തലസ്ഥാനത്തെ സി.പി.എമ്മില്‍ വിഭാഗീയതയും വിവാദങ്ങളും പുകയുന്നു

തിരുവനന്തപുരം : തലസ്ഥാനത്തെ സി.പി.എമ്മില്‍ വിഭാഗീയതയും വിവാദങ്ങളും പുകയുന്നു. നേതാക്കള്‍ തമ്മിലുള്ള കിടമത്സരം കടകംപള്ളി സുരേന്ദ്രന്റെ പേഴ്സനല്‍ സ്റ്റാഫ് അംഗത്തെ പുറത്താക്കിയതില്‍ ചെന്നെത്തി നില്‍ക്കുന്നു. നേതാക്കള്‍ തമ്മിലുള്ള കിടമത്സരം നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സംസ്ഥാന നേതൃത്വം. ഔദ്യോഗിക പക്ഷം മൂന്നു വിഭാഗങ്ങളായാണ് തലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ എം.എല്‍.എ വി. ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തെ പുറത്താക്കിയതിനെ ചൊല്ലി സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ ചേരിപ്പോര് രൂക്ഷമായിരിക്കുകയാണ് ഇക്കാര്യത്തില്‍ ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഇടപെടല്‍ ഉള്‍പ്പെടെ അന്വേഷിക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്സണല്‍ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് ജില്ലാ കമ്മിറ്റിയില്‍ തര്‍ക്കം നിലനില്‍ക്കെയാണ് മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി പി.കെ. ശ്രീവത്സകുമാറിനെ ഒരു കോടി രൂപയുടെ ഇടപാടില്‍ പുറത്താക്കുന്നത്. കെ.എസ്.ഇ.ബിയും സ്വകാര്യ വ്യക്തിയും തമ്മിലുള്ള കേസില്‍ ജില്ലാ കമ്മിറ്റി അംഗം എ.എ. റഷീദ് ആവശ്യപ്പെട്ട പ്രകാരം ഇടപെട്ടതിനെ തുടര്‍ന്നാണ് ശ്രീവത്സകുമാറിനെ പുറത്താക്കിയത്.

സ്വകാര്യ വ്യക്തിക്ക് 3 കോടി 52 ലക്ഷം രൂപ കൊടുക്കാനുള്ള കേസ് നീട്ടി കൊണ്ടു പോകാതെ എത്രയും പെട്ടെന്ന് തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകനോട് ശ്രീവത്സകുമാര്‍ ആവശ്യപ്പെട്ടിരുന്നു. അവിഹിത ഇടപെടലെന്ന ആരോപണം ഉയര്‍ന്നു. പിന്നാലെ പരാതി സംസ്ഥാന സെക്രട്ടറി കോടിയേരിക്ക് മുന്നിലെത്തി. താനറിഞ്ഞില്ലെന്ന് കോടിയേരിയുടെ അന്വേഷണത്തില്‍ കടകംപള്ളി മറുപടി പറഞ്ഞതോടെ ശ്രീവത്സകുമാറിനെ പുറത്താക്കി.

വി. ശിവന്‍കുട്ടി എം.എല്‍.എയായിരുന്ന കാലയളവില്‍ അദ്ദേഹത്തിന്റെ പി.എയായിരുന്നു ശ്രീവത്സകുമാര്‍. പാര്‍ട്ടിയില്‍ ശിവന്‍കുട്ടിയും കടകംപള്ളിയും വിരുദ്ധ ചേരികളിലാണ് ജില്ലാ കമ്മിറ്റി അറിയാതെ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ജനാധിപത്യ മഹിളാ അസോസിയന്‍ മുന്‍ നേതാവിന്റെ മകനെ നിയമിച്ചത് വിവാദമായിരുന്നു. ഇക്കാര്യത്തില്‍ കടുത്ത നിലപാടാണ് ശിവന്‍കുട്ടി സ്വീകരിച്ചത്. ഇതിന് തിരിച്ചടിയായിട്ടാണ് ശ്രീവത്സകുമാറിനെ കടകംപള്ളി പുറത്താക്കിയത്. അതേസമയം മന്ത്രി അറിയാതെ വകുപ്പില്‍ ജില്ലാ കമ്മിറ്റി അംഗം ഇടപെട്ടത് അന്വേഷിക്കണമെന്നാണ് കടകംപള്ളിയെ അനുകൂലിക്കുന്നവര്‍ ആവശ്യപ്പെടുന്നത്.

പാര്‍ട്ടി സെക്രട്ടറിക്ക് സര്‍ക്കാര്‍ അഭിഭാഷകന്‍ പരാതി നല്‍കുക തുടങ്ങി എല്ലാ കാര്യങ്ങളും സമഗ്രമായി അന്വേഷിക്കണമെന്നാണ് ഈ നേതാക്കളുടെ ആവശ്യം. മന്ത്രിക്കെതിരെ ആവര്‍ത്തിച്ചുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ ശിവന്‍കുട്ടിയും ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനുമെന്നാണ് കടകംപള്ളിയെ അനുകൂലിക്കുന്നവരുടെ നിലപാട്. കടകംപള്ളി സഹകരണബാങ്കില്‍ മന്ത്രിക്കും ബന്ധുക്കള്‍ക്കും കള്ളപ്പണ നിക്ഷേപമുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് കടകുപള്ളി സുരേന്ദ്രന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീവത്സകുമാറിനെ പുറത്താക്കിയ വിവാദം ശക്തമാകുന്നത്. കേസില്‍ ഇടപെടാന്‍ നിര്‍ദ്ദേശം നല്‍കിയ ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ നടപടി ഇല്ലാത്തതില്‍ ദുരൂഹതയുണ്ടെന്ന് ചില നേതാക്കള്‍ സംശയിക്കുന്നു.

ആരോപണ വിധേയനായ ജില്ലാ കമ്മിറ്റി അംഗം എ.എ. റഷീദ് സി.പി.എമ്മിലെ ഉന്നത നേതാക്കള്‍ക്ക് ഏറെ പ്രിയങ്കരനാണ്. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി മികച്ച വ്യക്തിബന്ധമാണ് ഇദ്ദേഹത്തിനുള്ളത്. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയിലെ ഉദ്യോഗസ്ഥനാണ് ശ്രീവത്സകുമാര്‍. ഒരു കോടി രൂപയുടെ അഴിമതിയാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ വകുപ്പ്തല നടപടിയുണ്ടായിട്ടില്ല.