ഇനി രാജ്യസഭയിലേക്ക് ഇല്ല; സീതാറാം യെച്ചൂരി

രാജ്യ സഭയിലേക്ക് ഇനി മത്സരിക്കാനില്ലന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
രണ്ടുതവണയിൽ കൂടുതൽ രാജ്യസഭയിലേക്ക് മത്സരിക്കുന്നത് പാർട്ടി നയമല്ല. ‌ജനറൽസെക്രട്ടറിയെന്ന നിലയിൽ അത് നടപ്പാക്കേണ്ട ബാധ്യതയുണ്ടെന്നും യെച്ചൂരി പറഞ്ഞു.

സീതാറാം യെച്ചൂരി പശ്ചിമ ബംഗാളില്‍ നിന്നും രാജ്യസഭയിലേക്ക് വീണ്ടും മല്‍സരിച്ചാല്‍ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. ഏപ്രില്‍ അഞ്ചിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി യെച്ചൂരി നടത്തിയ കൂടിക്കാഴ്ചയില്‍ രാഹുല്‍ കോണ്‍ഗ്രസിന്റെ ഓഫര്‍ മുന്നോട്ട് വെച്ചിരുന്നു. യെച്ചൂരിയല്ലാതെ മറ്റാരെയെങ്കിലുമാണ് സിപിഐഎം രാജ്യസഭയിലേക്ക് അയക്കാന്‍ നോക്കുന്നതെങ്കില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാവും കോണ്‍ഗ്രസ് ശ്രമിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

യെച്ചൂരി മത്സരിക്കുന്നില്ലെങ്കില്‍ മേല്‍സഭയില്‍ സിപിഐഎം പ്രാതിനിധ്യം നഷ്ടമാകും. 294 അംഗ പശ്ചിമ ബംഗാള്‍ നിയമസഭയില്‍ 26 എംഎല്‍എമാര്‍ മാത്രമാണ് സിപിഐഎമ്മിനുള്ളത്. തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ രക്ഷിക്കാന്‍ സിപിഐഎമ്മിന് ഒറ്റക്ക് കഴിയില്ലെന്ന് ചുരുക്കം. ആറ് രാജ്യസഭാ സീറ്റുകളില്‍ അഞ്ചും തൃണമൂല്‍ കോണ്‍ഗ്രസിനാണ്. 211 എംഎല്‍എമാരുള്ള തൃണമൂല്‍ ഇത് നിലനിര്‍ത്തും.