‘കാരുണ്യ വര്‍ഷം: പിണറായിയെ ക്ഷണിച്ചതിനെച്ചൊല്ലി മെത്രാന്‍മാര്‍ക്കിടയില്‍ കലാപം’

കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ 12ന് നടത്തിയ കാരുണ്യ വര്‍ഷ സമാപനത്തോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. പരിപാടിയുടെ സംഘാടനം തുടങ്ങിയതു മുതല്‍ സഭയില്‍ പൊട്ടിത്തെറിയും തുടങ്ങി.

പിണറായിയെ ക്ഷണിച്ചതിനെതിരെ മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാന്‍മാര്‍ക്ക് കത്ത് അയച്ചു

-എബി ജോണ്‍-

കോട്ടയം: ആഗോള കത്തോലിക്ക സഭയില്‍ 2015 മുതല്‍ 2016 വരെ ഫ്രാന്‍സീസ് മാര്‍പാപ്പയാണ് കാരുണ്യ വര്‍ഷം പ്രഖ്യാപിച്ചത്. കാരുണ്യവര്‍ഷത്തില്‍ ജീവന്റെ മൂല്യം ഉയര്‍ത്തി പിടിക്കുന്നവരെ കണ്ടെത്തി ആദരിക്കാന്‍ കത്തോലിക്ക സഭ നിര്‍ദേശിച്ചു. കേരള കത്തോലിക്ക സഭയില്‍ കാരുണ്യ സന്ദേശയാത്ര അടക്കം വിപുലമായ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

കാരുണ്യ വര്‍ഷം തിരഞ്ഞെടുക്കപ്പെട്ട ദേവാലയങ്ങളില്‍ മാത്രം കരുണയുടെ കവാടങ്ങള്‍ തുറന്നും അതിലൂടെ കത്തോലിക്ക സഭയുടെ കൂദാശകളായ കുമ്പസാരം, കുര്‍ബാന സ്വീകരണം എന്നിവ സ്വീകരിച്ചും വിശുദ്ധി പ്രാപിക്കാനാണ് കത്തോലിക്ക സഭ വിശ്വാസികളോട് ആവശ്യപ്പെട്ടത്. ഇതെല്ലാം തെളിയിക്കുന്നത് കാരുണ്യ വര്‍ഷം കത്തോലിക്ക സഭയുടെ കൂദാശ പരമായ കാര്യമാണെന്നാണ്.

കാരുണ്യവര്‍ഷത്തിന്റെ ഉദ്ഘാടനവും സമാപനവും ആഗോളതലത്തില്‍ നടത്തിയത് ഫ്രാന്‍സീസ് മാര്‍പാപ്പയായിരുന്നു. മറ്റ് രാജ്യങ്ങളില്‍ നടത്തിയത് സഭയുടെ തലവന്‍മാരും, മെത്രാന്‍ സഭയുടെ തലവന്മാരുമായിരുന്നു.

എന്നാല്‍, കേരള കത്തോലിക്ക സഭയുടെ കാരുണ്യവര്‍ഷ സമാപനത്തിന് മാത്രം മുഖ്യകാര്‍മ്മികനായി തീരുമാനിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെയാണ്. ഇതെങ്ങനെ സംഭവിച്ചുവെന്ന് ചോദിക്കുകയാണ് കത്തോലിക്ക സഭയിലെ പല ബിഷപ്പുമാരും വിശ്വാസികളും.’

