‘ജില്ലയുടെ പേരില്‍ വിദ്വേഷമുണ്ടാക്കുന്നവരോട് ലജ്ജ തോന്നുന്നു’: മനേകയ്‌ക്കെതിരെ പാര്‍വ്വതി

പാലക്കാട്: കൈതച്ചക്കയില്‍ ഒളിപ്പിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വിദ്വേഷ ട്വീറ്റുമായി മൃഗസംരക്ഷണ പ്രവര്‍ത്തകയും മുന്‍കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധി രംഗത്ത് വന്നത് വാര്‍ത്തയായിരുന്നു.സംഭവം നടന്നത് മലപ്പുറം ജില്ലയിലാണെന്നും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് മലപ്പുറം ജില്ലയെന്നും പ്രത്യേകിച്ചും മൃഗങ്ങളോടുള്ള കാര്യത്തില്‍ എന്നായിരുന്നു മനേക ഗാന്ധിയുടെ ആരോപണം. വിഷയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സംസ്ഥാന വനം വകുപ്പ് മന്ത്രി രാജിവയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

ഇപ്പോഴിതാ മനേക ഗാന്ധിയുടെ വിദ്വേഷ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്. മൃഗങ്ങള്‍ക്കെതിരേയുള്ള ഇത്തരം അക്രമങ്ങള്‍ അവസാനിപ്പിക്കേണ്ടതാണെന്നും അത് ക്രിമിനല്‍ കുറ്റം തന്നെയാണെന്നും എന്നാല്‍ ഈ വിഷയത്തില്‍ ഒരു ജില്ലയെ ലക്ഷ്യം വച്ച് പുതിയ വിദ്വേഷമുണ്ടാക്കാന്‍ ഉപയോഗിക്കുന്നവരെ കുറിച്ചോര്‍ത്ത് ലജ്ജ തോന്നുന്നു എന്നും പാര്‍വതി ട്വീറ്റ് ചെയ്തു.

മേയ് 25-ന് രാവിലെയാണ് തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ വെള്ളിയാര്‍പ്പുഴയില്‍ കാട്ടാനയെ അവശനിലയില്‍ കണ്ടെത്തിയത്. അവശനിലയിലായ ആനയെ രണ്ട് കുങ്കിയാനകളെ കൊണ്ടുവന്ന് ആനയെ കരയ്ക്കെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

സംഭവത്തെത്തുടര്‍ന്ന് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം തുടങ്ങി. ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.ആന ഒരു മാസം ഗര്‍ഭിണിയായിരുന്നതായി ഡോ. ഡേവിഡ് എബ്രഹാം പറഞ്ഞു. കാട്ടാന ചരിഞ്ഞത് സംബന്ധിച്ച് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മോഹനകൃഷ്ണന്റെ സാമൂഹികമാധ്യമത്തിലെ പോസ്റ്റ് വൈറലായിരുന്നു. തുടര്‍ന്ന് ദേശീയ മാധ്യമങ്ങളിലും വിഷയം വാര്‍ത്തയാകുകയും ചെയ്തു.