സ്വപ്നം കണ്ടതിന് പുറത്താക്കിയ മാര്‍ത്തോമ്മ വൈദികന്റെ കഥ

യേശു റോമന്‍ പടയാളിയുടെ ജാര സന്തതിയാണെന്ന് നോവല്‍ എഴുതിയ മാര്‍ത്തോമ്മ വൈദികന്‍ സാമുവേല്‍ നെറ്റിയാടന്‍

ശാസ്ത്രം വളര്‍ന്നതോടെ മതങ്ങളുടെ പ്രശസ്തി നഷ്ടപ്പെട്ടെന്ന് നെറ്റിയാടന്‍ 

മതങ്ങള്‍ വെറും ഉദരപൂരണത്തിനെന്നും നെറ്റിയാടന്‍

-ക്രിസ്റ്റഫര്‍ പെരേര-

സാമുവല്‍ നെറ്റിയാടന്‍ അച്ചനെ 17 വര്‍ഷം മുമ്പ് മാര്‍ത്തോമ്മ സഭ പുറത്താക്കിയത് എന്തിനാണ്? താന്‍ സ്വപ്നം കണ്ടതിനാണെന്ന് അച്ചന്‍ പറയുന്നു. സയന്‍സിനും രാഷ്ട്രീയത്തിനും ചെയ്യാവുന്നതിനപ്പുറം മതത്തിന് ഒന്നും ചെയ്യാനില്ലെന്ന് നെറ്റിയാടന്‍ പറയുന്നു. യേശു റോമന്‍ പടയാളിയുടെ അവിഹിത സന്തതിയാണെന്ന് ജോസഫ് എന്ന തച്ചന്‍ എന്ന തന്‍െറ നോവലില്‍ എഴുതിയതിനാണ് മാര്‍ത്തോമ്മാ സഭയില്‍ നിന്ന് 17 വര്‍ഷം മുമ്പ് നെറ്റിയാടന്‍ അച്ചനെ പുറത്താക്കിയത്.

കൊല്ലം കൊട്ടാരക്കര വാളകം സ്വദേശിയായ നെറ്റിയാടന്‍ തന്‍െറ ആത്മീയ സാഹിത്യ വൈദിക ജീവിതത്തെക്കുറിച്ച് ദി വൈഫൈ റിപ്പോര്‍ട്ടറോട് ദീര്‍ഘമായി സംസാരിക്കുന്നു.

17 വര്‍ഷം വികാരിയായി മാര്‍ത്തോമ്മാ സഭയുടെ വിവിധ പള്ളികളില്‍ സേവനം അനുഷ്ഠിച്ചു. സ്വതന്ത്ര ചിന്താഗതിയുള്ളവരെ ഒരുസഭയ്ക്കും ആവശ്യമില്ലെന്നാണ് നെറ്റിയാടന്‍െറ കണ്ടെത്തല്‍. സ്വപ്നം കാണുന്നവരെ ഒരിക്കലും ഒരു സഭയും സഹിക്കില്ല. അതാണ് തന്നെ പുറത്താക്കാന്‍ കാരണമെന്നും നെറ്റിയാടന്‍ വിശ്വസിക്കുന്നു.

അഞ്ചല്‍ സെന്റ്‌ ജോണ്‍സ് കോളജില്‍ നിന്ന് സസ്യശാസ്ത്രത്തിലും കോട്ടയം മാര്‍ത്തോമാ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് ദൈവശാസ്ത്രത്തിലും മധുര തമിഴനാട് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദം. 1982ല്‍ മാര്‍ത്തോമാ സഭയില്‍ വൈദികനായി. കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ ഇടവകകളില്‍ സേവനം അനുഷ്ടിച്ചു. 1993 മുതല്‍ 98 വരെ കോട്ടയം മാര്‍ത്തോമ തിയേളജിക്കല്‍ സെമിനാരിയില്‍ വിസിറ്റിംഗ് പ്രൊഫസറായിരുന്നു. 1999 ഏപ്രില്‍ 12ന് സഭയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു.

