അമ്മയില്ലാത്ത വീട്(കഥ-വത്സല നിലമ്പൂർ)

മേശപ്പുറത്തു ഫോട്ടോകളുണ്ട്. അമ്മയോടൊപ്പം ശബരി അങ്കിളും അച്ഛനോടൊപ്പം ജലജ ആന്റിയും. പുഞ്ചിരിച്ചിരിക്കുന്ന അവരുടെ ഇടയിലോ ഓരത്തോ തനിക്ക് ഇടമില്ല. നയന ഈറനണിഞ്ഞ മിഴികളോടെ നിന്നു.
ഇന്ന് ഒരു പ്രധാനപ്പെട്ട ദിവസമാണ്. ആരോടു പറയാന്‍. അകത്ത് തളർന്നു കിടക്കുന്ന മുത്തശ്ശിയോടൊ? അടുക്കളക്കാരി രാധയോടൊ? മുത്തശ്ശിയുടെ ഹോംനേഴ്സ് ലീനയോടൊ? ഷട്ടില്‍ കളിച്ചു വിയർത്തു ചായകോപ്പയുമായി ഉമ്മറത്തിരിക്കുന്ന മുത്തശ്ശിയോടൊ?
അമ്മ ഇരുനൂറിലധികം കിലോമീറ്റര്‍ ദൂരെ. അച്ഛൻ കടലിനക്കരെ. തന്നില്‍ സ്ത്രീത്വം സിന്ദൂരമിട്ട ദിവസമാണ്. ഒന്ന് ചേർത്തു പിടിക്കാൻ അമ്മയോ അഭിമാനം വിരിഞ്ഞ പുഞ്ചിരിയോടെ അച്ഛനോ അരികിലില്ല. നയന മോബയിലിൽ കൂട്ടുകാരി ഐമിയുടെ നബർ തിരഞ്ഞു.
“എന്താ നയനേ ഇത്ര രാവിലെ വിളിക്കുകപതിവില്ലല്ലോ നീ.”
ഐമ ചോദിച്ചു. പിന്നെയും കുറേ നിമിഷങ്ങള്‍ കഴിഞ്ഞാണ് നയന മറുപടി പറഞ്ഞത്.
“ഐമാ ഞാന്‍ ആയി”
“എന്തായി?
” നീ രണ്ട് മാസം മുമ്പ് ആയീലേ അത് എനിക്കും ആയി ”
” എന്നിട്ട്. മുത്തശ്ശിയോട് പറഞ്ഞോ? അമ്മക്ക് ഫോണ്‍ ചെയ്തോ ”
” ഇല്ല. ആരോടും പറഞ്ഞില്ല.”
“നിനക്ക് നാപ്കിനൊക്കെ ഉണ്ടോ. ഞാൻ പറഞ്ഞിരുന്നല്ലോ വാങ്ങിവെക്കാൻ ”
ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി.
അരമണിക്കൂറിനകം ഐമയും മമ്മിയും നയനയുടെ വീട്ടിലെത്തി. ഐമ ഒരു ബിഗ് ഷോപ്പറുമായി അവളുടെ മുറിയിലേക്ക് ചെന്നു. മമ്മി മുത്തശ്ശിയുടെ അറയിലേക്കും.
ഐമ നയനയെ കുളിപ്പിച്ച് നല്ല ഡ്രസ്സ് ധരിപ്പിച്ചു മുത്തശ്ശിയുടെ അറയിലേക്ക് കൊണ്ടുപോയി.
” ന്റെ കുട്ട്യേ നന്നായി വരട്ടെ. മീനത്തിലെ ഭരണിയാണ്. ദേവിയുടെ നാള്. നല്ല ജീവിതംണ്ടാവും”
പിന്നെ മുത്തശ്ശി രാധയോട് പ്രത്യേക മെനു ഒക്കെ പറഞ്ഞുകൊടുത്തു.”നല്ലോണം നെയ്യ് ചേർത്തു അവൾക്ക് ഉളളിചോറ് ഉണ്ടാക്കി കൊടുക്കണംട്ടോ. ദിവസോം മുട്ട പുഴുങ്ങിയതും വേണം.” മുത്തശ്ശൻ കുളിച്ചു വന്നപ്പോള്‍ വീണ്ടും മുത്തശ്ശിയുടെ അറയിൽ മീറ്റിങ്ങുതുടങ്ങി.
