ഇക്ഷ്വാകുവംശത്തിന്റെ യുവരാജാവ് (സ്വപ്ന.കെ.സുധാകരൻ)

വായന-രണ്ടാം അദ്ധ്യായം
സ്വപ്ന.കെ.സുധാകരൻ
ഇന്നത്തെ വായനയിൽനിന്നു മറ്റൊരുകാര്യം പിടികിട്ടി.
അമീഷ് ‘നോൺ-ലീനിയർ’രീതിയിലാണ് കഥപറയുന്നത്.. അതായതു, കഥനടക്കുന്ന അതേക്രമത്തിലല്ലായെന്നു സാരം!
അതുകൊണ്ടു മുപ്പത്തിമൂന്നുവർഷം പുറകോട്ടു സഞ്ചരിച്ച്, ഞാനിപ്പോൾ, സപ്‌തസിന്ധുവിലാണ് എത്തിനില്ക്കുന്നത്!
അവിടെ, തലസ്ഥാനമായ അയോദ്ധ്യയിൽ, കോസലരാജനായ ദശരഥനപ്പോൾ ആശങ്കയുടെ തീനാളങ്ങളിലകപ്പെട്ടിരിക്കുന്നു. യുദ്ധോത്സുകനായ രാജാവിന് തിരിച്ചടിയേറ്റനിമിഷങ്ങൾ! തന്റെ പിതാവായ അജൻ, ശക്തമാക്കിയ സാമ്രാജ്യത്തെ ശത്രുക്കൾ നശിപ്പിക്കാൻതുടങ്ങിയിക്കുന്നു. (അമീഷ് ആ ഭാഗം നന്നായി വിവരിച്ചിട്ടുണ്ട് ).
“ഭൂമിയെരിച്ചുകളഞ്ഞുള്ള യുദ്ധതന്ത്രത്തിൽ”, ഭക്ഷണമാകേണ്ടതെല്ലാം അഗ്നിക്കിരയായിക്കഴിഞ്ഞു. ഇങ്ങനെയായാൽ അഞ്ചുലക്ഷം ഭടന്മാരുള്ള സൈന്യത്തെ തീറ്റിപ്പോറ്റാനാകില്ലായെന്ന സത്യം ദശരഥനെ ചിന്തയിലാഴ്ത്തുകയാണ്. (രാജ്യത്തിന്റെ അസ്തിത്വവും, അതു കാക്കുന്നവരുടെ വയറും ഒന്നുപോലെ മുറവിളികൂട്ടുമ്പോൾ, ഏത് രാജാവും നടുങ്ങും). സർവ്വസൈന്യാധിപൻ മൃഗാസ്യനും, പ്രിയമിത്രം (അതിലുപരി പ്രിയപത്നിയായ കൈകേയിയുടെ പിതാവുമായ) കേകയരാജാവുംകൂടി എത്ര ആലോചിച്ചിട്ടും, കേവലമൊരു കച്ചവടക്കാരനായ കുബേരന്റെ യുദ്ധതന്ത്രം മനസ്സിലാകുന്നില്ല!
യുദ്ധത്തിൽ പിടിച്ചെടുക്കുന്ന ധനം രാജാവിനെങ്കിൽ, കച്ചവടത്തിന്റെ ലാഭം വണിക്കിനുതന്നെ! രാജാവിനുവേണ്ടി കച്ചവടംചെയ്യുമ്പോൾ, അതിൽനിന്നുള്ള വീതംവയ്പ്പിനു കണക്കുകളുണ്ട്! (വർണ്ണവ്യത്യാസങ്ങളും, അതിനെ പരിപോഷിപ്പിക്കുന്ന വികലമായചിന്തകളും, അമീഷിവിടെ പ്രതിപാദിക്കുന്നുണ്ട്).
എന്നാൽ കുബേരൻ കണക്കുകൾ തെറ്റിച്ചിരിക്കുന്നു! അജനു കൃത്യമായിക്കൊടുത്തുകൊണ്ടിരുന്ന വാർഷികവിഹിതം, ദശരഥൻ രാജാവായപ്പോൾ കുബേരൻ ഏകപക്ഷീയമായി വെട്ടിക്കുറച്ചിരിക്കുന്നു!
അച്ഛന്റെ സാമ്രാജ്യത്തിന്റെ ആണിക്കല്ല്, മകന്റെ പിടിപ്പുകേടുകൊണ്ടിളകുമോയെന്ന് ദശരഥൻ ഭയന്നു!
