നോട്ടില്ലാതെ ജനങ്ങള്‍; സര്‍ക്കാര്‍ ‘കടലില്‍ കലക്കു’ന്നത് 3600 കോടി

പ്രതിഷേധത്തിനിടെ ശിവജി സ്മാരകത്തിന് മോദി തറക്കല്ലിട്ടു

മുംബൈ: മത്സ്യത്തൊഴിലാളികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും ശക്തമായ എതിര്‍പ്പിനിടെ അറബിക്കടലില്‍ 3,600 കോടി രൂപ മുതല്‍മുടക്കില്‍ സ്ഥാപിക്കുന്ന ഛത്രപതി ശിവജിയുടെ കൂറ്റന്‍ സ്മാരകത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു.

മുംബൈ തീരത്തുനിന്ന് ഒന്നര കിലോമീറ്റര്‍ അകലെ അറബിക്കടലിലാണ് സ്മാരകം നിര്‍മിക്കുന്നത്. ഹോവര്‍ ക്രാഫ്റ്റില്‍ ഈ ഭാഗത്തെത്തി ജലപൂജയിലും മോദി പങ്കെടുത്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ശിവസേനാ നേതാവ് ഉദ്ദവ് താക്കറെ, ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു എന്നിവരും സംബന്ധിച്ചു.

ദക്ഷിണ മുംബൈ തീരത്തുനിന്ന് 1.5 കി.മീറ്റര്‍ കടലിലേക്ക് മാറി 15 ഹെക്ടര്‍ സ്ഥലം ദ്വീപാക്കി മാറ്റിയാണ് 192 മീറ്റര്‍ ഉയരത്തില്‍ പ്രതിമ സ്ഥാപിക്കുന്നത്. ഇതിന്റെ നിര്‍മാണം 2019ല്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ലോകത്തിലെതന്നെ ഏറ്റവും വലിയ സ്മാരകമായിരിക്കും ഇതെന്ന് മുഖ്യമന്ത്രി ഫഡ്നാവിസ് പറഞ്ഞു. ബ്രിഹാന്‍ മുംബൈ കോര്‍പറേഷന്‍ ഉള്‍പ്പടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് അടുത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണ് മഹാരാഷ്ട്രക്കാരുടെ വികാരമായ ശിവജിയുടെ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.

മഹാരാഷ്ട്രക്കാരെ ഒന്നിപ്പിക്കുന്ന വികാരമാണ് 17ാം നൂറ്റാണ്ടിലെ മറാത്ത രാജാവായ ശിവജി. ഇത് മുതലെടുത്താണ് ശിവസേന നിലവില്‍വന്നത്. നോട്ട് നിരോധനത്തെത്തുടര്‍ന്ന് ജനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ കോടികള്‍ ചെലവഴിച്ച് പ്രതിമ നിര്‍മിക്കുന്നത് തിരിച്ചടിയാകുമോയെന്ന ആശങ്കയും ബി.ജെ.പി നേതൃത്വത്തിനുണ്ട്.

പ്രതിമ നിര്‍മാണത്തിനെതിരേ മത്സ്യത്തൊഴിലാളികളും പരിസ്ഥിതി പ്രവര്‍ത്തകരും ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. പ്രധാനമന്ത്രിയുടെ ചടങ്ങിനിടയില്‍ പ്രതിഷേധിച്ചവരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. വരള്‍ച്ചയും കൃഷി നാശവും കൊണ്ട് കഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനുപകരം കോടികള്‍ ചെലവഴിച്ച് പ്രതിമ സ്ഥാപിക്കുന്നതിന്റെ ആവശ്യമുണ്ടോയെന്നാണ് മഹാരാഷ്ട്രയില്‍ ഉയരുന്ന ചോദ്യം. പോഷകാഹാരക്കുറവിനെ തുടര്‍ന്ന് നിരവധി കുഞ്ഞുങ്ങളാണ് മഹാരാഷ്ട്രയിലെ പാല്‍ഘര്‍ മേഖലയില്‍ മരിച്ചത്. മത്സ്യബന്ധനത്തിനും അറബിക്കടലിലെ പാരിസ്ഥിതികാവസ്ഥയ്ക്കും പ്രതികൂലമാണ് ദ്വീപ് നിര്‍മിച്ച് പ്രതിമ സ്ഥാപിക്കുന്ന നടപടിയെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. കോടികള്‍ ദുര്‍വ്യയം ചെയ്യുന്നതിനുപുറമെ മുംബൈ തീരത്തിന്റെ സുരക്ഷയ്ക്ക് കടുത്ത വെല്ലുവിളിയാണ് ഇതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.