ജയറാമിന്റെ സംസ്‌കൃത ചിത്രം ‘നമോ’യിലെ ആദ്യഗാനം പുറത്തിറങ്ങി

യറാമിനെ നായകനാക്കി വിജീഷ് മണി സംവിധാനം ചെയ്യുന്ന സംസ്‌കൃത സിനിമ നമോയിലെ ആദ്യ ഗാനം റിലീസ് ചെയ്തു. മോഹന്‍ലാലിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തിറങ്ങിയത്.

ചിത്രത്തിലെ ജയറാമിന്റെ വേറിട്ട ഗെറ്റപ്പും വൈറലായിരുന്നു. മൊട്ടയടിച്ച്, ശരീര ഭാരം 20 കിലോ കുറച്ച് കുചേലനായാണ് ജയറാം ചിത്രത്തില് അഭിനയിക്കുന്നത്. ഭഗവാന്‍ ശ്രീകൃഷ്ണനെ സ്തുതിച്ച് പാടുന്ന ഗാനമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഏറെ നാളുകള്‍ക്കുമുമ്പ് പുറത്തെത്തിയിരുന്നു.

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണവകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. സംസ്‌കൃതഭാഷയില്‍ മാത്രം എത്തുന്ന സിനിമയുടെ ദൈര്‍ഘ്യം 101 മിനിറ്റാണ്. ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വ്വഹിച്ചിരിക്കുന്നത് ബി. ലെനിനാണ്. സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് അനൂപ് ജെലോട്ടാണ്. മമ നയാന്‍, സര്‍ക്കര്‍ ദേശായി, മൈഥിലി ജാവേദ്കര്‍, രാജ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.