സ്വപ്‌നം കാണുന്നവനെ ശിക്ഷിക്കാമോ?

യേശുക്രിസ്തു ജനിച്ച ശേഷം 30 വയസുവരെയുള്ള കാര്യങ്ങള്‍ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. 12ാം വയസില്‍ യറുശലേം ദേവാലയത്തില്‍ യേശു പങ്കെടുക്കുന്ന ചടങ്ങിനെ കുറിച്ച് പറയുന്നുണ്ട്. ബാക്കി ഒന്നും വ്യക്തമല്ല. സെമിനാരിയില്‍ പഠിക്കുന്ന കാലത്തേ ഇതേക്കുറിച്ച് നെറ്റിയാടന്‍ ഇതേക്കുറിച്ച് ചിന്തിച്ചിരുന്നു. അങ്ങനെയാണ് യേശുവിന്റെ 12 വയസ് മുതല്‍ 18 വയസ് വരെയുള്ള കാലം അടയാളപ്പെടുത്തി ജോസഫ് എന്ന തച്ചന്‍ എഴുതിയത്. റോമോ സാമ്രാജ്യ കാലത്താണ് യേശു ജനിക്കുന്നത്. അന്ന് പട്ടാളം സാധാരണ ജനങ്ങളെ ചൂഷണം ചെയ്തിരുന്നു. ഇഷ്ടമുള്ളതൊക്കെ അവര്‍ സ്വന്തമാക്കും ആരും എതിര്‍ക്കില്ല. യേശുവിന്റെ അമ്മ മറിയത്തില്‍ അനുരക്തനായ ഒരു റോമന്‍ പടയാളി അവരെ ശാരീരികമായി കീഴ്‌പ്പെടുത്തിയെന്നും അയാളുടെ പേര് പന്തേറാസ് എന്നാണെന്നും നോവലില്‍ എഴുതി. ഇക്കാര്യം ശരിവയ്ക്കുന്ന രീതിയില്‍ മുമ്പും സഭയ്ക്കുള്ളില്‍ ചര്‍ച്ച നടന്നിരുന്നു. നോവല്‍ പുറത്ത് വന്ന ശേഷമാണ് എഴുത്തുകാരന്‍ അത് മനസിലാക്കിയത്.

എന്നാല്‍ വൈദികന്‍ തന്നെ സഭാ വിശ്വാസത്തിനെതിരെ നോവല്‍ എഴുതിയത് വിവാദമായി. സഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. അന്വേഷണ കമ്മീഷനെ വച്ചു, വിചാരണ നടത്തി, അവസാനം പുറത്താക്കി. വിചാരണ വേളയില്‍ നെറ്റിയാടന്‍ പറഞ്ഞത്. ഇതൊരു ഭാവന മാത്രമാണ്. ഇത് ശരിയാണെന്ന് പറയാന്‍ എന്റെ കയ്യില്‍ തെളിവൊന്നുമില്ല. എന്നെ ശിക്ഷിക്കുന്നത് സ്വപ്‌നം കാണുന്നവനെ ശിക്ഷിക്കുന്നതിന് തുല്യമാണ്. പക്ഷെ, സഭാ നേതാക്കള്‍ കാരുണ്യം ചൊരിഞ്ഞില്ല. പുറത്താക്കലിന് പിന്നില്‍ നോവലല്ലെന്ന് നെറ്റിയാടന് നന്നായി അറിയാമായിരുന്നു. തനിക്ക് ശരിയെന്ന് തോന്നാത്ത, സഭയുടെ പല രീതികളെയും കീഴ്‌വഴക്കങ്ങളെയും ഫാദര്‍ സാമുവേല്‍ നെറ്റിയാടന്‍ വിമര്‍ശിച്ചിരുന്നു. അതിനുള്ള പക പോക്കിയതാണ്. പുറത്താക്കിയ നെറ്റിയാടന്‍ ഇതുവരെ 13 നോവലുകളെഴുതി. വായനും എഴുത്തുമായി ജീവിതം ആനന്ദിക്കുന്നു.

