കാര്‍ട്ടൂണ്‍ വിസ്മയം : ശങ്കര്‍ വിട പറഞ്ഞിട്ട് ഇന്ന് 27 വര്‍ഷം

കായംകുളം കൃഷ്ണപുരത്തെ ഇല്ലിക്കുളത്തു വീട്ടില്‍ കേശവപിള്ളയുടെ മകന്‍ ശങ്കരപ്പിള്ള എന്ന ശങ്കറിന് കുട്ടിക്കാലം മുതല്‍ക്കേ ചിത്രരചനയില്‍ വലിയ താല്‍പര്യമായിരുന്നു. മാവേലിക്കരയിലെ സ്‌കൂള്‍ പഠനകാലത്ത് ഹെഡ്മാസ്റ്ററുടെ ചിത്രം ഹാസ്യാത്മകമായി വരച്ചുകൊണ്ട് ശങ്കര്‍ തന്റെ ചിരിവരയ്ക്ക് തുടക്കമിട്ടു. ഒരു ദിവസം ആ കുസൃതിക്കാരന്‍ പയ്യന്‍ കുടവയറും കഷണ്ടിത്തലയനുമായ തന്റെ ഹെഡ്മാസ്റ്റര്‍ ക്ലാസ് റൂമിലെ മേശപ്പുറത്തേക്ക് കാല്‍ നീട്ടിവച്ച് ഉറങ്ങുന്ന ചിത്രമാണ് തന്റെ പുസ്തകത്തില്‍ രസകരമായി വരച്ചത്. കസേരയിലിരുന്ന് മേശപ്പുറത്തേക്ക് കാല്‍നീട്ടി വച്ചപ്പോള്‍ മുട്ടിന് മുകളിലേക്ക് മുണ്ട് കയറിപ്പോയ ഹെഡ്മാസ്റ്ററുടെ ശങ്കരപ്പിള്ള വരച്ച ചിത്രം ഓരോ കുട്ടിയും മാറി മാറി നോക്കി ആസ്വദിച്ചു. ആസ്വാദനം പൊട്ടിച്ചിരിയായി ക്ലാസ്സില്‍ ഉയര്‍ന്നപ്പോള്‍ മറ്റൊരധ്യാപകന്‍ ക്ലാസ്സിലെത്തി. ചിത്രം പിടിച്ചെടുത്തു ഹെഡ്മാസ്റ്ററെ ഏല്‍പ്പിച്ചു.

ഹെഡ്മാസ്റ്റര്‍ ദേഷ്യത്തോടെ ശങ്കരപ്പിള്ളയോട് ചോദിച്ചു. നീയാണോ വരച്ചത്. . .? ”അതെ സാര്‍. . .” കുട്ടി മറുപടി പറഞ്ഞു. ”നീ ഇനി രണ്ടാഴ്ചത്തേക്ക് ക്ലാസ്സില്‍ കയറണ്ട!” അദ്ദേഹം പറഞ്ഞു. അന്ന് വൈകിട്ട് പ്രധാന അധ്യാപകന്‍ പരാതിയുമായി ശങ്കരപ്പിള്ളയുടെ മുത്തച്ഛന്റെ അടുത്തെത്തി ചിത്രം കാണിച്ചു. ശങ്കരന്റെ വര കണ്ട അമ്മാവന്‍ ”ഇവന്‍ വരച്ചതു തന്നെയാണോ? ഗംഭീരമായിരിക്കുന്നു. . . .” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പില്‍ക്കാലത്ത് വരയുടെ വിസ്മയമായിത്തീര്‍ന്ന വിശ്വപ്രസിദ്ധനായ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ആയിരുന്നു ആ കുട്ടി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ പഠനകാലത്തു കെമിസ്ട്രി പ്രൊഫസറായിരുന്നു ശങ്കറിന്റെ പേനയുടെ ‘ഇര’യായ മറ്റൊരധ്യാപകന്‍. ചിത്രവുമായി പ്രിന്‍സിപ്പലിനോട് പരാതി പറയാന്‍ ചെന്ന കെമിസ്ട്രി പ്രൊഫസറെ, തന്നെക്കുറിച്ച് ശങ്കര്‍ വരച്ച ചിത്രം കാണിച്ചുകൊടുത്ത് പ്രിന്‍സിപ്പല്‍ ശാന്തനാക്കി! ഫിസിക്‌സില്‍ ബിഎ.യും ബോംബേ ലോ കോളജില്‍ നിന്ന് നിയമപഠനവും കഴിഞ്ഞെങ്കിലും തലയില്‍ വരച്ചത് വരയായതിനാല്‍ ശങ്കര്‍ ആ വഴിയുടെ നേര്‍രേഖയില്‍ തന്നെ നീങ്ങി.

