കോവിഡ് പ്രതിരോധം മറ്റൊരു യുദ്ധം; മാസ്‌ക് ധരിക്കണമെന്ന് ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ മാസ്‌ക് ധരിക്കണമെന്ന് ഓര്‍മപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മാന്‍ കി ബാത്തിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

മാസ്‌ക് ധരിക്കുന്നതില്‍ അലസത പാടില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി മാസ്‌ക് ധരിച്ച് മടുക്കുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകരുടെ പരിശ്രമത്തെപ്പറ്റി ഓര്‍ക്കണമെന്നും പറഞ്ഞു.

മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും തുടരണം. രാജ്യത്ത് ലക്ഷക്കണക്കിന് പേരുടെ ജീവന്‍ രക്ഷിക്കാനായി, എന്നാല്‍ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരെ അനുസ്മരിക്കുകയും ചെയ്ത അദ്ദേഹം ഇന്ത്യയുടെ സൗഹൃദം പാകിസ്ഥാന്‍ പിന്നില്‍ നിന്ന് കുത്തുകയായിരുന്നുവെന്നും പറഞ്ഞു. 21 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസം നമ്മുടെ സൈന്യം കാര്‍ഗില്‍ യുദ്ധത്തില്‍ വിജയം നേടി. പാകിസ്താനുമായി നല്ല ബന്ധം പുലര്‍ത്താനാണ് ഇന്ത്യ അന്ന് ശ്രമിച്ചിരുന്നത്. എന്നാല്‍ ഒരുകാരണവുമില്ലാതെ ശത്രുത പുലര്‍ത്തുന്നത് ദുഷ്ടന്മാരുടെ സ്വഭാവമാണ്.

അകാരണമായ ശത്രുത പാകിസ്ഥാന്റെ സ്വഭാവമാണെന്ന് മോദി പറഞ്ഞു. ഇന്ത്യയുടെ ഭൂമി പിടിച്ചെടുക്കാനും ആഭ്യന്തര കലഹങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുമുള്ള ദുഷിച്ച പദ്ധതികളോടെയാണ് പാകിസ്ഥാന്‍ ഈ നീക്കം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

രക്ഷാബന്ധന്‍ വരികയാണ്. പ്രാദേശികമായ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പദ്ധതികളുമായി രക്ഷാബന്ധന്‍ ആഘോഷിക്കാനുള്ള ശ്രമങ്ങള്‍ പലരും നടത്തുന്നു. ഇത് ശരിയായ തീരുമാനമാണ്. നമ്മുടെ സമൂഹത്തിലും അയല്‍ക്കാര്‍ക്കും വ്യാപാരം വിപുലീകരിക്കുന്നതിലാണ് ഉത്സവം ആഘോഷിക്കുന്നതിലെ സന്തോഷം വര്‍ധിപ്പിക്കുന്നതെന്നും മോദി പറഞ്ഞു.