“എന്താവാങ്ങേണ്ടത് ഭാനുമതി പറയു. മോൾക്ക് ഒരു കുറവും വരില്ല. ”
” നാളെ പോയി നാലാം കുളി കഴിയുമ്പോള്‍ ഉടുക്കാൻ സെറ്റ് മുണ്ടുവാങ്ങണം. കാതിലേക്ക് എന്റെ വകയായി ഒരു ജോഡി കുടക്കമ്മലും വാങ്ങണം. അവൾടെ അച്ഛന്‍ വീട്ടുകാരെ അറിയിക്കണം. നാലിന് വരാൻ പറയണം. നല്ല സദ്യതന്നെ വേണം. അരുണയെ ഇപ്പത്തന്നെ വിളിച്ചു പറഞ്ഞോളു. വരാതിരിക്കില്ല്യാ. പെറ്റ അമ്മയല്ലെ. സുരേഷ് രാത്രി വിളിക്കേരിക്കും. വെള്ളിയാഴ്ച അല്ലെ അപ്പ പറയാം ”
മുത്തശ്ശൻ എല്ലാം സമ്മതിച്ചു.” ഐമയും അമ്മയും കൂടി നാളെ എന്റോപ്പം ടൗൺ വരെ വരണം. ഈ സ്വർണ്ണൊക്കെ തനിച്ച് പോയിവാങ്ങിയാൽ ശരിയാവില്ല ”
അമ്മയുടെ ഫോൺ വന്നു.
” കൺഗ്രാജുലേഷൻസ് നീനു. നീ വലിയ കുട്ടി ആയില്ലേ. ഇതൊക്കെ വളർച്ചയുടെ ഭാഗമാണ്.ആഘോഷിക്കാനൊന്നും ഉള്ളതല്ല. ഇപ്പോള്‍ കല്യാണം പോലും ആഘോഷിക്കാന്‍ നേരമില്ല ആർക്കും. പിന്നെ ആണോ തെരണ്ടുകല്യാണം. മുത്തശ്ശി ഇഷ്ടപ്രകാരം ആഘോഷിച്ചോട്ടെ. എനിക്ക് വരാന്‍ പറ്റില്ല. അറിയാലോ നിനക്ക് താഴെ പിറക്കാൻ ഒരാള്‍ വളരുന്നുണ്ട് എന്റെ വയറിൽ. ഇപ്പോള്‍ യാത്ര പാടില്ല എന്ന് ഡോക്ടര്‍ വിലക്കി. പിന്നെ എല്ലാ മാസവും പിരിയഡ് വരുമ്പോഴൊക്കെ ആഘോഷിക്കാന്‍ പറ്റുമോ. ശബരിയും നിന്നെ അനുമോദിക്കുന്നു. ടേക്ക് കെയര്‍ ”
നാലാം കുളിയും സദ്യയും കഴിഞ്ഞു. അച്ഛന്റെ ഒരു പെങ്ങളും ഭർത്താവും കോളേജിൽ പഠിക്കുന്ന മകനും വന്നിരുന്നു. അച്ഛന്റെ പെങ്ങൾ ഒരു സ്വർണ വള സമ്മാനിച്ചു. ഐയുടെ മമ്മി ഒരു മോതിരവും. മുത്തശ്ശൻറ സർപ്രൈസ് ഗിഫ്റ്റ് ഒരു മാണിക്യം കെട്ടിയ നെക്ക്ലസ് ആയിരുന്നു. മുത്തശ്ശി കുടക്കമ്മലും നൂറിലധികം വർഷം പഴക്കമുള്ള നാഗപടത്താലിയും….
അച്ഛൻ പെങ്ങളുടെ ഭർത്താവ് പോകാനിറങ്ങിയപ്പോൾ ചേർത്തു പിടിച്ചു.
“ഞാൻ കാണുമ്പോള്‍ ഇവൾ നാലുവയസ്സുളള കുട്ടിയാ. എത്ര വേഗാ പെൺകുട്ടികൾ വളരുക”. ചേർത്തു പിടിച്ച കൈ വളർച്ച നോക്കാനെന്നവണ്ണം വാരിപുറത്തു കൂടുതൽ അമർന്നപ്പോൾ കുതറി മാറി നയന. അവരുടെ മകനും നോട്ടംകൊണ്ട് വിവസ്ത്രയാക്കുന്നുഅസത്ത്.
എല്ലാവരും പോയി. ഫോണ്‍ ഇടക്ക് റിങ്ങ് ചെയ്തുകൊണ്ടിരുന്നു. അമ്മയുടെ നബർ ആണ്. എടുക്കാന്‍ പോയില്ല. അച്ഛനും ജലജാന്റിയും തലേന്ന് വിളിച്ചു അഭിനന്ദിച്ചു. അച്ഛന്റെ ശബ്ദത്തിനുമുന്നിൽ ധൈര്യമെല്ലാം തകർന്നു.
