തോറ്റു പോയവർ(കവിത-മിനിസുരേഷ്)

ചില ചിത്രങ്ങൾക്ക് കാലമാണ്
അടിക്കുറിപ്പുകൾ കുറിക്കുന്നത്
വിധിയെ പഴിക്കാത്തവർ
കൊക്കൂണിലൊളിച്ചിരിക്കുന്നവർ.

പ്രതിഷേധത്തിന്റെ,അടിച്ചമർത്തലിൻ
മന:ശാസ്ത്രം പഠിക്കാത്തവർ
അസഹിഷ്ണതയോ,വെറിയോ
പ്രകടിപ്പിക്കാതൊതുങ്ങിക്കൂടുന്നവർ.

കത്തുന്ന പകയുടെ ചൂടറിയാത്തവർ
ശൂന്യതയിലേക്ക് താഴ്ന്നു പോകുമ്പോഴും
കയ്യുയർത്തി നിലവിളിക്കാത്തവർ,
അർത്ഥശൂന്യമാം വെളിപാടുകളിലെന്നും
മരിച്ചവർ, തോറ്റു പോകുന്നവർ.