മോഹം(കവിത-ഗഫൂർ എരഞ്ഞിക്കാട്ട്‌)

എന്നെങ്കിലും എന്റെ
വാക്കുകൾ കോർത്തൊരു
മാലയെ കൺ കുളിർക്കെ കാണും .
എന്നെങ്കിലും എന്റെ
നോക്കുകൾ കോർത്തൊരു
കാവ്യ ശകലം ഉയർത്തെണീക്കും

ആശകൾ ക്കതിരില്ല മോഹവരമ്പില്ല
ആഗ്രഹങ്ങള വസാനിക്കുന്നില്ല
സ്വപ്നങ്ങൾ കാണുന്നു മോഹങ്ങൾ തോന്നുന്നു
കണ്ണുതുറന്നാലും നിദ്രയിലും .

കൈ വിടാതെ കാലുതെറ്റാതെ
പ്രതീക്ഷയോടെ ഞാൻ അസ്വസ്ഥനായ്‌
ഒരു വട്ടമെങ്കിലും കാണില്ലെ ഞാനെന്റെ
വാക്കുകൾ പൂത്തൊരു നല്ലകാലം .

എങ്കിലും ഞാനിന്ന് ആനന്ദത്തിലാ-
കാനൊരു കാരണം ചൊല്ലിടട്ടെ .
ഈ സ്വപ്ന ലോകത്ത്‌ വിദ്വേഷ വാഹകർ
ഒട്ടുമേ ഇല്ലെന്ന നഗ്ന സത്യം .

അക്ഷരക്കൂട്ടത്തോടൊപ്പം കൂടി ഞാൻ
അക്ഷരത്തോണി തുഴഞ്ഞിടുമ്പോൾ
ആനന്ദലബ്ദിയാൽ മനസിലേക്കെത്തുന്നു
സന്മനോഭാവത്തിൻ പൂങ്കുലകൾ .

സന്മനോഭാവത്തിൻ ചിറക് വിരിക്കുകിൽ
ആശ്വാസമാകും ചിന്തകളും .
അത്യാഗ്രഹത്തിന്നറുതി വരുത്തുകിൽ
മോഹഭംഗം വരാതെ നോക്കാം

ഗഫൂർ എരഞ്ഞിക്കാട്ട്‌