സഭ പുറത്താക്കുന്നവര്‍ രക്ഷപെടാതിരിക്കാന്‍ അവര്‍ എന്തും ചെയ്യും

സഭ പുറത്താക്കുന്നവരുടെയും സഭാവസ്ത്രം ഉപേക്ഷിക്കുന്നവരുടെയും കാര്യം വലിയ കഷ്ടമായിരിക്കും. പുറത്താക്കുന്നവരെ സഭ പരമാവധി ദ്രോഹിക്കും. അവര്‍ നന്നാകില്ലെന്ന് ചിത്രീകരിക്കേണ്ടത് സഭയുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. നന്നായാല്‍ വിശ്വാസികള്‍ സഭ വിട്ട് പോകില്ലേ. എഴുത്ത് ഉള്ളത് കൊണ്ടും ജീവിക്കാനുള്ള സമ്പാദ്യം ഉള്ളതുകൊണ്ടുമാണ് നെറ്റിയാടന്‍ രക്ഷപെട്ടത്. തന്റെ സ്ഥാനത്ത് വല്ല കന്യാസ്ത്രീകളും ആയിരുന്നെങ്കില്‍ ആത്മഹത്യ ചെയ്‌തേനേ എന്ന് അദ്ദേഹം പറഞ്ഞു. സഭയുടെ രാഷ്ട്രീയ, ഉദ്യേഗസ്ഥ സ്വാധീനം ഉപയോഗിച്ച് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് വരെ തടയിട്ടു. എന്നാല്‍ സ്വന്തമായി ഋഷി ബുക്‌സ് എന്ന സ്ഥാപനം തുടങ്ങി അതിനെ നേരിട്ടു. ലാഭത്തിന് വേണ്ടിയല്ല ഇന്നും പ്രസാധനം നടത്തുന്നത്. അതിനിടെ കോന്നി വി.എന്‍.എസ് ആട്‌സ് ആന്റ് സയന്‍സ് കോളജില്‍ അധ്യാപകനായി ജോലി നോക്കിയെങ്കിലും വായനയ്ക്കും എഴുത്തിനും സമയം കണ്ടെത്താന്‍ അതും ഉപേക്ഷിച്ചു.

മതങ്ങള്‍ ചുരുട്ടിക്കെട്ടുന്ന കാലം വിദൂരമല്ല

പന്ത്രണ്ടാം ക്ലാസ് വരെ ശരിയായ വിദ്യാഭ്യാസം നല്‍കിയാല്‍ ഇവിടുത്തെ മതങ്ങളെല്ലാം ചുരുട്ടിക്കെട്ടും. ജീവിതത്തെ കുറിച്ചുള്ള അജ്ഞത മാറ്റാന്‍ വായനയ്ക്ക് കഴിയും. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പോലും ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടില്‍ അജ്ഞരാണ്. ഭാരതം മതങ്ങളോട് വളരെ അനുഭാവമുളള നാടാണ്. ബുദ്ധമതം, ജൈനമതം, ഹിന്ദുമതം എല്ലാം ഇവിടെയാണല്ലോ പിറന്നത്. പിന്നെ വൈദേശിക മതങ്ങളെ നമ്മള്‍ സ്വീകരിക്കുകയും ചെയ്തു. അതുകൊണ്ടാണ് മതങ്ങളുടെ പ്രാധാന്യം അത്രയ്ക്ക് കുറയാത്തത്.

പക്ഷെ, മാറും. യൂറോപ്പ് മതങ്ങളെ അതിജീവിച്ചു കഴിഞ്ഞു. അവിടുത്തെ 28 രാജ്യങ്ങളില്‍ 10 ശതമാനം പേര്‍ മാത്രമാണ് മതവിശ്വാസികള്‍. യു.കെയില്‍ 12 ശതമാനത്തില്‍ താഴെ ആളുകളാണ് പള്ളികളില്‍ പോകുന്നത്. അമേരിക്കയില്‍ പള്ളികള്‍ പൊളിച്ച് സിനിമാശാലകള്‍ പണിയുന്നു. മലയാളികള്‍ക്ക് മാത്രമാണ് അവിടെ പള്ളി ആവശ്യം. അത് കല്യാണം നടത്താന്‍ വേണ്ടി മാത്രമാണ്. യൂറോപ്പിലൊക്കെ ഞായറാഴ്ച ദിവസങ്ങളില്‍ അവധി ആഘോഷിക്കുകയാണ് ഇപ്പോള്‍. പളളികളിലൊന്നും ആരും പോകാറില്ല.