ബോംബെയില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ നേരമ്പോക്കിനുവേണ്ടി അദ്ദേഹം കാര്‍ട്ടൂണ്‍ വരയ്ക്കുമായിരുന്നു. രാഷ്ട്രീയ നേതാക്കളെയും ദേശീയ പ്രശ്‌നങ്ങളെയും പ്രമേയമാക്കിയുള്ള അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ വര്‍ത്തമാന പത്രങ്ങളെയും പൊതുജനങ്ങളെയും ഏറെ ആകര്‍ഷിച്ചിരുന്നു. നിര്‍ദോഷ ഫലിതങ്ങള്‍ എന്നതിലപ്പുറം കാര്‍ട്ടൂണിന് അന്ന് വലിയ മാനങ്ങളുണ്ടായിരുന്നില്ല. അന്ന് ഏറെ പ്രചാരമുണ്ടായിരുന്ന ”ബോംബെ ക്രോണിക്കിള്‍” എന്ന പത്രത്തിലാണ് ശങ്കറിന്റെ കാര്‍ട്ടൂണുകള്‍ ഏറെയും പ്രത്യക്ഷപ്പെട്ടത്. ”സ്ട്രീറ്റ് കോര്‍ണര്‍ ജോക്‌സ്” എന്ന മട്ടിലായിരുന്നു കാര്‍ട്ടൂണുകള്‍. ശങ്കര്‍ അതിനൊരു രൂപം നല്‍കി പരിഷ്‌കരിച്ചു. ഇന്ത്യന്‍ പത്രപ്രവര്‍ത്തനരംഗത്ത് രാഷ്ട്രീയ ഹാസ്യ ചിത്രരചനയ്ക്കു ഒട്ടും പ്രചാരമില്ലാതിരുന്ന കാലത്ത് അതിന് തുടക്കം കുറിച്ചത് മലയാളിയായ ശങ്കറായിരുന്നു. അക്കാരണത്താല്‍ തന്നെ രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റുകളുടെ കുലപതി (പിതാവ്) എന്നാണ് ശങ്കര്‍ അറിയപ്പെടുന്നത്.

വരയുടെ വരം

ശങ്കറിലെ കാര്‍ട്ടൂണ്‍ പ്രതിഭയെ തിരിച്ചറിഞ്ഞ മാധ്യമപ്രവര്‍ത്തകന്‍ മലയാളി തന്നെയായ പത്രാധിപര്‍ പോത്തന്‍ ജോസഫായിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസില്‍ പോത്തന്‍ ജോസഫ് എഡിറ്ററായപ്പോള്‍ ശങ്കറിനെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റാക്കി. 1932 മുതല്‍ 1946 വരെ ശങ്കര്‍ ഹിന്ദുസ്ഥാന്‍ ടൈംസില്‍ വരച്ചുതകര്‍ത്തു.

സി രാജഗോപാലാചാരിക്കെതിരെ വരച്ച കാര്‍ട്ടൂണ്‍, രാജാജിയുടെ ജാമാതാവ് ദേവദാസ് ഗാന്ധി തടഞ്ഞതോടെ അവിടം വിട്ടു. വ്യവസായ പ്രമുഖനായ രാമകൃഷ്ണ ഡാല്‍മിയയുമായി ചേര്‍ന്ന് ഇന്‍ഡ്യന്‍ ന്യൂസ് ക്രോണിക്കിള്‍ തുടങ്ങിയതാണ് അടുത്ത വഴിത്തിരിവ്. പതിനൊന്നാം മാസം അവിടം വിട്ട ശങ്കര്‍ 1948-ല്‍ ചരിത്രപ്പിറവിയായി ശങ്കേഴ്‌സ് വീക്കിലിക്കു തുടക്കമിട്ടു. അതിന്റെ ഉദ്ഘാടന ചടങ്ങില്‍ നെഹ്റു ശങ്കറിനോട് പറഞ്ഞതാണ് ആ പ്രസിദ്ധമായ വാചകങ്ങള്‍. (ശങ്കര്‍, ഡോണ്ട് സ്‌പെയര്‍ മി – ശങ്കര്‍, എന്നെ വെറുതെ വിടരുത്). ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകളുടെ ഒരു പരിശീലന കളരികൂടിയായിരുന്ന ശങ്കേഴ്‌സ് വീക്കിലി, ബ്രിട്ടീഷ് ഇംഗ്ലീഷ് മാസികയായ ”പഞ്ച്” മാതൃകയില്‍ കാര്‍ട്ടൂണിനും നര്‍മ്മത്തിനും പ്രാധാന്യം നല്‍കിയിരുന്നു.

