നേട്ടത്തിലേക്ക് സൈക്കിളുമായി പായുന്ന അലീന

തിരുവനന്തപുരം: തിരുവമ്പാടിയിലെ ഗ്രാമീണ പാതകളിലൂടെ തുടങ്ങിയ അലീനയുടെ സൈക്കിള്‍ യാത്ര ഇപ്പോള്‍ സുവര്‍ണ നേട്ടങ്ങളിലൂടെയാണ്. കാര്യവട്ടം എല്‍.എന്‍.സി.പിയിലെ വെലോഡ്രോമിലും ആ പതിവ് തെറ്റുന്നില്ല. ദേശീയ ട്രാക്ക് സൈക്കിളിങ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടു ദിനത്തിലും ട്രാക്കില്‍ നിന്നു സൈക്കിളിലേറി അലീന ചേര്‍ത്തുവച്ചത് സ്വര്‍ണം തന്നെ. ആദ്യ ദിനത്തില്‍ അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ആറു കിലോ മീറ്റര്‍ സ്‌ക്രാച്ച് റേസില്‍ സ്വര്‍ണം നേടിയ അലീന ഇന്നലെ 500 മീറ്റര്‍ വ്യക്തിഗത ടൈം ട്രയലില്‍ മീറ്റ് റെക്കോര്‍ഡോടെ സുവര്‍ണ കുതിപ്പ് നടത്തി. ദേശീയ രാജ്യാന്തര മത്സരങ്ങളില്‍ സൈക്കിളുമായി ഏതു ട്രാക്കിലിറങ്ങിയാലും അലീന മടങ്ങുക കൈ നിറയെ മെഡലുമായാണ്.

തിരുവനന്തപുരം ചെമ്പഴന്തി ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്പോര്‍ട്സ് ഡിവിഷനില്‍ പ്ലസ് ടു വിദ്യാര്‍ഥിയായ അലീന കര്‍ഷകരായ പുതുപ്പറമ്പില്‍ റെജി ചെറിയാന്റെയും മിനിയുടെയും മൂന്നു മക്കളില്‍ രണ്ടാമത്തെ പുത്രിയാണ്. വീട്ടില്‍ നിന്നു മൂന്നു കിലോ മീറ്റര്‍ അകലെയുള്ള തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലേക്കു പോകാന്‍ പിതാവ് വാങ്ങിക്കൊടുത്ത സൈക്കിളാണ് അലീനയുടെ ജീവിതം മാറ്റി മറിച്ചത്. അഞ്ചാം ക്ലാസ് മുതല്‍ സഹോദരിമാരായ അല്‍ക്കയോടും അമലുവിനോടും ഒന്നിച്ച് സൈക്കളിലായിരുന്നു സ്‌കൂളിലേക്കുള്ള യാത്ര.

നിലവില്‍ ന്യൂ ഡല്‍ഹിയില്‍ സായിയുടെ കീഴിലാണ് പരിശീലനം. കഴിഞ്ഞ സെപ്റ്റംബറില്‍ ന്യൂ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി സ്പോര്‍ട്സ് കോംപ്ലക്സില്‍ നടന്ന ട്രാക്ക് ഏഷ്യാ കപ്പ് സൈക്കിളിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി അലീന വെള്ളി നേടിയിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ഥിയായിരിക്കേ തിരുവനന്തപുരത്തു നടന്ന ദേശീയ ട്രാക്ക് സൈക്കിളിങ് ചാംപ്യന്‍ഷിപ്പില്‍ ടൈം ട്രയല്‍, സ്‌ക്രാച്ച് റേസ്, ടീം സ്പ്രിന്റ് ഇനങ്ങളില്‍ കേരളത്തിനായി ട്രിപ്പില്‍ സ്വര്‍ണ വേട്ട നടത്തി. മണിപ്പൂരില്‍ നടന്ന ദേശീയ ചാംപ്യന്‍ഷിപ്പില്‍ ടൈം ട്രയലയില്‍ സ്വര്‍ണം നേടിയ അലീന  റോഡ് സൈക്കിളിങില്‍ വെള്ളിയും കരസ്ഥമാക്കി. ദേശീയ കോച്ചായ ചന്ദ്രന്‍ ചെട്ടിയാരുടെ ശിക്ഷണത്തിലാണ് പരിശീലനം