ആമിയോടൊത്ത് ( കവിത-സത്യൻ എരവിമംഗലം)

എത്രയെത്ര സംവത്സരങ്ങളല്ലേ
ചിതറിത്തെറിച്ച മഞ്ചാടിമണികളായി.
ഈരയിൽ മുത്തെന്നപോൽ
കോർത്തെടുക്കട്ടെഞ്ഞാൻ
വാസനത്തൈലവും പൂശാം
നിത്യ സുഗന്ധിയായ് തീർന്നിടട്ടേ.

ആമി നീയെന്നും നിലാവിന്റെ തോഴി
മഴയുടെ പൂവിന്റെ രാവിന്റെ തോഴി.
നിശാ ശലഭങ്ങളെ നീർമാതളങ്ങളെ
ഇലചാർത്തിലിറ്റിറ്റു വീഴാൻ കൊതിക്കും
മഞ്ഞു കണങ്ങളെ സദാ പ്രണയിച്ചവൾ.
നിന്റെ മൗനങ്ങൾ വേഴാമ്പലുകളായ്
ദാഹനീർതേടി അലഞ്ഞലഞ്ഞേ പോയ്‌.

ഒന്നുമേ കണ്ടില്ലല്ലോ നീ
രാവുകനക്കുന്നതും
മാറിടം കേഴുന്നതും
പേനായ്ക്കൾ മോങ്ങുന്നതും
പാപനര പെരുകുന്നതും
ഉടലുകൾ വേവുന്നതും.

പുഞ്ചിരിക്കുന്നോ നീ
ചേർത്തു ചേർത്തണക്കുന്നുവോ
മുലപ്പാൽ ചുരത്തുന്നുവോ
കനലണയുന്നുവോ പ്രാണനുയിർക്കുന്നുവോ
കുടമുല്ല പൂക്കുന്നുവോ.

ആമി നീ മഹാജ്ഞാനി.
പകർന്നാടുക ഋതുക്കൾ തോറും.
പിറക്കുക പൂക്കളായ് ശലഭങ്ങളായ്.
ഇറ്റിറ്റു വീഴുക നറു തേൻ കണങ്ങളായ്.