന് വേരറുന്ന നിമിഷങ്ങളുണ്ട്…
എന്നെത്തന്നെ തിരയുന്ന നിമിഷങ്ങൾ..
എന്നെത്തന്നെ മറന്നുവെച്ച നിമിഷങ്ങൾ…

നന്നായൊന്ന് ശ്വസിക്കാനാവാതെ,
തന്നിൽത്തന്നെച്ചുരുങ്ങി,
അലസമായി,
കണ്ണനീരൊഴുകിയ വഴിപ്പാടുകളെ
കണ്ണാടിയിലൂടെ
എണ്ണിനോക്കിച്ചിരിയ്ക്കുന്ന
ഭ്രാന്തൻ പകലുകൾ….

വെയിൽച്ചൂടിനോ
മഴമഞ്ഞിനോ
എന്നെക്കണ്ടുപിടിക്കാനാവില്ല…

കൺമഷിയും,
കുപ്പിവളകളും എന്നെ തേടിത്തുടങ്ങിയിട്ടുണ്ടാകും…

കുഞ്ഞിൻ്റെ ഇളംകൈകൾ
എന്നെത്തിരഞ്ഞ്
തുടങ്ങുമ്പോഴാണ്
ഞാൻ എന്നെത്തന്നെ
തിരഞ്ഞിറങ്ങുന്നത്…

മുറ്റത്തും തൊടിയിലും
മാവിൻ്റെ കൊമ്പത്തും,
കുളത്തിലും,
കിണറ്റിൻവക്കത്തും,
നാഗക്കാവിലും
തിരഞ്ഞ് തിരഞ്ഞ്
ഒടുവിൽ…
ഒടുവിലാണ്…
ഒറ്റമുറിയിലെ
മൂലയ്ക്ക് ഒരു പഴന്തുണിക്കെട്ടായ്
എന്നെ കണ്ടുകിട്ടാറുള്ളത്.