‘ആരില്‍ നിന്നും രോഗം പകരാം’ :ജീവന്റെ വിലയുള്ള ജാഗ്രത മുദ്രാവാക്യവുമായി ബ്രേക്ക് ദി ചെയിന്‍

തിരുവനന്തപുരം:‘ജീവന്റെ വിലയുള്ള ജാഗ്രത’ എന്ന മുദാവാക്യം ഉയര്‍ത്തി ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

കോറോണ വൈറസ് രോഗികളില്‍ 60 ശതമാനത്തോളം പേരും രോഗലക്ഷണമില്ലാത്തവരാണ്. അതിനാല്‍ കോവിഡ് വ്യാപനത്തിന്റെ ഈ ഘട്ടത്തില്‍ ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിനിന്റെ ഭാഗമായി ‘ആരില്‍ നിന്നും രോഗം പകരാം’ എന്ന ഒരു പ്രധാന ജാഗ്രത നിര്‍ദ്ദേശം കൂടി പൊതുജനങ്ങള്‍ക്ക് നല്‍കുകയാണ്.

നമ്മള്‍ ഓരോരുത്തരും ദിവസവും സമ്ബര്‍ക്കം പുലര്‍ത്തുന്ന മാര്‍ക്കറ്റുകള്‍, തൊഴില്‍ ഇടങ്ങള്‍, വാഹനങ്ങള്‍, ആശുപത്രികള്‍, പൊതു സ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍നിന്ന് ആരില്‍ നിന്നും ആര്‍ക്കും രോഗം പകരാനിടയുണ്ട്. അതുകൊണ്ട് ഒരാളില്‍ നിന്നും മിനിമം രണ്ടു മീറ്റര്‍ അകലം പാലിച്ചുകൊണ്ട് സ്വയം സുരക്ഷിത വലയം തീര്‍ക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.

ഇടപഴകുന്ന എല്ലാ സ്ഥലങ്ങളിലും ചുറ്റും രണ്ട് മീറ്റര്‍ അകലം ഉറപ്പുവരുത്തണം. ഈ സുരക്ഷിത വലയത്തിനുള്ളില്‍ നിന്നു കൊണ്ട് മാസ്‌ക് ധരിച്ചും സോപ്പ്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ച്‌ കൈകള്‍ അണുവിമുക്തമാക്കിയും വൈറസ് വ്യാപനത്തിന്റെ കണ്ണി പൊട്ടിക്കുന്നത് ശക്തമാക്കണം. ആള്‍കൂട്ടം ഒരു കാരണവശാലും അനുവദിക്കരുത്.

രോഗവ്യാപനത്തിന്റെ ഈ ഘട്ടത്തില്‍ ലോകത്തിലെ പ്രധാന രാജ്യങ്ങളിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും വലിയ തോതില്‍ മരണങ്ങള്‍ ഉണ്ടാവുകയാണ്. ഈ ഘട്ടത്തിലും നമുക്ക് മരണനിരക്ക് വളരെ കുറച്ചു നിര്‍ത്താന്‍ കഴിയുന്നത് നമ്മള്‍ പുലര്‍ത്തുന്ന ജാഗ്രത കൊണ്ടാണ്. ഈ ജാഗ്രതയ്ക്ക് നമ്മുടെ ജീവന്റെ വിലയുണ്ട്. അതുകൊണ്ട് ഈ മുദ്രാവാക്യം എല്ലാവരും ഏറ്റെടുത്തു കൊണ്ട് നമുക്ക് കോവിഡ് 19ന് എതിരായ പ്രതിരോധം ശക്തമായി തുടരാമെന്ന് അദ്ദേഹം പറഞ്ഞു.