കടയ്ക്കല്‍: കോടതി ഉത്തരവ് മുഖേന ഭര്‍ത്തൃവീട്ടില്‍ താമസമാക്കിയ വീട്ടമ്മയും രണ്ട് മക്കളും വെള്ളവും വൈദ്യുതിയുമില്ലാതെ, പുറത്തിങ്ങാന്‍ പോലുമാകാതെ നരകയാതന അനുഭവിക്കുന്നു.
കടയ്ക്കല്‍ പൊലീസ് സ്റ്റേഷന്റെ പരിധിയില്‍ കുമ്മിള്‍ ടൗണിന് സമീപം കൊട്ടാര സദ്യശ്യമായ വീട്ടിലാണ് പന്ത്രണ്ടും ആറും വയസുള്ള രണ്ട് കുട്ടികളോടൊപ്പം 34 കാരിയായ വീട്ടമ്മ കഴിയുന്നത്. ഇവര്‍ ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി. ഭര്‍ത്താവ് വിദേശത്തായിരുന്ന സന്ദര്‍ഭത്തില്‍ ഭര്‍ത്തൃവീട്ടുകാരുമായി ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവതിയും കുട്ടികളും പലകുറി കല്ലമ്ബലം തലവിളമുക്കിലെ കുടുംബ വീട്ടിലേയ്ക്ക് പോയെങ്കിലും പിന്നീട് ബന്ധുക്കള്‍ ഇടപെട്ട് ഭര്‍ത്തൃവീട്ടില്‍ തിരിച്ചെത്തിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ഒക്ടോബറിലും ഇവര്‍ ഭര്‍ത്തുവീട്ടുകാരുമായി പിണങ്ങി സ്വന്തം വീട്ടില്‍ പോയിരുന്നു. അപ്പോള്‍ ഭര്‍ത്താവ് നാട്ടിലുണ്ടായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ അഭിഭാഷകന്‍ മുഖേന ലഭിച്ച കത്തില്‍ മുസ്ലീം വ്യക്തി നിയമ പ്രകാരം യുവതിയെ മൊഴിചൊല്ലിയതായി പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് കുടുംബകോടതിയില്‍ കേസുണ്ട്. കേസ് നിലനില്‍ക്കേ യുവതിക്കും കുട്ടികള്‍ക്കും ഭര്‍ത്തൃവീട്ടില്‍ താമസിക്കാമെന്ന് ചടയമംഗലം ഗ്രാമകോടതി ഉത്തരവിട്ടു. ഇത് ഭര്‍ത്താവ് കോടതിയില്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് അവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ താമസിക്കാന്‍ ഇടക്കാല ഉത്തരവ് നേടുകയും ചെയ്തു.
എന്നാല്‍ കോടതി വിധിയുമായി മക്കളോടൊപ്പം ഭര്‍ത്തൃവീട്ടില്‍ താമസിക്കാന്‍ ചെന്ന വീട്ടമ്മ കണ്ടത് ഭര്‍ത്താവിന്റെ പുതിയ ഭാര്യയെയാണ്. ഇതിനിടയില്‍ ഭര്‍ത്താവ് വീട്ടില്‍ നിന്ന് താമസം മാറ്റിയതായും യുവതി പറയുന്നു. താമസിക്കാന്‍ മാത്രമേ കോടതി അനുമതി നല്‍തിയിട്ടുള്ളൂവെന്നും വെള്ളവും വെളിച്ചവും നല്‍കണമെന്ന് പറഞ്ഞിട്ടില്ലെന്നുമാണ് ഭര്‍ത്തൃവീട്ടുകാരുടെ വാദം. ഇപ്പോള്‍ വല്ലപ്പോഴും തന്റെ വീട്ടില്‍ നിന്ന് ബന്ധുക്കളാരെങ്കിലും വെളിയില്‍ കൊണ്ടുവന്ന് നല്‍കുന്ന ഭക്ഷണമാണ് ഇവരുടെ ആശ്രയം. കുട്ടികള്‍ക്ക് പോലും പുറത്തിറങ്ങാന്‍ കഴിയുന്നില്ല. കുടിവെള്ളം പോലും ഇവര്‍ക്ക് ലഭ്യമല്ല.