നേതാക്കന്മാരുടെ അഭിനന്ദനങ്ങള്‍

ഹിന്ദുസ്ഥാന്‍ ടൈംസിലെ പ്രധാന കാര്‍ട്ടൂണ്‍ രചയിതാവായിരുന്ന കാലത്തും പിന്നീടും ശങ്കര്‍ തന്റെ നിശിത വിമര്‍ശനങ്ങള്‍ കാര്‍ട്ടൂണുകളിലൂടെ തൊടുത്തുവിട്ടിരുന്നു. ബ്രിട്ടീഷ് ഭരണാധികാരികളും അമേരിക്കന്‍ പ്രസിഡന്റുമാരും മറ്റ് ദേശീയ നേതാക്കളുമെല്ലാം വികൃതമായ രൂപഭാവങ്ങളോടെ അദ്ദേഹത്തിന്റെ വരയില്‍ തെളിഞ്ഞുനിന്നിരുന്നു. അവരില്‍ പലരുടെയും മുഖം ചുളിഞ്ഞു. രക്തം തിളച്ചു. ഒരു രാഷ്ട്രീയ നേതാവ്, ശങ്കറിനെ വെടിവെച്ചുകൊല്ലണം, എന്നുവരെ പ്രസ്താവന ഇറക്കി. അസഹിഷ്ണുക്കളായ നേതാക്കള്‍ മുറുമുറുത്തുവെങ്കിലും ഗാന്ധിജിയും നെഹ്റുവുമൊക്കെ ഹാസ്യം ശരിക്കും ആസ്വദിക്കുമായിരുന്നു.

ശങ്കറും നെഹ്റുവും

1429295413-1161_shankars-4ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു, ശങ്കറിന്റേ ആത്മമിത്രമായിരുന്നു. മറ്റാരോടും തോന്നാത്ത ആരാധനയും ബഹുമാനവും സ്‌നേഹവും ശങ്കറിന് നെഹ്റുവിനോടുണ്ടായിരുന്നു. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ഹിന്ദുസ്ഥാന്‍ ടൈംസില്‍ കാര്‍ട്ടൂണിസ്റ്റായിരിക്കെ നെഹ്റുവിനെക്കുറിച്ച് നിരവധി കാര്‍ട്ടൂണുകള്‍ ശങ്കര്‍ വരച്ചിരുന്നു. ആദ്യകാലം മുതല്‍ക്കുള്ള ശങ്കറിന്റെ കാര്‍ട്ടൂണുകള്‍ നെഹ്റുവിനെ ആകര്‍ഷിച്ചിരുന്നെങ്കിലും അവര്‍ തമ്മില്‍ നേരിട്ടുകണ്ടിരുന്നില്ല. ശങ്കര്‍ വരച്ച ആയിരക്കണക്കിന് രാഷ്ട്രീയ കാര്‍ട്ടൂണുകളില്‍ ഭൂരിഭാഗവും നെഹ്റുവിനെ കഠിനമായി വിമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു. വിശാല മനസ്‌കനായ നെഹ്റു ആ കാര്‍ട്ടൂണുകളെല്ലാം ആസ്വദിച്ചിരുന്നു എന്നു മാത്രമല്ല, ശങ്കറിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

കുട്ടികളുടെ ഇഷ്ടതോഴന്‍

നിശിത വിമര്‍ശനങ്ങള്‍ കാര്‍ട്ടൂണുകളിലൂടെ തൊടുത്തു വിടുമ്പോഴും കുട്ടികളെ അദ്ദേഹം മറന്നില്ല. നെഹ്റുവിനെപ്പോലെ ശങ്കറിനും കുട്ടികളെ വലിയ ഇഷ്ടമായിരുന്നു. 1949-ല്‍ ശങ്കര്‍ തുടങ്ങിയ ചിത്രരചനാ മത്സരം പിന്നീട് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ ഒന്നായിമാറി. കുട്ടികളുടെ പുസ്തകങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കാനായി ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റ് (സിബിടി) കുട്ടികള്‍ക്കുവേണ്ടി നൂറിലേറെ പുസ്തകങ്ങള്‍ പുറത്തിറക്കി. ന്യൂഡല്‍ഹിയിലെ സിബിടി ആസ്ഥാനം സ്ഥിതിചെയ്യുന്ന നെഹ്റു ഹൗസില്‍ 1965 ല്‍ തുടങ്ങിയ ഡോള്‍സ് മ്യൂസിയം, ലോകത്തിലെ വലിയ പാവമ്യൂസിയങ്ങളില്‍ ഒന്നാണ്. നൂറിലേറെ രാജ്യങ്ങളില്‍ നിന്നായി ആയിരത്തില്‍പ്പരം പാവകള്‍ ഇവിടെയുണ്ട്. കുട്ടികളുടേതായ മുപ്പതിനായിരത്തില്‍പ്പരം പുസ്തകങ്ങളുള്ള ലൈബ്രറിയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികള്‍ക്കുവേണ്ടി ചില്‍ഡ്രന്‍സ് വേള്‍ഡ് എന്നൊരു ഇംഗ്ലീഷ് മാസികയും ശങ്കര്‍ പ്രസിദ്ധീകരിച്ചിരുന്നു.