“അച്ഛാ എനിക്കെന്തിനാ കൺഗ്രാജുലേഷൻസ്? എനിക്ക് അച്ഛന്‍ അടുത്തുവേണം. ഒരു കരിവളയെങ്കിലും സമ്മാനം തരാൻ. അച്ഛന്റെ മോള് വലുതായല്ലേ എന്നു ചോദിക്കാന്‍. ഞാന്‍ ജനിക്കും മുമ്പ് അച്ഛനും അമ്മയ്ക്കും പിരിഞ്ഞു കൂടായിരുന്നോ? അച്ഛന് ജലജാന്റിയും അമ്മക്ക് ശബരിഅങ്കിളും ഇപ്പോള്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞും ഉണ്ട്. എനിക്ക് ആരുണ്ടച്ഛാ. മരിക്കാന്‍ കിടക്കുന്ന മുത്തശ്ശി യോ? മുത്തശ്ശനോ? അവരുടെ കാലം കഴിഞ്ഞു പോയാൽ….”
ഫോൺ വലിച്ചെറിഞ്ഞു ഒരു പാട് നേരം കരഞ്ഞു.
പിറ്റേന്ന് ഐമയോടൊപ്പം സ്കൂളിലേക്ക്. ജീവിതം പഴയ ട്രാക്കിലേക്ക് മടങ്ങി എത്തി. മുത്തശ്ശി കൂടുതല്‍ ഉപദേശങ്ങളും കഥകളുമായി അടുത്തിരുത്തി. മുത്തശ്ശൻ കൂടുതല്‍ കരുതൽ കാണിച്ചു. വലിയ കുട്ടി ആയീലോ. ആവശ്യത്തിലേറെ ഉടുപ്പുകളും കോസ്മെററിക്സും ഒക്കെ വാങ്ങിവെക്കും ഇടക്കിടെ.
ഒരു പ്രഭാതം കണ്ണുതുറന്നത് ഹോംനേഴ്സിന്റെ കരച്ചിൽ കേട്ടുകൊണ്ടാണ്. മുത്തശ്ശി എന്ന അത്താണി ഇനിയും ഇല്ല. വരാൻ പറ്റാത്ത ഏക മകള്‍ക്കുപകരം പുലവീട്ടി ബലിയിട്ടു കയറുമ്പോള്‍ ബന്ധങ്ങളുടെ തുഛമായ വില ഓർക്കുകയായിരുന്നു അവൾ.
ഏകനായ മുത്തശ്ശനിലേക്ക് അവൾ കൂടുതല്‍ അടുത്തു. കൂടുതൽ പരിചരിച്ചു. രാത്രികളില്‍ രാധയുണ്ടാവില്ല. മുത്തശ്ശി പോയതോടെ ലീനയും വരാതായി. മുത്തശ്ശന് രാത്രി ഇടക്കിടെ വെള്ളം വേണം. ഇടക്ക് നെഞ്ചില്‍ വേദന. വിക്സ് പുരട്ടി തടവണം. അപ്പോള്‍ അവളെ നെഞ്ചോടു പുണർന്ന് നൊമ്പരപ്പെടും. എനിക്ക് നീയും നിനക്ക് ഞാനുമേ ഉള്ളു.ഒഒരു കൊച്ചുകുട്ടിയെ എന്ന പോലെ ചിലപ്പോള്‍ മുഖം നിറയെ ഉമ്മവെക്കും.
ആ അമ്മയില്ലാത്ത വീട്ടില്‍ ഒരുനാൾ മുത്തശ്ശന്റെ ചുബനങ്ങൾ മുഖം വിട്ടു ചുണ്ടുകളിലും നെഞ്ചിലും അടിവയറിലും ഏറ്റുവാങ്ങി, പിന്നെ ലോക്കുചെയ്ത മുറിയില്‍ ആ അനാഥപെൺകുട്ടി അടിയുടുപ്പുകൾ നഷ്ടം വന്നു രാവുറങ്ങി.
ഫോൺ എവിടെയോ എറിഞ്ഞുകളഞ്ഞു. സ്കൂള്‍ പഠനം നിർത്തി. ആരേയും അഭിമുഖികരിക്കാനുളള ആത്മധൈര്യം നഷ്ടപ്പെട്ടിരുന്നു. മുത്തശ്ശന്റെ പേക്കൂത്തിനിടക്ക് കിട്ടുന്ന ഇടവേളകളില്‍ ആവോളം മരവിപ്പ് ഹൃദയത്തിലേക്ക് ചുമന്നിട്ടു.ചെളിപിടിച്ച കണ്ണാടി പോലെ ആയി മനസ്സ്. ഐമയുടെ മുഖം പോലും അതില്‍ തെളിയുന്നില്ല.
മാസങ്ങൾക്ക് ശേഷം നയന ഫോൺ തപ്പിയെടുത്ത് അമ്മക്ക് മെസേജിട്ടു
“അമ്മാ ഞാന്‍ അമ്മയുടെ അനയനേയോ അനിയത്തിയേയോ പ്രസവിക്കാൻ പോകുന്നു.. പ്രസവിച്ചാൽ അറിയിക്കാം. അമ്മ തന്നെ വേണം ആ കുഞ്ഞിന് നൂലുകെട്ടാൻ.”