വൈറസ് ബാധിതരുടെ എണ്ണം പതിനഞ്ച് ലക്ഷം കടന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 768 പേര്‍, മരണസംഖ്യ 34000 കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം പതിനഞ്ച് ലക്ഷം കടന്നു. കേന്ദ്ര ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 15.31 ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 768 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 34193 ആയി ഉയര്‍ന്നു. നിലവില്‍ 509447 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 988030 പേരാണ് രോഗമുക്തി നേടിയത്.

അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10333 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 232277 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 7717 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 282 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.

ബംഗാളില്‍ അനുദിനം കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 2134 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 62000 കടന്നു. ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 62964 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം ഇതുവരെ 1449 പേരാണ് മരിച്ചത്. നിലവില്‍ 19493 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 42022 പേരാണ് രോഗമുക്തി നേടിയത്