ശങ്കറിന്റെ പണിപ്പുരയില്‍ ശിക്ഷണം നേടിയവരാണ് അബു എബ്രഹാം, കുട്ടി, ഒ വി വിജയന്‍, സാമുവേല്‍, കേരളവര്‍മ്മ, രജീന്ദര്‍പുരി, യേശുദാസന്‍, ബി എം ഗഫൂര്‍, മിക്കി പട്ടേല്‍, രങ്ക, പ്രകാശ് ഘോഷ്, രവിശങ്കര്‍, സുധീര്‍നാഥ് തുടങ്ങിയവര്‍. നോവലിസ്റ്റ്, കാര്‍ട്ടൂണിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തനായ ഒ വി വിജയന്‍ ആദ്യത്തെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് ശങ്കേഴ്‌സ് വീക്കിലിയിലായിരുന്നു.

ഇല്ലസ്‌ട്രേറ്റഡ് വീക്കിലി ഓഫ് ഇന്‍ഡ്യ (ഇപ്പോള്‍ ഈ പ്രസിദ്ധീകരണമില്ല)യിലെ പേഴ്‌സണാലിറ്റിസ് എന്ന പംക്തി വരച്ചിരുന്നതും ടൈംസ് ഓഫ് ഇന്‍ഡ്യയിലെ യൂ സെഡ് ഇറ്റ് എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ വരച്ചുകൊണ്ടിരുന്നതുമായ ആര്‍ കെ ലക്ഷ്മണും ശങ്കറിന്റെ ശിഷ്യനാണ്. കെ വി എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന കേരളവര്‍മ്മ, മറിയോ എന്ന പേരില്‍ പ്രശസ്തനായ മറിയോ ജോവോ റൊസാറിയോ, ഡിബ്രിട്ടോമിറാന്‍ഡ, ഉണ്ണി, ചാറ്റര്‍ജി, വിഷ്ണു, വെങ്കിടഗിരി രാമമൂര്‍ത്തി എന്ന മൂര്‍ത്തി എന്നിവര്‍ വരെ ആ പട്ടിക നീളുന്നു.

അംഗീകാരങ്ങളും ബഹുമതികളും

നിരവധി ബഹുമതികളും അംഗീകാരങ്ങളും ശങ്കറിനെ തേടിയെത്തിയിട്ടുണ്ട്. 1954-ല്‍ പത്മശ്രീ, 1960-ല്‍ പത്മഭൂഷണ്‍, 1975 പത്മവിഭൂഷണ്‍ എന്നീ ബഹുമതികള്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ മഹത്തായ അംഗീകാരങ്ങളാണ്. കുട്ടികളുടെ കലയ്ക്കും സാഹിത്യത്തിനും വേണ്ടി ശങ്കര്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് പോളണ്ടിലെ കുട്ടികള്‍ 1977-ല്‍ അദ്ദേഹത്തിന് ഓര്‍ഡര്‍ ഓഫ് സ്‌മെയില്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. 1979-ല്‍ യു എന്‍ അസോസിയേഷന്റെ ഹാമില്‍റ്റണ്‍ ബ്രാഞ്ച് അവാര്‍ഡും, 1980-ല്‍ ഹംഗേറിയന്‍ കള്‍ച്ചറല്‍ റിലേഷന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡും, അതേ വര്‍ഷം തന്നെ ജര്‍മ്മനിയില്‍ നിന്നുള്ള ഓര്‍ഡര്‍ ഓഫ് ദി സെയിന്റ് ഫൊര്‍ച്യുനേറ്റ് ബഹുമതിയും, ഇന്‍ഡോ ചെക്ക് ഗോള്‍ഡ് മെഡലും ലഭിക്കുകയുണ്ടായി. 1991-ല്‍ ശങ്കറിന്റെ സ്മരണക്കായി രണ്ട് കാര്‍ട്ടൂണ്‍ സ്റ്റാമ്പ് പുറത്തിറക്കി.