കഥ-ശലഭച്ചിറകുകൾ

നീതു പോൾസൺ

“ആരതി, നീ നിന്റെ മോളെ കണ്ട മരത്തേലും പ്ലാത്തേലും ഒക്കെ കേറാൻ വിട്ടോ…വയസ്സ് പതിമൂന്നായി അവക്ക്…നിനക്ക് അവളുടെ കാര്യത്തിൽ വല്ല ശ്രദ്ധയും ഉണ്ടോ…?’

ഒരുവേള ആരതി നിശ്ചലമായി നിന്നു. അടുപ്പിൽ പാകമായ ചോറ് വാങ്ങി തടയിട്ടു കൊണ്ട്, ഭാനുമതി എന്ന ആരതിയുടെ ഭർത്താവിന്റെ അമ്മ പെൺമക്കളെ അച്ചടക്കത്തോടെ വളർത്തണ്ട ആവശ്യകതയെ കുറച്ചു വാചാലയായി.

ആരതിയ്ക്ക് തലവേദനിക്കുന്നതു പോലെ തോന്നി.
അപ്പുവിനാകാം, എന്തും അപ്പോൾ ഞാനോ എന്ന് ദച്ചു ചോദിക്കുന്നിടത്ത് പലപ്പോഴും ഈയിടെയായി താൻ പതറുകയാണെന്ന് ആരതിയ്ക്കറിയാം. ചെറുപ്രായത്തിലെ വിവാഹവും കുഞ്ഞുങ്ങളെ പ്രസവിക്കലും മാത്രമാണോ സ്ത്രീകളുടെ ആത്യന്തികമായ ലക്ഷ്യം എന്ന് ആരതി സ്വയം ചോദിച്ചു പോയി. വലിയ പഠിപ്പില്ലാത്തവരെ പിന്നെന്തു ചെയ്യണം എന്ന് വർഷങ്ങൾക്കിപ്പുറവും അച്ഛൻ മുൻപിൽ വന്നു നിന്നു ചോദിക്കുന്നത് പോലെ.

ദച്ചു, മുറ്റത്തെ ചെറിയ മാവിന്റെ തുഞ്ചത്തിരുന്ന് ഊയലാടുന്നുണ്ട്. വെളുപ്പിൽ ചുവന്ന പൂക്കൾ വരഞ്ഞ പാവാട കാറ്റിലുലയുന്നു. അവളേതോ സ്വപ്നലോകത്താണെന്ന് ആരതിക്ക് തോന്നി.

” ദച്ചു, ഇവിടെ വാ അച്ചമ്മ വഴക്ക് പറയുട്ടോ നിന്നെ…”

അവളുടെ മുഖം വീർത്തു.

” അച്ചമ്മയ്ക്ക് അല്ലേലും ന്നെ ഇഷ്ടം ഇല്ല.
എത്ര വട്ടം ഞാൻ കണ്ടിരിക്കുന്നു, അപ്പൂന് ഒളിച്ചും, പാത്തും ഓരോന്നും കൊടുക്കുന്നത്. ഞാൻ എന്തു ചെയ്താലും കുറ്റം.”

ആരതി സ്നേഹവായ്പ്പോടെ അവളെ നോക്കി.

“അങ്ങനെ അല്ലടാ നീയൊരു പെങ്കുട്ടി അല്ലേ…”

” അതെന്താ പെങ്കുട്ടി ആയാ കൊള്ളില്ലേ…”

അവളുടെ കൂർത്ത നോട്ടത്തിന് മുൻപിൽ ആരതി പിന്നെയും പതറി നിന്നു. ദച്ചു പിണങ്ങീ പോവുന്നതും നോക്കി നിന്നപ്പോൾ ആരതിയുടെ ഉള്ളം നൊന്തു. അവളുടെ സ്വപ്നങ്ങൾക്ക് അറിഞ്ഞു കൊണ്ട് അതിർത്തി തീർക്കുകയാണോ താൻ ചെയ്യുന്നത്.

തിരികെ വന്നപ്പോൾ രവിയേട്ടനും അമ്മേം ദച്ചുവിന്റെ കാര്യം സംസാരിക്കുകയാണ്. രവിയേട്ടന് ദച്ചുവിനെ പ്രാണനാണ്. അതുകൊണ്ട് എന്നെ കണ്ടപ്പോൾ ആൾ എഴുന്നേറ്റു പോയി. ശേഷം അമ്മയോട് അവളെന്തേലും കാട്ടടെ അമ്മയ്ക്ക് എന്താന്ന് ഒരു ചോദ്യവും.

”ഞാനൊന്നും പറയില്ല. ആരാന്റെ അടുക്കളയിൽ വച്ചു വിളമ്പേണ്ട കൊച്ചാ അത്. ഇന്നോ നാളെയോ വയസറിയിക്കും…അടക്കിയൊതുക്കി വളർത്തിയാൽ അവനവന് കൊള്ളാം.”

അടുത്ത നിമിഷം വാതിൽ തുറന്ന് ദച്ചു ഇറങ്ങി വന്നു.
അവളുടെ മുഖത്ത് ഒരു തുടുപ്പും കണ്ണുകളിൽ ഒരു ക്ഷീണവും…
എന്തോ പന്തികേട് പോലെ ആരതിയ്ക്ക് തോന്നി

” അമ്മേ എനിക്ക് പീരിയഡ്സ് വന്നുവെന്ന് തോന്നുന്നു.”

ഭാനുമതിയമ്മ ഒരു നിമിഷം അമ്പരന്നു പോയി. പേടിച്ചരണ്ട് നിന്നൊരു സമയം അവരോർത്തെടുത്തു. എന്തു മാത്രം കരഞ്ഞു, ഭയന്നു…
ഭാനുമതി എന്തോ പറയാനായി വാ തുറന്നതും
ആരതി ഇടയിൽ കയറി.

” വേണ്ട അമ്മേ…ഈയൊരു നിമിഷമെങ്കിലും അവളുടേത് മാത്രമായിരിക്കട്ടെ…ഇവിടുന്നങ്ങോട്ടും…”

ഭാനുമതീടെ മുഖം ഇരുണ്ടു പോയി.

ആത്മവിശ്വാസത്തോടെ മകൾ അമ്മയെ നോക്കി ചിരിച്ചു. അവളുടെ ഉള്ളിൽ നിന്നും ഒരു നൂറായിരം ശലഭങ്ങൾ ഒന്നിച്ചു ചിറകുകൾ വീശി പറക്കാൻ തുടങ്ങിയിരുന്നു.