അതിന്റെ പിന്നാമ്പുറകഥകള്‍ ഇങ്ങനെ –

കരുണ്യവര്‍ഷ സമാപനത്തിന് പിണറായി വിജയനെ ക്ഷണിക്കാന്‍ തീരുമാനിച്ചവര്‍ ഇവരാണ് . ‘ മുന്‍ കെ.സി.ബി.സി.യുടെ തലവന്‍ ക്ലിമ്മീസ് കാതോലിക്ക ബാവ, ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ.വര്‍ഗ്ഗീസ് വള്ളിക്കാട്ട്, ബിഷപ്പ് സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ആര്‍ച്ച് ബിഷപ്പ് മാരായ മാത്യു മൂലക്കാട്ട്, ജോസഫ് പെരുംന്തോട്ടം. മറ്റു ബിഷപ്പുമാര്‍ ഇക്കാര്യമറിഞ്ഞത് വേദിയടക്കം ഒരുക്കള്‍ ഏതാണ്ട് പൂര്‍ത്തിയായ ശേഷമാണ്. ആര്‍ച്ച് ബിഷപ്പ് ജോസഫ് പൗവ്വത്തില്‍ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ചു. ഒരേ അരമനയില്‍ താമസിക്കുമ്പോഴും ദിവസേനെയുള്ള കൂടികാഴ്ച്ചകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്ന ആര്‍ച്ച് ബിഷപ്പ് പെരുംന്തോട്ടം തന്റെ മുന്‍ഗാമിയും കത്തോലിക്കാ സഭയിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ അപ്പസ്‌തോലനുമായ ആര്‍ച്ച് ബിഷപ്പ് ജോസഫ് പൗവ്വത്തില്‍ നിന്ന് ഈ തീരുമാനങ്ങളെല്ലാം മറച്ചുവെച്ചു. തീരുമാനങ്ങള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞ മാര്‍ പൗവ്വത്തില്‍ പൊട്ടിത്തെറിച്ചു. പിണറായിയെ ക്ഷണിച്ചതിലുള്ള പ്രതിഷേധവും ഔചിത്യക്കുറവും ചൂണ്ടിക്കാണിച്ച് മാര്‍ പൗവ്വത്തില്‍ കത്തോലിക്കാ സഭയിലെ എല്ലാ മെത്രാന്‍മാര്‍ക്കും കത്തയച്ചു. തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപെടണമെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. ആര്‍ച്ച് ബിഷപ്പ് പെരുന്തോട്ടം എടുത്ത തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുമെന്ന് വികാരി ജനറാള്‍ മുഖേന മാര്‍ പവ്വത്തിലിന്റെ സെക്രട്ടറിയെ അറിയിച്ചു.

പൗവ്വത്തില്‍ എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിക്കുമെന്ന് സൂചന ലഭിച്ചതോടെ ക്ലിമ്മീസ് കാതോലിക്ക ബാവ ചങ്ങനാശ്ശേരി അരമനയില്‍ പാഞ്ഞെത്തി. പൗവ്വത്തിലിന്റെ കാലു പിടിച്ചു. തീരുമാനം മാറ്റാന്‍ കഴിയില്ല, എതിര്‍ക്കരുതെന്നായിരുന്നു ആവശ്യം’
പരസ്യനിലപാട് എടുക്കില്ലന്ന് മാര്‍ പവ്വത്തില്‍ ക്ലിമ്മിസ് ബാവക്ക് ഉറപ്പ് കൊടുത്തു.
ദിവസങ്ങള്‍ക്ക് ശേഷം ചങ്ങനാശ്ശേരി അതിരൂപതയുടെ വൈദിക ആലോചനയോഗത്തില്‍ ഈ വിഷയം ഉയര്‍ന്നു വന്നു. മുതിര്‍ന്ന വൈദികര്‍ അടക്കമുള്ളവര്‍ പെരുംന്തോട്ടത്തിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നു. എതിര്‍പ്പുകളെ ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാള്‍മാരില്‍ ഒരാളായ ഫാ. പാലക്കനെ ഉപയോഗിച്ചാണ് മാര്‍ പെരുന്തോട്ടം നേരിട്ടത്.

നവംബര്‍ 12ന് കോട്ടയത്ത് നടന്ന കാരുണ്യവര്‍ഷ സമാപനത്തിന് വേദിയില്‍ ഉണ്ടാവരുതെന്ന് വൈദിക കൗണ്‍സില്‍ പെരുന്തോട്ടത്തിനോട് ആവശ്യപ്പെട്ടു. പെരുന്തോട്ടം നിര്‍ദ്ദേശം തള്ളി. ഇതിനിടെ കാരുണ്യ വര്‍ഷ സമാപനത്തിന് ആതിഥേയം വഹിക്കുന്നതില്‍ നിന്ന് വിജയപുരം ലത്തീന്‍ രൂപത പിന്‍മാറി. ഇതോടെ
കോട്ടയം ക്‌നാനായ അതിരൂപത പിണറായി പ്രീതിക്കായി സമ്മേളനത്തിന്റെ മുഴുവന്‍ ചുമതലയും ചിലവും ഏറ്റെടുത്തു. പക്ഷേ, കാരുണ്യ വര്‍ഷം സമാപനം കഴിഞ്ഞെങ്കിലും സഭയ്ക്കുള്ളില്‍ കാലുഷ്യത്തിന്റെ അലയൊലികള്‍ ഇനിയും അസ്തമിച്ചിട്ടില്ല.