ഉയര്‍ന്ന വിദ്യാഭ്യാസ പുരോഗതിയും ശാസ്ത്രീയ മുന്നേറ്റവും സാമ്പത്തിക സുസ്ഥിരതയും കൈവരിക്കുമ്പോള്‍ മനുഷ്യന് മതവിശ്വാസം താനേ കുറയും. എന്നിട്ടും വിശ്വാസികളുണ്ടെങ്കില്‍ അവര്‍ മതത്തെ ഉപയോഗിക്കുന്നവരായിരിക്കും. അവര്‍ക്ക് മതങ്ങളിലെ സകല കൊള്ളരുതായ്മകളും മനസിലാക്കിയവരായിരിക്കും. കയ്യും മെയ്യും അനങ്ങാതെ സാധാരണക്കാരന്റെ ചെലവില്‍ രാജകീയമായി ജീവിക്കുന്നവരാണ് എല്ലാ മതപുരോഹിതന്‍മാരും. ജനങ്ങള്‍ക്കത് മനസിലായി തുടങ്ങിയിട്ടുണ്ട്. യുക്തിവാദി സംഘത്തിന്റെ ക്ലാസുകളിലൊക്കെ പങ്കെടുക്കാറുണ്ട്. അവിടെ അധികവും വരുന്നത് മുസ്‌ലിം യുവാക്കളാണ്. ക്രിസ്ത്യന്‍ യുവാക്കളും കുറവല്ല. അത് തന്നെ വലിയ മാറ്റമാണ്.

കുറ്റം ചെയ്യുന്ന വൈദികരെ സഭ പഴയ പോലെ സംരക്ഷിക്കുന്നില്ല

വൈദികരില്‍ കുറ്റകൃത്യം നടത്തുന്നവരെ സഭ പഴയത് പോലെ സംരക്ഷിക്കുന്നില്ല. നിയമം വളരെ ശക്തമാണിപ്പോള്‍. അഭയയുടെ കേസുകൊണ്ട് മാത്രം സഭയ്ക്ക് ആയിരം കേസുകളുടെ മാനക്കേടുണ്ടായി. എന്നാല്‍ സഭയുടെ ഉന്നതങ്ങളില്‍ ബന്ധം ഉള്ളവരെ സംരക്ഷിക്കുന്നുണ്ട്. എന്നാല്‍ ദുര്‍ബലനെ ഇപ്പോഴും ചൂഷണം ചെയ്യുന്നുണ്ട്. എന്നാല്‍ അവന് അഞ്ച് കോടി ലോട്ടറി അടിച്ചാല്‍ തൊടില്ല.

പോപ്പ് ഫ്രാന്‍സിസ് വിപ്‌ളവകാരി

ക്രിസ്തീയ സഭകള്‍ക്ക് മാനുഷിക മുഖം നല്‍കിയ വിപ്‌ളവകാരിയാണ്  ഫ്രാന്‍സിസ് മാര്‍പാപ്പ. പെസഹാ ദിനത്തില്‍ യൂറോപ്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും മുസ്‌ലിം സ്ത്രീയെ കൊണ്ടുവന്ന് കാല്‍കഴുകി ഉമ്മവച്ച് അദ്ദേഹം കരുണ എന്തെന്ന് തുറന്ന് കാട്ടി. പാവങ്ങളോടും കുടിയേറ്റക്കാരോടും കരുണ കാട്ടണമെന്ന് അദ്ദേഹം പറഞ്ഞത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. അദ്ദേഹം ആഹ്വാനം ചെയ്ത കാരുണ്യ വര്‍ഷം സഭയുടെ വലിയ ലക്ഷ്യമാണ്.