(ഏതു യുദ്ധമൊഴിവാക്കാനും ഒരു ചർച്ച നല്ലതാണല്ലോ..!) കുബേരനുമായുള്ള കൂടിക്കാഴ്ചയൊരുങ്ങി. (അമീഷിന്റെ കുബേരൻ സത്യത്തിൽ, ശിശുസഹജമായ, ചിരിക്കുന്നമുഖമുള്ള കുബേർകുഞ്ചിയെന്ന കുടവയറനെയോർമ്മിപ്പിക്കുന്നു). ദശരഥൻ കോപംകൊണ്ടു ജ്വലിക്കുകയാണ്:
“നിന്റെ വൃത്തികെട്ട വ്യാപാരതന്ത്രങ്ങൾ എന്നോട് പ്രയോഗിക്കരുത്..ഞാൻ കച്ചവടക്കാരനല്ലാ; ചക്രവർത്തിയാണ്. സംസ്കാരമുള്ളവർക്ക്, അതിന്റെ വ്യത്യാസമറിയാം”
(അധികാരത്തിനുമേൽ പരുന്തും പറക്കില്ലായെന്ന അലിഖിതനിയമത്തിന്റെ നിസ്സഹായതയിവിടെ വ്യക്തമാണ്)
കുബേരൻ തനിക്കുമുന്പിൽ ബലഹീനനാകുന്നത് ദശരഥനെ ഹരം കൊള്ളിച്ചനിമിഷം, അതുവരെ മൗനംപാലിച്ച് ഇതെല്ലാം കണ്ടുകൊണ്ടിരുന്ന കുബേരന്റെ സൈന്യാധിപൻ, എഴുന്നേറ്റുനിന്നു. ഉയരംകൊണ്ടു ഭയം ജനിപ്പിക്കുന്ന, വസൂരിക്കലയും വെട്ടേറ്റപാടുകളും; താഴേക്കിറങ്ങിയ മീശയും അയാളുടെ ഭീകരമായ രൂപത്തെ കൂടുതൽ ഭയാനകമാക്കി! അയാളുടെ കഴുത്തിലെ മാലയിൽ, കോർത്തിരിക്കുന്നത് മനുഷ്യവിരലുകളുടെ രണ്ടസ്ഥിഖണ്ഡങ്ങളായിരുന്നു! ചോരയൂറ്റിക്കുടിക്കുന്ന രാക്ഷസന്മാരെക്കുറിച്ചു കേട്ടിട്ടുള്ള ദശരഥൻ അന്നാദ്യമായി അയാളുടെ ആക്രോശത്തിൽ നടുങ്ങി!
യുദ്ധത്തിന്റെ ധ്വനിമുഴക്കിക്കൊണ്ട്‌, ആ രംഗമൊഴിഞ്ഞപ്പോൾ ദശരഥന്റെയുള്ളിൽ ഭീതിയുടെ സ്ഫുലിംഗം വിതച്ചവൻ മറ്റാരുമല്ല, സാക്ഷാത് രാവണൻ ( പലപ്പോഴും വില്ലന്റെ എൻട്രിക്ക് ഗുമ്മുകൂടും)
ഒരുവശത്ത് പ്രതിനായകനൊരുങ്ങുമ്പോൾ മറുവശത്ത് നായകനും അവതരിക്കണം! നീണ്ടപതിനഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ദശരഥന്റെ പ്രഥമപത്നിയായ കൗസല്യ ഗർഭിണിയാണ് ( അതിനോടകം ദശരഥൻ, കേകയരാജാവായ അശ്വപതിയുടെപുത്രി കൈകേയിയേയും, കാശിയിലെ രാജകുമാരിയായ സുമിത്രയേയും വിവാഹംകഴിച്ചിരുന്നു)!
തന്നെ വെല്ലുവിളിച്ച രാവണന്റെ ശരീരം വെട്ടിയരിഞ്ഞ് ഓടയിലെ പന്നികൾക്കും തെരുവുനായ്ക്കൾക്കുമിട്ടുകൊടുക്കുവാൻ ദശരഥൻ കലിപൂണ്ടപ്പോൾ, പ്രിയപത്നിയായ കൈകേയി ധൈര്യംപകർന്നു.
അവിടെ അന്ത:പുരത്തിലപ്പോൾ കൗസല്യയുടെ പേറ്റുനോവുകണ്ടു രാജചികിത്സകയായ നീലാഞ്ജന പരശുരാമനോടു മനമുരുകി പ്രാർത്ഥിച്ചു!